Connect with us

തെളിയോളം

തീ എങ്ങനെ പേപ്പറിൽ പൊതിയും?

രഹസ്യം കൈവശം വെക്കുന്നത് നമ്മെ ശിശുസമാനമായ ഒരു അവസ്ഥയിലേക്കാണ് നയിക്കുന്നത്, അവിടെ യുക്തിയും നിർബന്ധവുമില്ല,' മനഃശാസ്ത്രജ്ഞയായ ലിൻഡ ബ്ലെയർ പറയുന്നു.

Published

|

Last Updated

റ്റുള്ളവരുടെ രഹസ്യങ്ങൾ അറിയാനും അവ ചൂഴ്ന്നന്വേഷിക്കാനുമുള്ള ത്വര മനുഷ്യസഹജമാണ്. നമ്മോട് എത്ര അടുത്ത ഒരാളാണെങ്കിലും നമ്മുടെ വ്യക്തിത്വത്തെ ഹനിക്കാവുന്നതോ തൊഴിൽ അല്ലെങ്കിൽ സ്വകാര്യ ജീവിതം സംബന്ധിച്ചതോ ആയ, “മറ്റാരോടും പറയരുതേ’ എന്ന ഉറപ്പു വാങ്ങി നിങ്ങൾ പങ്കുവെക്കുന്നതെന്തും “കൈവിട്ടു പോയി’ എന്നു പിന്നീട് ഖേദിക്കാവുന്ന വിധം പരസ്യപ്പെട്ടേക്കാം. കാരണം നിങ്ങൾക്ക് മനസ്സിൽ സൂക്ഷിക്കാൻ കഴിയാത്തത് കൊണ്ടല്ലേ നിങ്ങളത് കൈമാറിയത്, എന്നിട്ട് മറ്റുള്ളവർ അത് സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ എന്തർഥമാണുള്ളത്!

നിങ്ങളുടെ രഹസ്യങ്ങൾ കാറ്റിനോട് വെളിപ്പെടുത്തിയാൽ അത് മരങ്ങളോട് വെളിപ്പെടുത്തിയതിന് കാറ്റിനെ കുറ്റപ്പെടുത്തരുത് എന്ന് ഖലീൽ ജിബ്രാൻ. വായിക്കാനറിയാത്ത സർദാർജി തനിക്കു ലഭിച്ച പ്രണയ ലേഖനം വായിച്ചു കേൾക്കാനായി സുഹൃത്തിന്റെ അടുത്തെത്തി. കത്ത് കൈയിൽ കൊടുത്ത ശേഷം സുഹൃത്തിന്റെ രണ്ട് ചെവികളും പൊത്തിപ്പിടിച്ച് “ഇനി വായിച്ചോളു, അതിലെ കാര്യങ്ങൾ ഞാൻ മാത്രം അറിയാനുള്ളതാണ്. നീ കേൾക്കേണ്ട’ എന്ന് പറഞ്ഞുവത്രെ. നാം വിശ്വസിച്ച് മറ്റൊരാളോട് പറയുന്ന പരമരഹസ്യങ്ങൾ കേൾക്കുന്നയാൾ ഭദ്രമായി സൂക്ഷിക്കും എന്ന് വിചാരിക്കുന്നതും ഇതിന് സമാനം തന്നെയാണ്. രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള മാർഗം അത് മറ്റുള്ളവരുടെ തലയിലേക്ക് കൈമാറലല്ല സ്വന്തം മനസ്സിൽ തന്നെ പൂട്ടിവെക്കലാണെന്നോർക്കുക. “തീ പൊതിഞ്ഞ് സൂക്ഷിക്കാൻ പേപ്പർ ഉപയോഗിക്കാനാവില്ല’ എന്ന സാമാന്യ തത്വം ഉള്ളിൽ വെച്ചു മാത്രമേ നിങ്ങളെ സംബന്ധിച്ചുള്ള ഒരു സ്വകാര്യ വിവരം അല്ലെങ്കിൽ മറ്റൊരാളുടെ രഹസ്യം പുറത്ത് പറയാവു.

“ഞാനൊരു തുറന്ന പുസ്തകമാണ്, എനിക്ക് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല’ എന്നൊക്കെ വലിയ വായിൽ പറയുന്നത് കൊള്ളാം. നമ്മുടെ ഉള്ളിൽ മാത്രം സൂക്ഷിക്കേണ്ട ഒട്ടനേകം കാര്യങ്ങളുണ്ട് എന്ന ബോധ്യവും അവ രഹസ്യമായിത്തന്നെ ഇരിക്കുന്നതാണ് സത്യസന്ധതയെന്നും മനസ്സിലാക്കണം. എല്ലാം മറ്റുള്ളവരുടെ ചെവിക്ക് വേണ്ടിയല്ലെന്ന് ഓർമിക്കുക. നമ്മുടെ സ്വകാര്യ രഹസ്യങ്ങൾ അനന്തമായി കേൾക്കുന്നവരാണ് സുഹൃത്തുക്കൾ എന്നും എല്ലാം തുറന്ന് പറഞ്ഞത് കൊണ്ട് നാം വലിയ സത്യസന്ധത പുലർത്തുകയാണ് ചെയ്യുന്നതെന്നും വിചാരിക്കുന്നത് മൗഢ്യമാണ്.

അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതല്ല തീർച്ചയായും ഇവിടെ സൂചിപ്പിക്കുന്ന കാര്യം. ആരെയെങ്കിലും കുഴപ്പത്തിലാക്കിയേക്കാവുന്ന ഒരു രഹസ്യം സൂക്ഷിക്കാൻ നിങ്ങൾ നിർബന്ധിക്കപ്പെട്ടാൽ, ആ സാഹചര്യത്തിൽ എങ്ങനെ ഇടപെടണമെന്ന് നിങ്ങൾ ശ്രദ്ധാപൂർവം ചിന്തിക്കുക. ഇണകളോടും അടുത്ത സുഹൃത്തുക്കളോടും പങ്കുവെക്കേണ്ട ചില രഹസ്യങ്ങൾ ഉണ്ട്. അവക്ക് പോസിറ്റീവ് ആയ ഒരു മനോനിലമാറ്റം സാധ്യമാക്കാൻ കഴിഞ്ഞേക്കാം. ഉദാഹരണത്തിന് നിങ്ങളുടെ ഒരു ആവശ്യം അല്ലെങ്കിൽ ആഗ്രഹം പങ്കാളി അവഗണിച്ചതിൽ നിങ്ങൾക്ക് എത്രമാത്രം നിരാശയും ദേഷ്യവും ഉണ്ടായി എന്നത് ഉള്ളിൽ വെച്ച് നടക്കുന്നതിന് പകരം അനുയോജ്യമായ സമയത്ത് അതങ്ങ് തുറന്നു പറയാം. തനിക്കു വേണ്ടി ചെയ്തു തന്ന മറക്കാനാവാത്ത ഒരു സഹായത്തെപ്പറ്റി അതുണ്ടാക്കിയ വലിയ സന്തോഷത്തെപ്പറ്റി ഹൃദയം തൊട്ട് തന്നെ സംസാരിക്കാം. മറച്ചു വെക്കുന്ന ഏത് വിവരവും രഹസ്യമാണ് എന്ന് കരുതി “ഒക്കെ എന്റെ ഉള്ളിൽ ഉണ്ട്’ എന്ന് ഭാവത്തിൽ ഇത്തരം വിഷയങ്ങൾ പറയാതിരിക്കരുത്.

നിങ്ങൾ എത്ര വിശ്വസ്തരാണെങ്കിലും പതിവ് ചിന്തകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നത് വൈജ്ഞാനികമായി കൂടുതൽ ശക്തി ആവശ്യപ്പെടുന്ന ഒരു ജോലിയാണ്. മാത്രമല്ല നമ്മുടെ മനസ്സ് നമ്മൾ വിചാരിക്കുന്നത്ര എളുപ്പവും വേഗതയുമുള്ളതുമല്ല. ഒരു കൂട്ടത്തിൽ എത്തിപ്പെട്ടാൽ അതിന്റെ കേന്ദ്രമാകാൻ കൊതിക്കുന്ന ഒരു ജൈവിക ഭാവം നമ്മിലുണ്ട്. മറ്റുള്ളവർക്ക് അറിയാത്ത എന്തെങ്കിലും രഹസ്യം അറിയുന്ന ഒരാൾക്ക് ആരോടും പറയരുത് എന്ന് മനസ്സിലുണ്ടാകുമെങ്കിലും പറയാനുള്ള പ്രലോഭനം പലപ്പോഴും വളരെ കൂടുതലായിരിക്കും. നിങ്ങൾ ഇപ്പോൾ കേട്ട ഒരു തമാശ പങ്കിടാൻ തോന്നുന്ന ആഗ്രഹം, അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ ഉത്പന്നത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ആശയത്തെക്കുറിച്ചോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് തോന്നുന്ന പ്രേരണ എന്നിവക്ക് സമാനമാണിത്.

“രഹസ്യം കൈവശം വെക്കുന്നത് നമ്മെ ശിശുസമാനമായ ഒരു അവസ്ഥയിലേക്കാണ് നയിക്കുന്നത്, അവിടെ യുക്തിയും നിർബന്ധവുമില്ല,’ മനഃശാസ്ത്രജ്ഞയായ ലിൻഡ ബ്ലെയർ പറയുന്നു. എല്ലാ നിർബന്ധങ്ങളെയും പോലെ, പറയാനുള്ള ത്വര താത്കാലികമാണ്. ഓരോ തവണയും ആ പ്രലോഭനത്തെ ഒന്നോ രണ്ടോ മണിക്കൂർ ചെറുത്തുനിൽക്കുക, പ്രേരണ കടന്നുപോകും. പിടിച്ചുനിർത്തുന്നതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മനസ്സംതൃപ്തി പറയാനുള്ള ഹ്രസ്വകാല തിരക്കിനേക്കാൾ കൂടുതലായിരിക്കും. സൂക്ഷിക്കുന്ന ഒരു രഹസ്യം മനസ്സിന് താങ്ങാനാവാത്ത ഭാരം നൽകുന്നുവെങ്കിൽ ഒരു പേപ്പറെടുത്ത് അത് അതിൽ വിശദമായങ്ങ് എഴുതുക. പിന്നെ നിങ്ങൾക്കു പകരം ആ പേജ് രഹസ്യത്തിന്റെ ഉടമയായി മാറിക്കൊള്ളും, നിങ്ങളുടെ ഭാരം അലിഞ്ഞു തീരുകയും ചെയ്യും.

---- facebook comment plugin here -----

Latest