National
ഭവന നിര്‍മാണ അഴിമതി; ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇ ഡി കസ്റ്റഡിയില്‍
ഗൊരേഗാവിലെ പത്രാചാല്‍ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് ഇഡി കേസ്

മുംബൈ | ഭവന നിര്‍മാണവമുായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഉടന്‍ ഇഡി ഓഫീസിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. ഇഡി സംഘം വീട്ടില്‍ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് എത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചു.
ഗൊരേഗാവിലെ പത്രാചാല്‍ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നാണ് ഇഡി കേസ്. കേസില്‍ പ്രതിയായ പ്രവീണ്‍ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്. അതേസമയം, തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു.