Connect with us

Malappuram

താനൂർ ബോട്ടപകടത്തില്‍ മരണസംഖ്യ 20 കവിഞ്ഞു; മരിച്ചവരിൽ കൂടുതലും കുട്ടികൾ; രക്ഷാപ്രവർത്തനം തുടരുന്നു

അപകടത്തില്‍ പെട്ട ബോട്ട് കരക്കെത്തിച്ചു; അപകടത്തില്‍പെട്ടത് വിനോദ സഞ്ചാരത്തിനെത്തിയവര്‍

Published

|

Last Updated

മലപ്പുറം | താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. 21 പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 15 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏതാനും ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് ഇന്ന് വൈകീട്ട് ആറരയോടെ വിനോദ യാത്ര ബോട്ട് മുങ്ങിയത്. 20 പേർ പേർക്ക് കയറാൻ കപ്പാസിറ്റിയുള്ള ബോട്ടിൽ 40 ഓളം യാത്രികർ കയറിയതാണ് അപടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തൂവൽതീരത്തിന് 300 മീറ്റര്‍ അകലെയായിരുന്നു അപകടം.

പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഭാരക്കൂടുതൽ കാരണം ബോട്ട് തലകീഴായി മറിയുകയായിരുന്നു. വെളിച്ചക്കുറവ് ആദ്യഘട്ടത്തിൽ തന്നെ രക്ഷാപ്രവർത്തനത്തിന് തടസ്സമായതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. പൊലീസ്, അഗ്നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷപ്പെടുത്തിയവരെ താനൂർ, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ താനൂർ സന്ദർശിക്കും. സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പരിപാടികൾ എല്ലാം മാറ്റിവെച്ചു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്.

Latest