Kerala
അജ്ഞാത വാഹനമിടിച്ച് ഏഴുമാസമായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു
തൃശൂര്‍ കൊടകരയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനുജയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്
തൃശൂര്‍ | അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശൂര്‍ കൊടകരയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനുജയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷം സംസ്‌കാരം നടക്കും.
കഴിഞ്ഞ മെയ് 14നാണ് അപകടമുണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ ഏഴു മാസമായി അനുജ ചലനമറ്റ് കിടപ്പിലായിരുന്നു. അനുജയെയും അനുവിനെയും ഇവരുടെ മകനെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ അജ്ഞാത വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കൊടകര പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അനുജയുടെ സുഹൃത്തിന്റെ അനുജന്റെ കല്യാണ റിസപ്ഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ തൃശൂരില്‍ എത്തിയത്. കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരും വഴി രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.
മഴ പെയ്ത് തോര്‍ന്ന സമയത്ത് മൂന്നുപേരും കൊടകര കുഴിക്കാണി ഭാഗത്ത് റോഡരികിലൂടെ നടന്നുവരുകയായിരുന്നു. സമീപത്ത് വഴി വിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു വാഹനം മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോയത്. ഇടിയുടെ ആഘാതത്തില്‍ മൂവരും തെറിച്ച് വീണു. മകന്‍ ചെളിക്കുഴിയിലേക്ക് വീണതിനാല്‍ പരിക്ക് ഗുരുതരമായില്ല.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനുജ പിന്നെ എഴുന്നേറ്റിട്ടില്ല. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അനു അപേക്ഷ നല്‍കിയിരുന്നു.