Connect with us

health card

ഹെല്‍ത്ത് കാര്‍ഡിനായി നെട്ടോട്ടമോടി ഹോട്ടലുടമകളും തൊഴിലാളികളും

സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ കാര്‍ഡ് സാക്ഷ്യപ്പെടുത്തണം. എന്നാല്‍ ഇതിനാവശ്യമായ സൗകര്യം പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ല.

Published

|

Last Updated

കോഴിക്കോട് | ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ സര്‍ട്ടിഫിക്കറ്റെടുക്കാന്‍ നെട്ടോട്ടമോടി പാചകത്തൊഴിലാളികളും ഹോട്ടലുടമകളും. ഇതോടെ ആശുപത്രികള്‍ക്ക് മുമ്പില്‍ വലിയ തിക്കും തിരക്കുമായിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാനായി അതിരാവിലെ തന്നെ തൊഴിലാളികള്‍ എത്തുകയാണ്. നേത്രപരിശോധന, ത്വക്ക് രോഗങ്ങള്‍, തുറന്ന മുറിവുകള്‍ എന്നിവ തിരിച്ചറിയുന്നതിനുള്ള ബോഡി ചെക്കപ്പ്, ഏതെങ്കിലും പകര്‍ച്ചവ്യാധികള്‍ക്കുള്ള രക്ത സാമ്പിള്‍ പരിശോധന എന്നിവയാണ് നടത്തേണ്ടത്. ഇവക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുക.

സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ കാര്‍ഡ് സാക്ഷ്യപ്പെടുത്തണം. എന്നാല്‍ ഇതിനാവശ്യമായ സൗകര്യം പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ല. ഇതോടെ പലരും സ്വകാര്യ ആശുപത്രിയേയും ലാബിനേയും ആശ്രയിക്കുകയാണ്. എന്നാല്‍ ലാബുകളിലെ പരിശോധനാ ഫീസും ഇതോടെ കുത്തനെ ഉയര്‍ത്തിയെന്ന പരാതിയും ഉയരുന്നുണ്ട്. മുമ്പ് 600നും 700 രൂപക്കും നടത്താമായിരുന്ന പരിശോധനകള്‍ക്ക് ഇപ്പോള്‍ രണ്ടായിരം രൂപക്ക് മുകളിലായെന്ന് കടയുടമകള്‍ പരാതിപ്പെടുന്നു. പാചകരംഗത്ത് ജോലി ചെയ്യുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികളെ കുറിച്ച് പഠിക്കാതെയും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാതെയുമാണ് ഈ തീരുമാനമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ ആരോപിക്കുന്നു.

ഹെല്‍ത്ത് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റിനായി ചെന്ന തൊഴിലാളികളോട് ടൈഫോയ്ഡിന്റെ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ പറഞ്ഞ് മടക്കി അയക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ടെസ്റ്റുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യം നല്‍കിയാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകളും പ്രതിരോധ കുത്തിവെപ്പുകളും നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു. മുമ്പ് ഹോട്ടലിലെ പാചകവുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഹോട്ടലിലെ എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ ഇത് വരെ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കും ഇത് ബാധകമാകുകയാണ്.

സമയ പരിധി കഴിഞ്ഞാല്‍ പിന്നെ പരിശോധനക്ക് എത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഹോട്ടലിന്റെ ലൈസന്‍സ് വരെ റദ്ദാക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയും. സംസ്ഥാനത്തുടനീളം റിപോര്‍ട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ പാചകം, വിളമ്പല്‍, വിതരണം, വില്‍പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Latest