SPECIAL SCHOOLS
ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നില്ല; സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനം മുടങ്ങും
ഹോസ്റ്റലുകൾ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും സർക്കാറിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്
കോഴിക്കോട് | സംസ്ഥാനത്ത് മറ്റ് വിദ്യാലയങ്ങൾക്കൊപ്പം സ്‌പെഷ്യൽ സ്‌കൂളുകൾ തുറന്നെങ്കിലും ഹോസ്റ്റലുകൾ പ്രവർത്തിക്കാത്തതിനാൽ വിദ്യാർഥികൾക്ക് പഠനം മുടങ്ങും. കാഴ്ച, കേൾവി, സംസാരം എന്നിവക്ക് പ്രയാസം നേരിടുന്ന മൂവായിരത്തോളം വിദ്യാർഥികളാണ് ഹോസ്റ്റലുകളില്ലാത്തത് കാരണം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.
ഇന്നലെ സ്‌കൂൾ തുറന്ന സന്തോഷത്തിൽ പകുതിയോളം പേർ ക്ലാസ്സിൽ ഹാജരായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇവരും വരാനിടയില്ല. പല സ്‌കൂളുകളിലും ഇതര ജില്ലകളിൽ നിന്നടക്കമുള്ള വിദ്യാർഥികളാണ് പഠിക്കുന്നത്.
ഇന്നലെ വിദ്യാർഥികളെ ക്ലാസ്സിലാക്കിയ ശേഷം തിരിച്ചുകൊണ്ടു പോകാൻ രക്ഷിതാക്കൾ സ്‌കൂളിന് പുറത്ത് കാത്തിരിക്കുകയായിരുന്നു. ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്ക് ഇത് പ്രയാസകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോഴിക്കോട് റഹ്്മാനിയ സ്‌പെഷ്യൽ സ്‌കൂളിൽ മൊത്തം 95 വിദ്യാർഥികളാണുള്ളത്. ഇതിൽ 33 പേർ മാത്രമാണ് ഇന്നലെ ഹാജരായത്. സംസ്ഥാനത്താകെ ഇത്തരത്തിലുള്ള 33 സ്‌കൂളുകളാണുള്ളത്. ഇതിൽ 30 എണ്ണത്തിലും ഹോസ്റ്റൽ സംവിധാനമുണ്ട്.
ഹോസ്റ്റലുകൾ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും സർക്കാറിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.