Kerala
എരുമേലിയില്‍ വീടിനു തീപിടിച്ച സംഭവം; മരണം മൂന്നായി
ചികിത്സയിലായിരുന്ന സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവര്‍ കൂടി മരിച്ചതോടെയാണിത്. സത്യപാലന്റെ ഭാര്യ സീതമ്മ ഉച്ചയോടെ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

എരുമേലി | എരുമേലിയില്‍ വീടിനു തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ (52), മകള്‍ അഞ്ജലി (26) എന്നിവര്‍ കൂടി മരിച്ചതോടെയാണിത്.
സത്യപാലന്റെ ഭാര്യ ശ്രീജ (സീതമ്മ-48) ഉച്ചയോടെ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. തീപിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന സത്യപാലനും രണ്ട് മക്കളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എരുമേലി സത്യപാലന്‍-ശ്രീജ ദമ്പതികളുടെ മകന്‍ അഖിലേഷ് (ഉണ്ണിക്കുട്ടന്‍-22) ആശുപത്രിയില്‍ ചികിത്സയിലാണ്.
കോട്ടയം എരുമേലി കനകപ്പാലം ശ്രീനിപുരത്താണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ സംഭവമുണ്ടായത്. വീടിനകത്ത് തീ പടരുന്നതു കണ്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വെള്ളമൊഴിച്ച് അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, തീ ആളിപ്പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുന്‍വശത്തെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് കതക് പൊളിച്ചത്. അകത്തുകയറി വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ജലിയേയും ഉണ്ണിക്കുട്ടനേയും പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് നടന്ന തിരച്ചലിലാണ് സത്യപാലനെയും ശ്രീജയേയും കണ്ടെത്തിയത്.
കുടുംബ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. അഞ്ജലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. അഞ്ജലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും ഇന്ന് രാവിലെയും ഇതുസംബന്ധിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. കൂട്ട ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
എരുമേലിയില്‍ ജൂബിലി സൗണ്ട്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയായിരുന്നു സത്യപാലന്‍. മരിച്ച ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എരുമേലി സ്റ്റേഷനിലെ എസ്. ഐ. ജി രാജേഷിന്റെ നേതൃത്വത്തില്‍ ബിപിന്‍, രാഹുല്‍, സജീഷ്, ജയ്‌മോന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘവും കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.