Connect with us

Kerala

ആശുപത്രിയിലെ വധശ്രമം: അനുഷ റിമാൻഡിൽ; എത്തിയത് യുവതിയെ കൊല്ലാൻ ഉറച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയാണെന്നും റിമാൻഡ് റിപ്പോർട്ട്

Published

|

Last Updated

പത്തനംതിട്ട | നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തി യുവതിയെ ഒഴിഞ്ഞ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ കായംകുളം സ്വദേശിനി അനുഷയെ റിമാൻഡ് ചെയ്തു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തുടർന്ന് അനുഷയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.

കായംകുളം സ്വദേശിനിയായ സ്നേഹയെ കൊല്ലാൻ ഉറച്ചാണ് അനുഷ ആശുപത്രിയിൽ എത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്ക് സ്നേഹയുടെ ഭർത്താവ് അരുണുമായുള്ള അടുപ്പമാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയാണ്. അനുഷക്ക് വൈദ്യശാസ്ത്രപരമായ അറിവുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രസവശേഷം ആശുപത്രി വിടാന്‍ ഒരുക്കത്തിലായിരുന്ന പുല്ലുകുളങ്ങര സ്വദേശിന സ്‌നേഹ (25) ക്കെതിരെയാണ് കൊലപാതക ശ്രമമുണ്ടായത്. നാല് ദിവസം മുമ്പ് പ്രസവത്തിന് അഡ്മിറ്റായ സ്‌നേഹ ഇന്നലെ ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് നഴ്സിന്റെ വേഷമിട്ടെത്തിയ പ്രതി കൊലപാതകം നടത്താൻ ശ്രമിച്ചത്.

നവജാത ശിശുവിന് നിറം മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഉടന്‍ കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. ഇതോടെ സ്‌നേഹ മാതാവിനോടൊപ്പം ആശുപത്രിയില്‍ കാത്തിരിക്കുമ്പോഴാണ് അനുഷ നഴ്‌സ് വേഷത്തില്‍ സിറിഞ്ചില്‍ വിഷവുമായി എത്തിയതും, കുത്തിവെപ്പിനു ശ്രമിച്ചതും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ സ്‌നേഹക്ക് ഇനിയെന്തിനാണ് കുത്തിവെപ്പെന്ന് ഇവരുടെ മാതാവ് ചോദിച്ചു. കുത്തിവെക്കാന്‍ നഴ്‌സ് കാട്ടിയ ധൃതിയില്‍ സംശയം തോന്നിയ മാതാവ് ബഹളം വെക്കുകയും, ആശുപത്രി ജീവനക്കാര്‍ സ്ഥലത്തെത്തി അനുഷയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

---- facebook comment plugin here -----

Latest