Connect with us

huthi attack

ചെങ്കടലില്‍ ഹൂതി മിസൈല്‍ ആക്രമണം; ഗ്രീസ് കപ്പലിലെ മൂന്നു ജീവനക്കാര്‍ കൊല്ലപ്പെട്ടു

നാലു പേര്‍ക്കു പരുക്കേറ്റു, മൂന്നു പേരുടെ നില ഗുരുതരം

Published

|

Last Updated

ലണ്ടന്‍| ചെങ്കടലില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ഗ്രീസിന്റെ കപ്പലിലെ മൂന്നു ജീവനക്കാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരുക്കേറ്റു. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ കപ്പലിനു കാര്യമായ നാശനഷ്ടമുണ്ടായി.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയാണു ഹൂതി. ഒക്ടോബര്‍ മുതല്‍ ഇസ്രയേലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗാസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായാണ് ഹൂതികള്‍ ഈ ആക്രമണം നടത്തുന്നത്.

കപ്പലുകള്‍ക്ക് നേരെ നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യു എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളും യു എസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകള്‍, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടല്‍. ഹൂതി ആക്രമണത്തെ തുടര്‍ന്ന് നിരവധി ഷിപ്പിങ് കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള കയറ്റുമതി നിര്‍ത്തിവച്ചു. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദല്‍ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതുവഴി കപ്പലുകള്‍ക്ക് 3,500 നോട്ടിക്കല്‍ മൈല്‍ ദൂരം അധിക യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഇത് യാത്രാ ചെലവും വര്‍ധിപ്പിച്ചു.

 

Latest