doctor strike
പി ജി ഡോക്ടര്‍മാര്‍ക്ക് ഹൗസ് സര്‍ജന്മാരുടെ പിന്തുണ; ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും സമരത്തിന്
അറ്റന്‍ഡന്‍സ് ഇല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കരുതെന്നും സ്റ്റൈപ്പന്‍ഡ് നല്‍കരുതെന്നുമുള്‍പ്പെടയുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോഗ്യ വിദ്യഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി ഡിസംബര്‍ ഒന്നുമുതല്‍ പി ജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി ഹൗസ് സര്‍ജന്മാര്‍ സൂചനാ പണിമുടക്ക് നടത്തും. തിങ്കളാഴ്ചയാണ് ഹൗസ് സര്‍ജന്മാര്‍ പണിമുടക്കുക. അതിനൊപ്പം തന്നെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും പണിമുടക്കും. ഒ പി, ഐ പി, നേരത്തേ നിശ്ചയിച്ച് സര്‍ജറികള്‍ എന്നിവ ബഹിഷ്‌കരിച്ചായിരിക്കും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പണിമുടക്കുക.
നിലവില്‍ പി ജി ഡോക്ടര്‍മാരുടെ സമരം 13ാം ദിവസത്തോട് അടുക്കുയാണ്. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പ് വെക്കാതെയാണ് ഇവര്‍ സമരം ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടിയിലുള്ളവരും സമരത്തിലുണ്ട്. തങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാവാതെ ഭീഷണിയിലൂടെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍, സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അറ്റന്‍ഡന്‍സ് ഇല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കരുതെന്നും സ്റ്റൈപ്പന്‍ഡ് നല്‍കരുതെന്നുമുള്‍പ്പെടയുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോഗ്യ വിദ്യഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണച്ചതാണെന്നും ഇനി ഇവരുമായി ചര്‍ച്ചക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.