Ongoing News
സഊദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണം
കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളുടെ ചിത്രങ്ങൾ സഊദി വാർത്താ ചാനൽ പുറത്ത് വിട്ടു.
റിയാദ് | സഊദി അറേബ്യക്ക് നേരെ വീണ്ടും യമനിലെ ഹൂത്തികളുടെ ഡ്രോൺ മിസൈൽ ആക്രമണം. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ നജ്‌റാൻ, ജസാൻ, കിഴക്കൻ പ്രവിശ്യ എന്നിവയെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈലുകൾ തടയുന്നതിലും നശിപ്പിക്കുന്നതിലും വിജയിച്ചതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ദമാം ലക്ഷ്യമാക്കി അയച്ച ബാലിസ്റ്റിക് മിസൈൽ തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് രണ്ട് കുട്ടികൾക്ക് പരുക്കേൽക്കുകയും 14 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ബൂബി-ട്രാപ്ഡ് ഡ്രോണുകളുപയോഗിച്ചായിരുന്നു ആക്രമണം. കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളുടെ ചിത്രങ്ങൾ സഊദി വാർത്താ ചാനൽ പുറത്ത് വിട്ടു.
സഊദി അറേബ്യക്ക് നേരെ ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തിയ ആക്രമണത്തെ ലോക രാജ്യങ്ങൾ അപലപിച്ചു. മിസൈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സഊദിയിലെ അമേരിക്കൻ എംബസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഖത്വർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈജിപ്തും ശക്തമായി അപലപിച്ചു.