Connect with us

Kerala

വീട്ടമ്മയെ ആണ്‍സുഹൃത്ത് തീകൊളുത്തി; ഇരുവരും മരിച്ചു

തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

അഞ്ചല്‍ | വീട്ടമ്മയെയും ആണ്‍സുഹൃത്തിനെയും വീടിനകത്ത് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തടിക്കാട് ആണ് സംഭവം. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തുകയും സിറ്റൗട്ടിലായിരുന്ന സിബികയെ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നിന്ന് നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ബിജുവും സിബികയും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നുവെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരം. സിബികയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ ഇത് അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മാര്‍ച്ചില്‍ പണം തിരികെ കൊടുക്കാമെന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നു. പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോള്‍ ബിജു കടുംകൈ ചെയ്തതാണെന്നാണ് സംശയിക്കുന്നത്.

നിയമനടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സിബികയുടെ ഭര്‍ത്താവ്: ഉദയകുമാര്‍. മക്കള്‍: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: നെബൂഹാന്‍, ഷഹബാസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056