Kerala
കൊച്ചിയില്‍ ഫ്‌ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മ പ്ലൈവുഡ് പലകയില്‍ തട്ടി വീണു; ഗുരുതര പരുക്ക്
ഫ്‌ലവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തിവെച്ചു
കൊച്ചി|കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ എറണാകുളത്തെ ഫ്‌ലവര്‍ ഷോയ്ക്കിടയിലും അധികൃതരുടെ ഗുരുതര വീഴ്ച. മറൈന്‍ ഡ്രൈവിലെ ഫ്‌ലവര്‍ ഷോ നടക്കുന്ന സ്ഥലത്തെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തട്ടി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. കടവന്ത്ര സ്വദേശിനിയായ ബിന്ദുവിനാണ് പരുക്കേറ്റത്. ഇതേതുടര്‍ന്ന് ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി. ഉത്തരവിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തിവെച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.
അപകടമുണ്ടായ കാര്യം സംഘാടകരെ അറിയിച്ചെങ്കിലും ആരും സഹായിച്ചില്ല. അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഫസ്റ്റ് എയ്ഡ് നല്‍കിയില്ലെന്നും ബിന്ദു പറഞ്ഞു. സ്വയം വാഹനം വിളിച്ചാണ് ആശുപത്രിയില്‍ പോയത്. കൈയ്ക്ക് ഒടിവുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും ജി സി ഡി എ സെക്രട്ടറിക്കും ബിന്ദുവിന്റെ കുടുംബം പരാതി നല്‍കി. എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജി സി ഡി എയും ആയിരുന്നു ഫ്‌ലവര്‍ ഷോയുടെ സംഘാടകര്‍.