Ongoing News
അബൂദബിയിലെ ഹൂത്തി ആക്രമണം; കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു
കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയെന്ന് സൂചന
ദുബൈ | തിങ്കളാഴ്ച രാവിലെ അബൂദബിയില്‍ ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അഡ്‌നോക് (അഡ്‌നോക്) അധികൃതരുമായും പോലീസുമായും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുന്നു .
രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണ്. ഇതില്‍ ഒരു മലയാളി ഉണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം രാത്രി തന്നെ ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് അബുദബിയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. രാവിലെ 10 മണിക്ക് മുസഫയിലും അബുദബി വിമാനത്താവളത്തിന് സമീപമുള്ള നിര്‍മ്മാണ മേഖലയിലുമായിരുന്നു സ്‌ഫോടനങ്ങള്‍. മുസഫയില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
മുസഫയില്‍ അഡ്‌നോക്കിന്റെ സംഭരണശാലയ്ക്ക് സമീപം മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.
യമനിലെ ഹൂത്തി ഭീകരര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് യു എ ഇ സ്ഥിരീകരിച്ചു. ഭീകരാക്രമണത്തോടും കുറ്റകൃത്യങ്ങളോടും പ്രതികരിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. അബുദബിയില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്നു പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.