Connect with us

Web Special

ദുരിതപര്‍വത്തില്‍ ഞെരിഞ്ഞമര്‍ന്ന് സുഡാനിലെ ആശുപത്രികള്‍

ജനല്‍ വഴി ആശുപത്രിയിലേക്ക് വര്‍ഷിക്കുന്ന വെടിയുണ്ടകള്‍ക്കും ഷെല്ലുകള്‍ക്കും ഇടയില്‍ നിന്നാണ് ഡോ.അല്‍ഹിന്ദിയും സഹപ്രവര്‍ത്തകരും പരുക്കേറ്റവരെ ശുശ്രൂഷിച്ചത്. ചുഴലിക്കാറ്റ് പോലെയായിരുന്നു വെടിയുണ്ടകള്‍ വര്‍ഷിച്ചത്.

Published

|

Last Updated

നീലവാനിലേക്ക് ചിന്നിച്ചിതറുന്ന ആദ്യ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ 40കാരനായ അല്‍ഹിന്ദി സആദ് മുസ്തഫയെന്ന സുഡാനി ഡോക്ടര്‍, ഖര്‍ത്വൂമിലെ അല്‍ മുആലിം മെഡിക്കല്‍ സിറ്റിയില്‍ തിരക്കേറിയ ജോലിയിലായിരുന്നു. ഖര്‍ത്വൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കി മീ അകലെയുള്ള സ്വകാര്യ ആശുപത്രിയാണിത്. സുഡാന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍ എസ് എഫ്) തമ്മിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രം കൂടിയാണ് വിമാനത്താവളം. ഏപ്രില്‍ 15ന് രാവിലെ ഒമ്പതോടെയാണ് ഡോ.അല്‍ഹിന്ദി ആദ്യ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നത്.

ആശുപത്രിയിലെ ഷെൽ വർഷം

കാര്യമറിയാന്‍ ഉടനെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍, വിമാനത്താവളത്തില്‍ നിന്ന് കറുത്ത കട്ടപ്പുക ഉയരുന്നതാണ് ഡോക്ടര്‍ കണ്ടത്. പിന്നീട് കണ്ടത് ആര്‍ എസ് എഫ് വാഹനങ്ങള്‍ ആശുപത്രി വളയുന്ന കാഴ്ചയാണ്. ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരനോ രോഗിക്കോ പുറത്തേക്ക് പോകാന്‍ കഴിയും മുമ്പ് സൈനികര്‍ ആശുപത്രി വളഞ്ഞു. 200 ജീവനക്കാരും 150 രോഗികളുമാണ് ഈ സമയം ആശുപത്രിയിലുണ്ടായിരുന്നത്. സാധാരണ പോലെയാണ് ശനിയാഴ്ചയും പുലര്‍ന്നത്. ആക്രമണത്തിന്റെയോ സംഘര്‍ഷത്തിന്റെയോ സാധ്യത സിവിലിയന്‍മാര്‍ക്കൊന്നും അറിയാന്‍ സാധിച്ചുമില്ല. ആദ്യ സ്‌ഫോടനം കഴിഞ്ഞ് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടതോടെ ഭീകരാവസ്ഥയാണ് സുഡാനിലെ ജനങ്ങള്‍ സാക്ഷികളായത്. മണിക്കൂറുകള്‍ക്കകം തല മുതല്‍ പാദം വരെ രക്തത്തില്‍ കുളിച്ച് നൂറുകണക്കിന് പേരെയാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഡോ.അല്‍ഹിന്ദി പറയുന്നു. ജനല്‍ വഴി ആശുപത്രിയിലേക്ക് വര്‍ഷിക്കുന്ന വെടിയുണ്ടകള്‍ക്കും ഷെല്ലുകള്‍ക്കും ഇടയില്‍ നിന്നാണ് ഡോ.അല്‍ഹിന്ദിയും സഹപ്രവര്‍ത്തകരും പരുക്കേറ്റവരെ ശുശ്രൂഷിച്ചത്. ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇതെന്ന് ഡോക്ടര്‍ പറയുന്നു. ചുഴലിക്കാറ്റ് പോലെയായിരുന്നു വെടിയുണ്ടകള്‍ വര്‍ഷിച്ചത്. സാധ്യമായതെല്ലാം ചെയ്യാന്‍ ഉറപ്പിച്ചു. എന്നാല്‍, നിരവധി പേര്‍ കണ്‍മുന്നില്‍ മരിച്ചു. അതിരൂക്ഷ ആക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം നശിച്ചിട്ടുണ്ട്. എല്ലാവരെയും താഴത്തെ നിലയിലേക്ക് മാറ്റേണ്ടി വന്നു.

രോഗികളെ വീട്ടിലേക്ക് അയക്കാനും ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയുടെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനും പരുക്കേറ്റവരെ കൊണ്ടുവരാന്‍ ആംബുലന്‍സ് അയക്കാനുമാണ് ആദ്യഘട്ടത്തില്‍ ആശുപത്രി മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍, അനങ്ങാന്‍ കഴിയും മുമ്പ് തെരുവ് യുദ്ധക്കളമായി മാറി. ആശുപത്രിയില്‍ നിന്ന് സുരക്ഷിതമായി പുറത്ത് പോകുക പ്രയാസകരമായി. മിനുട്ടുകള്‍ക്കകം, ശരീരം നിറയെ മുറിവുകളുമായി സൈനികര്‍ എത്താന്‍ തുടങ്ങി. പരുക്കേറ്റ 300 പുരുഷന്മാരാണ് ആശുപത്രി കവാടങ്ങളിലൂടെയെത്തിയത്. അടുത്ത നാല് ദിവസം ആശുപത്രിക്ക് ചുറ്റുമുള്ള പോരാട്ടം ശക്തമായെങ്കിലും, രോഗികളെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കാനുള്ള ശ്രമം ആശുപത്രി അധികൃതര്‍ തുടര്‍ന്നു. ക്രമേണ, ഭക്ഷണവും കുപ്പിവെള്ളവും തീര്‍ന്നു. മരുന്നും മറ്റ് അവശ്യവസ്തുക്കളും ഉപകരണങ്ങളും ദുര്‍ലഭമായിത്തുടങ്ങി. പരുക്കേറ്റവരും നിത്യരോഗികളും മരണവുമായി മല്ലിടുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാരടക്കം മരവിച്ചുപോയ അവസ്ഥയിലായിരുന്നു.

രണ്ടാം ജന്മത്തിന്റെ പാലം കടന്ന്

ചൊവ്വാഴ്ചയോടെ ഇരു സൈനിക വിഭാഗങ്ങളും വെടിനിര്‍ത്തലിലെത്തി. ഉടനെ ഡോ.അല്‍ഹിന്ദിയും ഒരു സഹപ്രവര്‍ത്തകനും കൂടി വീടുകളിലേക്ക് തിരിച്ചു. ഖര്‍ത്വൂമിന്റെ ഇരട്ട നഗരമായ ഒംദുര്‍മനിലായിരുന്നു വീട്. സുഹൃത്തുക്കളും രണ്ട് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഇവര്‍ക്കൊപ്പം കാറില്‍ കയറി. നൈല്‍ നദി മുറിച്ചുകടക്കാനാകുമെന്ന് ഇവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ അസ്തമിക്കുന്ന തരത്തില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചു. ഒടുവില്‍, ബുര്‍റി എന്ന സമീപ പ്രദേശത്തെ ഒഴിഞ്ഞ മെഡിക്കല്‍ കേന്ദ്രത്തില്‍ ഇവര്‍ അഭയം തേടി. ആശുപത്രിയിലെ അവസ്ഥയേക്കാള്‍ ഭീകരമായിരുന്നു ഇവിടെ. കവാടത്തിലുടനീളം മൃതദേഹങ്ങള്‍ നിരനിരയായി കിടക്കുന്ന ഭീകര കാഴ്ച. ഉടനെ ആ മെഡിക്കല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചു. പാര്‍പ്പിട കേന്ദ്രങ്ങളോ സമീപത്തെ പള്ളിയോ ആയിരുന്നു ലക്ഷ്യം. റോഡിലൂടെ നടന്നുപോകുക അപകടമായിരുന്നു. ആ രാത്രി അഞ്ചംഗ സംഘം ഭാഗ്യത്തിനാണ് വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടത്. ഒടുവില്‍ ആശുപത്രിയുടെ നിലവറയില്‍ ഇവര്‍ അഭയം തേടി. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു അത്.

ബുധനാഴ്ച വീണ്ടും വെടിനിര്‍ത്തല്‍ ശ്രമമുണ്ടായതോടെ ഉച്ചതിരിഞ്ഞ് അഞ്ചംഗ സംഘം പുറപ്പെട്ടു. പോകുന്നവഴി രണ്ടിടത്ത് ആര്‍ എസ് എഫുകാര്‍ വാഹനം നിര്‍ത്തി പരിശോധിച്ചു. ഒടുവില്‍ ഒംദുര്‍മനിലേക്കുള്ള പാലം കടന്നു. രണ്ടാം ജന്മത്തിന്റെ പാലം കൂടിയായിരുന്നു അത്. മാതാവിനെയും ഭാര്യയെയും മക്കളെയും വീണ്ടും കാണാനാകില്ലെന്ന് വിചാരിച്ചതെന്ന് മുസ്തഫ പറഞ്ഞു. രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം ചേര്‍ന്നെങ്കിലും, ആരോഗ്യ സംവിധാനം തകരുന്നതില്‍ ആ ഡോക്ടറുടെ ഹൃദയം മുറിഞ്ഞിരുന്നു. ഡോ.മുസ്തഫയുടെ സഹപ്രവര്‍ത്തകര്‍ ബാക്കിയുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മരുന്നും മറ്റും തീര്‍ന്നതോടെ അല്‍ മുആലിം ആശുപത്രി പൂട്ടി. സാധ്യമായ എവിടെയും സേവനം ചെയ്യാന്‍ തയ്യാറാണെന്ന് ഡോ.അല്‍ഹിന്ദി മുസ്തഫ പറയുന്നു. സമാന മനസ്‌കരായ മറ്റ് നിരവധി ഡോക്ടര്‍മാരും ജീവനക്കാരുമുണ്ട്. ഒംദുര്‍മനിലെ ഒരു ആശുപത്രി വീണ്ടും തുറക്കാന്‍ ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ശ്രമിക്കുകയാണ് മുസ്തഫ.

ആശുപത്രികൾ പ്രവർത്തനരഹിതം

ഏറ്റുമുട്ടല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ ഖര്‍ത്വൂം നഗരത്തിലെ ഡസന്‍കണക്കിന് ആശുപത്രികളുടെ സേവനം നിലച്ചിട്ടുണ്ട്. ആരോഗ്യപരിപാലന സംവിധാനം മരവിച്ച മട്ടാണ്. സുഡാനില്‍ രൂപപ്പെട്ട മനുഷ്യദുരിതത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് ഡോക്ടര്‍മാരും അന്താരാഷ്ട്ര മാനവിക സംഘങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. ഖര്‍ത്വൂമിലെയും സമീപ പ്രവിശ്യകളിലെയും 59 ആശുപത്രികളില്‍ 39 എണ്ണവും (70 ശതമാനം) പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി സെന്‍ട്രല്‍ കമ്മിറ്റി ഓഫ് സുഡാനീസ് ഡോക്ടേഴ്‌സും സുഡാന്‍സ് ഡോക്ടേഴ്‌സ് യൂനിയനും അറിയിച്ചിട്ടുണ്ട്. രക്തം, മെഡിക്കല്‍ ഉപകരണം, മരുന്ന് എന്നിവ ആശുപത്രികളില്‍ തീര്‍ന്നുപോയിട്ടുണ്ടെന്ന് ഡബ്ല്യു എച്ച് ഒ പറയുന്നു. പല ആശുപത്രികളിലെയും ഓക്‌സിജന്‍ സ്‌റ്റേഷനുകള്‍ നശിപ്പിച്ചിട്ടുണ്ട്. പുതുതായി ഒരു മരുന്നും എത്തുന്നില്ല, വൈദ്യുതി, വെള്ള, ഭക്ഷണം തുടങ്ങിയവയുടെ ക്ഷാമവും രൂക്ഷമാണ്. ഖര്‍ത്വൂമിലെയും സമീപ പ്രവിശ്യകളിലെയും ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ പരിശോധന നടത്താന്‍ ഫോണുകളെയും സോഷ്യല്‍ മീഡിയകളെയുമാണ് ആശ്രയിക്കുന്നത്. ആംബുലന്‍സുകളുടെ ഗതാഗതം പോലും സാധ്യമാകുന്നില്ല.

ഈദുല്‍ ഫിത്വര്‍ ആഘോഷ പശ്ചാത്തലത്തില്‍ ഇരുവിഭാഗവും 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പോരാട്ടം തുടരുന്നുണ്ട്. രാജ്യത്തെ മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അല്ലെങ്കില്‍ അതിഗുരുതരമായിരിക്കും ഫലമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest