International
സഊദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം;എട്ട് പേര്‍ക്ക് പരുക്ക്
സഊദി സൈന്യം ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞുനിര്‍ത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താചാനലായ അല്‍അഖ്‌റബി ട്വിറ്ററില്‍ പുറത്ത് വിട്ടിട്ടുണ്ട്.
അബഹ | സഊദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം, വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകളും നജ്‌റാന്‍ നഗരം ലക്ഷ്യമാക്കിവന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെയും സഊദി സഖ്യം തടഞ്ഞതായി സേന വക്താവ് തുര്‍ക്കി അല്‍മാലികി പറഞ്ഞു
ഞായറാഴ്ച്ച പുലര്‍ച്ചെയും,രാവിലെ 8.30 ഓടെയുമായി രണ്ട് തവണയാണ് ആക്രമണ ശ്രമം നടന്നത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഹൂത്തികളുടെ രണ്ടാമത്തെ ആക്രമണമാണിത്. രണ്ടാമത്തെ ആക്രമണം ചെറുക്കുന്നതിനിടെ എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട് .തകര്‍ന്ന ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് എട്ടു പേര്‍ക്ക് പരുക്കേറ്റത് .ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവള റണ്‍വേയില്‍ ചിതറിക്കിടന്നതിനാല്‍ താത്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ പിന്നീട് പുനഃരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു .സഊദി സൈന്യം ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞുനിര്‍ത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താചാനലായ അല്‍അഖ്‌റബി ട്വിറ്ററില്‍ പുറത്ത് വിട്ടിട്ടുണ്ട്.
2019 ജൂണ്‍ 12 ന് വിമാനത്താവളത്തിലെ ആഗമന ഹാളില്‍ മിസൈല്‍ പതിച്ച് 26 സാധാരണക്കാര്‍ക്ക് പരു ക്കേറ്റിരുന്നു. 2019 ജൂണ്‍ 23 ന് നടന്ന ആക്രമണത്തില്‍ ഒരു സിറിയന്‍ സിവിലിയന്‍ കൊല്ലപ്പെടുകയും 13 സ്വദേശികളും നാല് ഇന്ത്യക്കാരും രണ്ട് ഈജിപ്തുകാരും രണ്ട് ബംഗ്ലാദേശികളും ഉള്‍പ്പെടെ 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ,പതിനെട്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
2021 ഫെബ്രുവരി 10ന് ഹൂത്തികള്‍ വിമാനത്താവളം ലക്ഷ്യമാക്കിനടത്തിയ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് തീപിടിച്ചിരുന്നു .
ഹൂത്തികളുടെ ആക്രമണത്തെ ജിസിസി രാജ്യങ്ങളും , അമേരിക്കയും അപലപിച്ചു. സംഭവത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ യൂസഫ് അല്‍ ഒതൈമീന്‍ ശക്തമായി അപലപിച്ചു