Articles
ഇത്തിരി മോട്ടിവേഷന്‍ ആയാലോ?
ബിസിനസ്സ് മോട്ടിവേറ്റര്‍മാരെ പോലുള്ളവര്‍ പലപ്പോഴും വലിയ ജനക്കൂട്ടത്തെയാണ് നേരിടുന്നത്. പല മാനസികാവസ്ഥയിലുള്ള പലതരം വ്യക്തികളെ ഒരേ തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാന്‍ വലിയ വൈദഗ്ദ്ധ്യം തന്നെ വേണം. ഇത്തരം അംഗീകാരങ്ങള്‍ തരുന്ന അഭിമാനം ചിലരെയെങ്കിലും അഹങ്കാരികളുമാക്കാറുണ്ട്. അതോടെ താരപദവി കൈവന്ന മോട്ടിവേറ്ററുടെ ഡിമാന്‍റുകള്‍ കൂടുന്നു. സമയനിഷ്ഠയും ഉത്തരവാദിത്വവും പ്രധാനമല്ലാതാകുന്നു. താന്‍ ആവശ്യപ്പെടുന്ന തുക, മറ്റു സൗകര്യങ്ങള്‍ എന്നീ ഡിമാന്‍റുകള്‍ക്കപ്പുറം മാസ് ഓഡിയന്‍സും ഇവരുടെ ബലഹീനതയാകുന്നു. അത്തരത്തിലൊരു അനുഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായത്.
ഈ തിരക്ക് പിടിച്ച ലോകത്ത് നിരവധി മനുഷ്യരുണ്ടെങ്കിലും നിങ്ങള്‍ തനിച്ചാണെന്നതാണ് സത്യം. കാരണം ഓരോരുത്തര്‍ക്കും അവരുടേതായ നിരവധി പ്രശ്നങ്ങളുണ്ട്. പല പ്രായത്തിലും പല രംഗങ്ങളിലുമുള്ളവര്‍ക്ക് പലതാണ് പ്രശ്നങ്ങള്‍. അവയില്‍ പെട്ടു ഒരിഞ്ച് മുമ്പോട്ടുപോകാനാവാതെ നാം നില്‍ക്കുന്നുവെന്ന് കരുതുക. നിങ്ങളുടെ ആത്മവിശ്വാസം മുഴുവനായി നഷ്ടപ്പെട്ടിരിക്കുന്നു. ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രയോജനകരമായി തോന്നുന്ന ഒരു ഉപദേശം തരാന്‍ വരെ ഈ ഭൂമിയില്‍ ഒരാളില്ലെന്നും നിങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങളൊരു വ്യാപാരിയോ വ്യവസായിയോ സംരഭകനോ ആവാം. പക്ഷേ പ്രതിസന്ധികളില്‍ നിങ്ങള്‍ക്ക് ഫലപ്രദമായ ഒരു ഉപദേശം തരാന്‍ പറ്റിയ ഒരാളുണ്ടെങ്കില്‍ എത്ര പണം മുടക്കാനും നിങ്ങള്‍ തയ്യാറാണ്. ഈ ടെന്‍ഷന്‍ ഒന്നൊഴിഞ്ഞു കിട്ടിയാല്‍ മതി.
ഇവിടെയാണ് ഒരു മോട്ടിവേഷന്‍ സ്പീക്കറുടെ പ്രസക്തി. വാക്കുകളിലൂടെ, അനുഭവ വിവരണത്തിലൂടെ, ഉപദേശങ്ങളിലൂടെ അയാള്‍ക്ക് നിങ്ങളിലേക്ക് ഊര്‍ജ്ജം പകരാനാവും. അത് നിങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കും. ബിസിനസ്സുകാര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും കായികതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ സേവനം ആവശ്യമാണ്. സെക്രട്ടറിയേറ്റിലും രാജ്ഭവനിലും പാര്‍ലമെന്‍റില്‍ പോലും ഇത്തരം ഉപദേശകരുണ്ട്. എന്തിനേറെ പറയുന്നു ബഹിരാകാശ യാത്രികര്‍ക്കു പോലും ഒരു മോട്ടിവേറ്ററുടെ സഹായം അത്യാവശ്യമാണ്.
ഉപദേശങ്ങളില്‍ ചിലതൊക്കെ ശാസ്ത്രീയമാകും. പലതും ആശയങ്ങളും ചില ടിപ്പുകളാകാം. ഉദാഹരണത്തിന് കായികതാരങ്ങള്‍ക്കുള്ള മോട്ടിവേഷന്‍ ശാരീരിക ക്ഷമത, ആത്മവിശ്വാസം എന്നിവയെക്കുറിച്ചാണെങ്കില്‍ പരീക്ഷയെ നേരിടാന്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പഠിച്ചതൊക്കെ എങ്ങനെ ഓര്‍മ്മയില്‍ സൂക്ഷിക്കാം, അറിയാത്ത ചോദ്യങ്ങളെ പരിഭ്രമമില്ലാതെ എങ്ങനെ നേരിടാം എന്നൊക്കെയാവും പറഞ്ഞുകൊടുക്കേണ്ടത്.
ഭരണാധികാരികള്‍ക്കാണെങ്കില്‍ തന്ത്രവും കുതന്ത്രവും ശാസ്ത്രവുമാണാവശ്യം. രാജഭരണം തൊട്ടുള്ള സമ്പ്രദായമാണത്. അക്ബറിനും ശിവജിക്കും ചന്ദ്രഗുപ്ത മൗര്യനും വരെ ഉപദേശകരുണ്ടായിരുന്നതായി നാം കേട്ടിട്ടുണ്ടല്ലോ. ജനഹിതം നോക്കി പെരുമാറിയാലേ രാജഭരണത്തിലായാലും ജനാധിപത്യത്തിലായാലും ജനപ്രിയരായി നിലനില്‍ക്കാനാവൂ എന്നറിയുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍.
മോട്ടിവേഷനുള്ള യോഗ്യതയെന്താണെന്നാല്‍ മനഃശാസ്ത്രത്തിലോ സമൂഹശാസ്ത്രത്തിലോ ബിരുദവും ബിരുദാനന്തര ബിരുദവും എന്നൊക്കെ പറയാമെങ്കിലും ഈ രംഗത്ത് വിജയം വരിച്ചവരില്‍ പലരുടേയും കരുത്ത് സ്വന്തം അനുഭവങ്ങള്‍ തന്നെയാണ്. പ്രതികൂല സാഹചര്യങ്ങളെ തങ്ങള്‍ എങ്ങനെ അതിജീവിച്ചു എന്നതു തന്നെയാണ് അവര്‍ക്കുള്ള മഹത്തായ പാഠം. അതാണവര്‍ മറ്റുള്ളവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമായി നല്‍കുന്നതും.
ഏഷ്യയിലെ ഏറ്റവും മികച്ച മോട്ടിവേറ്റര്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയ വിവേക് ബിന്ദ്രയെ നോക്കുക. രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന് തന്‍റെ അച്ഛനെ നഷ്ടപ്പെടുന്നത്. ക്ലേശകരമായ ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയതുതന്നെയാണ് അദ്ദേഹത്തിന്‍റെ ഈ വിജയം. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന അടിസ്ഥാന തത്വം തന്നെ.
എനിക്കറിയാവുന്ന ഒരു മോട്ടിവേറ്റര്‍, നല്ലൊരു ജോലി നേടി ഇഷ്ടപ്പെട്ട പെണ്ണിനെതന്നെ വിവാഹം കഴിച്ചു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. സന്തോഷകരമായി ജീവിക്കുമ്പോഴാണ് കുഞ്ഞിന് ഓട്ടിസത്തിന്‍റെ പ്രശ്നമുണ്ടെന്ന് കണ്ടെത്തുന്നത്. ഇവിടെ കുഞ്ഞിന്‍റെ അമ്മയേക്കാള്‍ തകര്‍ന്നുപോയത് അച്ഛനാണ്. ഭാര്യയെ ആശ്വസിപ്പിക്കേണ്ട അദ്ദേഹം ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോയി. പിന്നീട് പരിഹാരത്തിനായി കണ്ട കൗണ്‍സിലിംഗ് വിദഗ്ധനാണ് നിരന്തരമായ ഉപദേശങ്ങളിലൂടെ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. കൗണ്‍സിലറുടെ ഉപദേശങ്ങളെക്കുറിച്ചു അദ്ദേഹം രാവും പകലും ചിന്തിച്ചു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. അങ്ങനെ ആ കൗണ്‍സിലിംഗിന്‍റെ സ്വാധീനം ക്രമേണ അദ്ദേഹത്തേയും ഒരു മോട്ടിവേറ്ററാക്കി. സ്വന്തം അനുഭവങ്ങള്‍ കൂടി ചേര്‍ത്താണ് അദ്ദേഹം മോട്ടിവേഷന്‍ ക്ലാസെടുക്കുന്നത്.
ബിസിനസ്സ് മോട്ടിവേറ്റര്‍മാരെ പോലുള്ളവര്‍ പലപ്പോഴും വലിയ ജനക്കൂട്ടത്തെയാണ് നേരിടുന്നത്. പല മാനസികാവസ്ഥയിലുള്ള പലതരം വ്യക്തികളെ ഒരേ തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാന്‍ വലിയ വൈദഗ്ദ്ധ്യം തന്നെ വേണം. ഇത്തരം അംഗീകാരങ്ങള്‍ തരുന്ന അഭിമാനം ചിലരെയെങ്കിലും അഹങ്കാരികളുമാക്കാറുണ്ട്. അതോടെ താരപദവി കൈവന്ന മോട്ടിവേറ്ററുടെ ഡിമാന്‍റുകള്‍ കൂടുന്നു. സമയനിഷ്ഠയും ഉത്തരവാദിത്വവും പ്രധാനമല്ലാതാകുന്നു. താന്‍ ആവശ്യപ്പെടുന്ന തുക, മറ്റു സൗകര്യങ്ങള്‍ എന്നീ ഡിമാന്‍റുകള്‍ക്കപ്പുറം മാസ് ഓഡിയന്‍സും ഇവരുടെ ബലഹീനതയാകുന്നു. അത്തരത്തിലൊരു അനുഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായത്. ഉപദേശിക്കുന്ന താന്‍ വളരെ മുകളിലാണെന്നും താഴെയിരിക്കുന്ന ശ്രോതാക്കള്‍ തന്നെക്കാള്‍ നിസ്സാരരാണെന്നും കരുതുന്ന മാനസികാവസ്ഥയാകാം ഇതിന്‍റെ കാരണം.
ഏതായാലും ഏഷ്യയിലെ മികച്ച മോട്ടിവേറ്റര്‍ വിവേക് ബിന്ദ്ര മുതല്‍ ബാഗ്ലൂരില്‍ പതിനാല് വയസ്സുകാരി യാഷികാ മഹാജന്‍ വരെ ആയിരക്കണക്കിന് മോട്ടിവേറ്റര്‍മാര്‍ നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. മലയാളികളായ ധാരാളം മോട്ടിവേറ്റര്‍മാര്‍ സംസ്ഥാനത്തുമുണ്ട്. ഇതിനിടയിൽ ജഗ്ഗി വാസുദേവിനെപോലെ ആത്മീയ ഉപദേശകന്‍മാരും കുറവല്ല. ധൃതിപ്പെട്ടു പായുന്ന ഈ ലോകത്തിന്‍റെ വേഗത്തിനൊപ്പം എത്തിപ്പിടിക്കാന്‍ കഴിയാതെപോയവര്‍ അവരുടെ ഒരു കൈ സഹായത്തിനായി കാത്തിരിപ്പുണ്ടെന്നവര്‍ക്കറിയാം.
നാളെ ഒരു പ്രതിസന്ധിയിലായിരിക്കുമ്പോള്‍ നമ്മളോടും ആരെങ്കിലും ചോദിച്ചേക്കാം.
“എന്തേലും പ്രശ്നമുണ്ടോ
ഇത്തിരി മോട്ടിവേഷന്‍ എടുക്കട്ടേ..”