Connect with us

Ongoing News

ഐ എസ് എൽ ഫൈനലിന് ഇനി മണിക്കൂറുകൾ

വൈകിട്ട് 7.30 മുതൽ സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും മത്സരം തത്സമയം

Published

|

Last Updated

ഗോവ | ഐ എസ് എല്ലിൽ പുതിയ ചാമ്പ്യനെ അറിയാനുള്ള ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ട് 7.30 മുതൽ ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് എ ടി കെ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള കലാശപ്പോരാട്ടം.  മത്സരം സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം.

എ ടി കെ മോഹൻ ബഗാൻ ആയ ശേഷം കന്നിക്കിരീടമാണ് കൊൽക്കത്തൻ ക്ലബ് ലക്ഷ്യമിടുന്നത്. മുൻഗാമികളായ അത്്ലറ്റികോ ഡി കൊൽക്കത്ത 2014, 2016, 2019-20 സീസണുകളിൽ ചാന്പ്യന്മാരായിരുന്നു. 2020- 21ൽ എ ടി കെ മോഹൻ ബഗാൻ ഫൈനലിലെത്തിയെങ്കിലും ഹൈദരാബാദിനോട് തോറ്റു. 2018-19ൽ ചാമ്പ്യന്മാരായ ബെംഗളൂരു രണ്ടാം കിരീടം ലക്ഷ്യമിടുന്നു.
ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരെ തോൽപ്പിച്ചാണ് ഇരുടീമുകളും കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ സഡൺ ഡെത്തിൽ 9-8ന് തോൽപ്പിച്ചായിരുന്നു ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം. ഹൈദരാബാദിനെ ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് എ ടി കെയും അന്തിമ പോരാട്ടത്തിന് യോഗ്യത നേടി. പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ എ ടി കെ പ്ലേ ഓഫിൽ ഒഡീഷയെ ആധികാരികമായി മറികടന്നു. ബെംഗളൂരു വിവാദ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി.

ഹ്യൂഗോ ബൗമസ്, ദിമിത്രിയോസ് പെട്രാറ്റോസ്, ക്യാപ്റ്റൻ പ്രീതം കോട്ടാൽ തുടങ്ങിയവരിലാണ് എ ടി കെയുടെ പ്രതീക്ഷ. ശിവശക്തി നാരായണൻ, ഹാവി ഹെർണാണ്ടസ്, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് തുടങ്ങിയവർ ബെംഗളൂരു നിരയിലെ കരുത്തരാണ്. മലയാളി താരം ആശിക് കുരുണിയൻ എ ടി കെ ടീമിലുണ്ട്. പരുക്ക് മൂലം ഇരു സെമി ഫൈനലുകളും നഷ്ടമായ ആശിഖ് ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല.

Latest