Connect with us

Editors Pick

ഒരു കിടിലൻ റോഡ്‌ ട്രിപ്പ്‌ പോയാലോ? ഇതാ അടിപൊളി റൂട്ടുകൾ...

റോഡ് യാത്രകള്‍ക്ക് കേരളത്തില്‍ ഒട്ടേറേ കിടിലന്‍ പാതകളുണ്ട്. കാടും കടലും കായലും കുന്നും മഞ്ഞും കാടുമെല്ലാം ആസ്വദിച്ച്‌ റോഡ് യാത്രകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പിടി സ്ഥലങ്ങള്‍ നമുക്ക്‌ പരിചയപ്പെടാം.

Published

|

Last Updated

ട്രിപ്പുകൾ നല്ല വൈബാണ്‌. ബൈക്കിലോ കാറിലോ ട്രെയിനിലോ എന്തുവാഹനത്തിലായാലും ട്രിപ്പ് ആസ്വദിക്കാനുള്ള മൂഡുണ്ടെങ്കിൽ അടിപൊളി.കുറഞ്ഞ ദൂരമാണെങ്കില്‍ പോലും ചെറു റോഡുയാത്രകള്‍ പോലും ഉന്മേഷകരമായ അനുഭവങ്ങളാകും സമ്മാനിക്കുക. റോഡ് യാത്രകള്‍ക്ക് കേരളത്തില്‍ ഒട്ടേറേ കിടിലന്‍ പാതകളുണ്ട്. കാടും കടലും കായലും കുന്നും മഞ്ഞും കാടുമെല്ലാം ആസ്വദിച്ച്‌ റോഡ് യാത്രകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു പിടി സ്ഥലങ്ങള്‍ നമുക്ക്‌ പരിചയപ്പെടാം.

തേക്കടി – മൂന്നാര്‍

  • തേക്കടി – മൂന്നാര്‍ റോഡ് ട്രിപ്പില്‍ പച്ചപ്പ് നിറഞ്ഞ കുന്നിന്‍ ചരിവുകളും സമൃദ്ധമായ തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും നിങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകള്‍ സമ്മാനിക്കുന്നു. ദേശീയോദ്യാനത്തിൻ്റെ പ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ഈ പാതയില്‍ അല്‍പം ഒന്നു മാറ്റിപിടിച്ചാല്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല, ദേവികുളം, പൂപ്പാറ തുടങ്ങിയ മനോഹരമായ ഗ്രാമങ്ങളിലേക്ക് നിങ്ങള്‍ക്ക് കടക്കാം.

മൂന്നാർ-ബോഡിമെട്ട് ഗ്യാപ് റോഡ്‌

  • കൊച്ചി-ധനുഷ്കോടി (NH 85) ദേശീയ പാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് ഗ്യാപ് റോഡ്‌ സഞ്ചാരികളുടെ വൈറൽ ഡെസ്റ്റിനേഷനാണ്‌. ചിത്രകഥകളിലും സ്വപ്നങ്ങളിലും മാത്രം കണ്ടിട്ടുള്ള, എവിടെ കാമറവെച്ചാലും അതിമനോഹര ​െഫ്രയിം കിട്ടുന്ന മനംകുളിർപ്പിക്കുന്ന പ്രകൃതി ഭംഗിയുടെ വശ്യത വാരിവിതറിയ ഈ റോഡിലൂടെ ഒരു തവണയെങ്കിലും യാത്ര ഇഷ്ടപ്പെടുന്നവർ സഞ്ചരിക്കണം. അകമ്പടിക്ക് കോടമഞ്ഞും കൈയെത്തിപ്പിടിക്കാനാകുമെന്ന് തോന്നിപ്പിക്കുന്ന മേഘക്കൂട്ടങ്ങളും കായ്ച്ചുകിടക്കുന്ന ഓറഞ്ചും തേയിലത്തോട്ടങ്ങളും അതിനിടയിൽ പരന്നുകിടക്കുന്ന ആനയിറങ്കൽ ഡാമും ഇടക്കിടെ പാറക്കെട്ടുകൾക്കിടയിലൂടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും. കേട്ടു മറന്നതും കാണാൻ കൊതിച്ചതും മനമാഗ്രഹിച്ചതും എല്ലാം ഈ റോഡ് യാത്ര നമുക്ക് തരും.

കോഴിക്കോട് – വയനാട്

  • വളഞ്ഞുപുളഞ്ഞ പോകുന്ന ചുരം റോഡുകളിലൂടെ മലനിരകളുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഗ്രാമങ്ങളും പച്ചപ്പും തേയിലത്തോട്ടങ്ങളും അറിഞ്ഞ് യാത്ര ചെയ്യാം. പശ്ചിമഘട്ടത്തിന്റെ മികച്ച കാഴ്ചകള്‍ ലഭിക്കുന്ന യാത്ര നിങ്ങള്‍ നീട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കല്‍പ്പറ്റയില്‍ നിന്ന്, മാനന്തവാടി- തിരുനെല്ലി റൂട്ട്, മാനന്തവാടി – കൊട്ടിയൂര്‍ റൂട്ടുകള്‍, മേപ്പാടി- തൊള്ളായിരംക്കണ്ടി, സുല്‍ത്താന്‍ ബത്തേരി -പുല്‍പ്പള്ളി, നാടുകാണി – നിലമ്പൂര്‍ റൂട്ടുകള്‍ ഒക്കെ പോകാവുന്ന ഒന്നാണ്.

കോട്ടയം – വാഗമണ്‍

  • കോട്ടയത്ത് നിന്ന് വാഗമണ്ണിലേക്കുള്ള യാത്രകള്‍ക്ക് പല റോഡുകളുണ്ട്. ഗ്രാമങ്ങളില്‍ കയറി പോകുന്ന ആ റോഡുകളില്‍ പലതും വളരെ മോശമാണെങ്കിലും അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്. പച്ചപ്പും വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകളും ഈ പാതയുടെ യാത്രയെ കൂടുതല്‍ ആവേശകരമാക്കുന്നു. യാത്രകള്‍ അതിരാവിലെ ആരംഭിക്കാന്‍ കഴിഞ്ഞാല്‍, കോടമഞ്ഞിലൂടെ വരുന്ന സൂര്യപ്രകാശത്തിന്റെ ആദ്യ കിരണങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യും!

കുമരകം – തേക്കടി

  • ഈ പാതയില്‍ ഇടയ്ക്ക് നിങ്ങളെ നഗരത്തിരക്കുകള്‍ അലോസരപ്പെടുത്തുമെങ്കിലും അതിനെയൊക്കെ മറികടക്കുന്ന പലതും ആസ്വദിക്കാനുണ്ട്.ഏറ്റുമാനൂര്‍, പാല, കുമളി വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കുന്നതാകും നല്ലത്. തേയിലത്തോട്ടങ്ങളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും വഴിയിലുടനീളം കാണാം. വളഞ്ഞങ്ങാനത്തും അരുവിക്കുഴി വെള്ളച്ചാട്ടത്തിലും അല്‍പസമയം ചിലവഴിക്കാനും സാധിക്കും.

ചാലക്കുടി‐ വാല്‍പാറ

  • ഇടതൂർന്ന ഇലപൊഴിയും കാടും തേയിലത്തോട്ടങ്ങളും പ്രശസ്തമായ അതിരപ്പള്ളി വെള്ളച്ചാട്ടവും കടന്നുപോകുമ്പോൾ റോഡ് അതിശയകരമായ കാഴ്ചകൾ നൽകുന്നു. സ്റ്റേറ്റ് ഹൈവേ 21 (SH 21) ൻ്റെ ഭാഗമായ റോഡ് പൂർണ്ണമായും വൈബ്‌ മൂഡാണ്‌. നൂറുകണക്കിന് തിരിവുകളും സ്വിച്ച്ബാക്കുകളും ഉൾപ്പെടുന്ന പാത ആകെ 107 കിലോമീറ്ററാണുള്ളത്‌.

Latest