Connect with us

Siraj Article

ഈ കൊലപാതകങ്ങള്‍ എങ്ങനെ അവസാനിപ്പിക്കാം?

കുറ്റവാളികളെ തങ്ങള്‍ ഒരു തരത്തിലും സഹായിക്കില്ലെന്ന് ഓരോ കക്ഷിയും പരസ്യമായി നിലപാടെടുക്കുമോ? വികസിത ജനാധിപത്യ സംവിധാനങ്ങളില്‍ സ്വതന്ത്രമായ പോലീസും നീതിന്യായ സംവിധാനങ്ങളും ഒരു അനിവാര്യതയാണ്. ഇവിടെ സര്‍ക്കാറുകള്‍ മാറുന്നതനുസരിച്ച് നീതി ലഭിക്കുന്നവരുടെയും നിഷേധിക്കപ്പെടുന്നവരുടെയും ചേരികള്‍ മാറുന്നു എന്ന് മാത്രം. ഏതു കേസിലും യഥാര്‍ഥ പ്രതികള്‍ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടും എന്ന് വന്നാല്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറയും. ശരിയായ അന്വേഷണത്തിലൂടെ തയ്യാറാക്കിയ കുറ്റപത്രം വെച്ച് ന്യായമായ വിചാരണ നേരിട്ട് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നു എങ്കില്‍ അത് നടക്കട്ടെ എന്ന് നമ്മുടെ കക്ഷികള്‍ തീരുമാനിച്ചാല്‍ അന്ന് തീരും ഈ കൊലപാതകങ്ങള്‍

Published

|

Last Updated

രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന പേര് തന്നെ തെറ്റല്ലേ? ഇവിടെ നടക്കുന്നവയെല്ലാം അരാഷ്ട്രീയ കൊലപാതകങ്ങളാണ് എന്നതല്ലേ സത്യം? രാഷ്ട്രീയ കക്ഷികളുടെ അംഗങ്ങളാണ് കൊല നടത്തുന്നതെന്നതും അവരാണ് കൊല്ലപ്പെടുന്നത് എന്നതും കൊണ്ട് മാത്രം ഇവ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആകുന്നില്ല. ജനാധിപത്യത്തില്‍ വ്യത്യസ്തവും വൈരുധ്യങ്ങള്‍ ഉള്ളതുമായ ആശയങ്ങള്‍ ഉണ്ടാകുമല്ലോ. അവ പരസ്പരം ജനാധിപത്യപരമായി സംവദിക്കുന്ന ഒരു സമൂഹമാണ് വേണ്ടത്. എതിര്‍ അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്ന രീതി തന്നെ അരാഷ്ട്രീയമല്ലേ? അതുകൊണ്ട് തന്നെ എല്ലാ കൊലപാതകങ്ങളും അരാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് എന്ന് പറയേണ്ടിവരും. കുറെ വര്‍ഷങ്ങളായി കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ വ്യാപകമായി തുടരുന്നു എന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാ കക്ഷികളും ആണയിട്ടു പറയുന്നു, തങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് എതിരാണെന്ന്. പിന്നെ ഇതെങ്ങനെ തുടരുന്നു? ഇക്കഴിഞ്ഞ ദിവസവും രണ്ട് മരണങ്ങള്‍ ഇത്തരത്തില്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ കണ്ടല്ലോ.

ഈ കൊലപാതകങ്ങള്‍ക്കിരയാകുന്നത് മിക്കപ്പോഴും യുവാക്കള്‍ ആണെന്നതാണ് ഏറെ ദുഃഖകരമായ വസ്തുത. ജീവിതം എന്തെന്ന് അറിയാന്‍ തുടങ്ങുന്ന പ്രായം. അവരെ ആശ്രയിച്ചു മാതാപിതാക്കളും സഹോദരരും മിക്കപ്പോഴും ഭാര്യയും പിഞ്ചു കുഞ്ഞുങ്ങളും ഉണ്ടാകും. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഡി വൈ എഫ് ഐ നേതാവിന്റെ പിഞ്ചുകുഞ്ഞിനെ നമ്മള്‍ കണ്ടതാണ്. ആ കുടുംബത്തിനുണ്ടാകുന്ന നഷ്ടം എത്ര പണം കൊടുത്താണ് നികത്തുക? ആ യുവാക്കള്‍ എന്തിനു വേണ്ടി ജീവത്യാഗം ചെയ്തു എന്ന് അടുത്ത തലമുറ ചോദിക്കുമ്പോള്‍ എന്ത് മറുപടിയാകും പറയാന്‍ ഉണ്ടാകുക? അവര്‍ക്കു വേണ്ടി ഉയരുന്ന സ്മാരകങ്ങള്‍ പോലും നമ്മള്‍ മറന്നുപോകും.

ഈ വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിലയിരുത്താന്‍ നമ്മുടെ അധികാരികള്‍ ശ്രമിച്ചിട്ടുണ്ടോ? ചാനലുകളില്‍ ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാ കക്ഷികളും എടുക്കുന്ന നിലപാടുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുക. തത്വത്തില്‍ എല്ലാവരും എതിര്‍ക്കും. സഹതപിക്കും. പിന്നെയാണ് ശരിയായ ഡയലോഗ് വരിക. പ്രതിസ്ഥാനത്തു നില്‍ക്കുന്നവര്‍ തുടങ്ങുന്നതിങ്ങനെ, “ഇത് രാഷ്ട്രീയ വിഷയമല്ല. വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ മാത്രം.’ പക്ഷേ, അവിടെ നിര്‍ത്തില്ല. “കഴിഞ്ഞ ഇത്ര കാലത്തിനിടയില്‍ ഞങ്ങളുടെ ഇത്ര പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്’. ഇതോടെ ഈ കൊലക്കുള്ള ന്യായീകരണമായി അണികള്‍ക്ക് പാടി നടക്കാം. കാര്യം വ്യക്തമാണ്. ഈ വാക്കുകള്‍ തന്നെ പ്രതികള്‍ ആരെന്നതിനു തെളിവാണ്.

ഈ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇവ തടയാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകും. കൊല്ലപ്പെട്ടവരുടെ കക്ഷികള്‍ വലിയ ബഹളം ഉണ്ടാക്കും. മിക്കവാറും പ്രാദേശികമായെങ്കിലും ഹര്‍ത്താല്‍ നടത്തും. നേതാക്കള്‍ വീട് സന്ദര്‍ശിക്കും. വീട്ടുകാരെ ആശ്വസിപ്പിക്കും. പരസ്യമായും രഹസ്യമായും പണം പിരിച്ചു നല്‍കും. പ്രതികളാക്കപ്പെടുന്നവരുടെ പാര്‍ട്ടിയും മോശമാകില്ല. മിക്കപ്പോഴും യഥാര്‍ഥ പ്രതികളെ അവര്‍ വിട്ടുകൊടുക്കില്ല. മറിച്ച്, വ്യാജ പ്രതികളെ പോലീസിന്റെ മുമ്പില്‍ കീഴടക്കിക്കും. യഥാര്‍ഥ പ്രതികളെ കൊണ്ട് ഇനിയും പണികള്‍ ചെയ്യിക്കണമല്ലോ. വ്യാജരായി പിടിക്കുന്നവരുടെ വീടുകളുടെ സംരക്ഷണം പാര്‍ട്ടികള്‍ ഏറ്റെടുക്കും. കേവലം ജയിലില്‍ കിടന്നാല്‍ മാത്രം മതി. ശമ്പളം വീട്ടില്‍ കിട്ടും. ജയിലില്‍ ഇവര്‍ക്കെല്ലാം വി വി ഐ പി പരിഗണന ആയിരിക്കും, പ്രത്യേകിച്ചും ഇവര്‍ ഭരണകക്ഷിക്കാര്‍ ആണെങ്കില്‍. എപ്പോള്‍ വേണമെങ്കിലും പരോള്‍ കിട്ടും. മൊബൈല്‍ അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ടാകും. പലപ്പോഴും ഉന്നത നേതാക്കള്‍ തന്നെ ശിക്ഷയില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിച്ചു സഹായിക്കും. ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെടുന്ന ഇരകളുടെ ബന്ധുക്കള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയാല്‍ അതിനെതിരെ പൊതുഖജനാവിലെ പണം കോടികള്‍ മുടക്കി വാദിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകുന്നു. ഒരു കൊലക്കേസിലെ പ്രതികളുടെ വിവാഹം നടത്തിയത് പാര്‍ട്ടി നേതാക്കളാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ കൊലപാതകവുമായി തങ്ങള്‍ക്കൊരു ബന്ധവും ഇല്ലെന്നു പരസ്യമായി പറഞ്ഞ നേതാക്കള്‍ക്ക് ഒരു ഉളുപ്പും ഇല്ലെന്നും ബോധ്യമാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ അത്ര ഗൗരവതരമല്ല എന്ന ധാരണയാണ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ കൊലപാതകികളില്‍ മിക്കവരും മറ്റു പല കേസുകളിലും പ്രതികളാണെന്നതും യാദൃച്ഛികമല്ല. ഇവര്‍ ഒരു പരിധിവരെ പ്രൊഫഷനല്‍ ഗുണ്ടകളാണ്. പക്ഷേ, പലരും പല കക്ഷികളുമായി നേരിട്ട് തന്നെ ബന്ധപ്പെട്ടവരും ആണ്. “പാര്‍ട്ടി ജോലികള്‍’ ഇല്ലാത്ത കാലങ്ങളില്‍ ഇവര്‍ പുറം ജോലികള്‍ എടുക്കും. അങ്ങനെയാണ് സ്വര്‍ണത്തട്ടിപ്പുകാരുടെയും കുഴല്‍പ്പണക്കാരുടെയും ഭൂമാഫിയകളുടെയും ബ്ലേഡ് മാഫിയകളുടെയും ഏജന്റുമാരായി ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ അത്തരം ക്രിമിനല്‍ കൃത്യങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരാകുന്നു. പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കൊലപാതകങ്ങളിലെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരും എന്നതിനാല്‍ നേതാക്കള്‍ ഇവരെ ഭയക്കുന്നു. ഇത്തരം സംഘങ്ങളിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ സാഹചര്യങ്ങളും അന്വേഷിക്കണം. ചുരുക്കത്തില്‍ കേരളത്തില്‍ അതിവേഗം വളരുന്ന ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കുള്ള ഒരു കാരണം അവരുടെ രാഷ്ട്രീയബന്ധങ്ങള്‍ കൂടിയാണ്.

മേല്‍പറഞ്ഞതെല്ലാം ഒരു കക്ഷിക്ക് മാത്രം ബാധകമായ കാര്യങ്ങള്‍ അല്ല. പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ ഇത്തരം കാര്യങ്ങളില്‍ ചില അന്തര്‍ധാരകള്‍ ഉണ്ടെന്നു പോലും സംശയിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ട്. ചില കൊലപാതകങ്ങള്‍ എങ്കിലും സ്വന്തം കക്ഷിക്കാരുടെ തന്നെ ആവശ്യപ്രകാരം നടന്നതാകാം എന്ന് പലരും സംശയിക്കുന്നുണ്ട്. തന്റെ വളര്‍ച്ചക്ക് തടസ്സമാകുമെന്നു സംശയം തോന്നിയാല്‍ അയാളെ വകവരുത്താന്‍ എതിര്‍പക്ഷക്കാരുമായി രഹസ്യധാരണ ഉണ്ടാക്കുന്നു എന്നും കേള്‍ക്കുന്നു. സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കുകള്‍ മൂലം കൊല നടത്തിയതും നാം കണ്ടതാണ്.

നമ്മുടെ ജനാധിപത്യം പോയ വഴികള്‍ വിചിത്രമാണ്. ഒരു കക്ഷിയുടെ നേതാക്കളില്‍ നിന്ന് കുഴല്‍പ്പണം പിടിച്ച കേസ് ഉണ്ടായിരുന്നു. അത് എവിടെ പോയെന്നറിയില്ല. കോട്ടയത്ത് ഒരു വിധത്തിലും നിയമസാധുതയില്ലാത്ത തോക്കുകള്‍ പിടിച്ചെടുത്തു എന്ന് കേട്ടതും കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കിട്ടിയെന്നു പറഞ്ഞതും ഇതേ കക്ഷിയുമായി ബന്ധപ്പെട്ടു തന്നെയാണ്. ആ കേസുകളിലും അന്തര്‍ധാര പ്രകടമായിരുന്നുവോ എന്നറിയില്ല.

മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം കൊല നടത്തുക വഴി പരലോകത്തില്‍ എന്തെങ്കിലും സുഖസൗകര്യങ്ങള്‍ കിട്ടും എന്ന വിശ്വാസത്തിന്റെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കരുതാന്‍ കഴിയില്ല. ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ ഇന്ന് ബാധ്യതയാണ്. പഴഞ്ചനാണ്. അതുപയോഗിച്ച് ജനങ്ങളെ സംഘടിപ്പിക്കുക സാധ്യമാകില്ല. അതുകൊണ്ട് തന്നെ ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് ഒരു സാംഗത്യവും അവര്‍ കാണുന്നില്ല. മറിച്ച്, ശാരീരികമായ ആധിപത്യം കൊണ്ട് പിടിച്ചുനില്‍ക്കാം എന്നാണ് അവര്‍ കരുതുന്നത്. പിന്നെ സാമ്പത്തികമായി ഉണ്ടാകാവുന്ന താത്കാലിക നേട്ടങ്ങളും ഒപ്പം നിയമ സംവിധാനങ്ങള്‍ നല്‍കുന്ന ശിക്ഷ പരമാവധി കുറക്കാം എന്ന അടവുകളും അവരെ ഈ വഴിയിലേക്കു തിരിച്ചുവിടുന്നു.

ഇതെങ്ങനെ തടയാം എന്ന് നമ്മള്‍ ആത്മാര്‍ഥമായി ആലോചിക്കുന്നു എങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ കേവലം സമാധാന സമ്മേളനങ്ങള്‍ വിളിച്ച് സമയം കളയുകയല്ല വേണ്ടത്. അത്തരം എല്ലാ യോഗങ്ങളിലും ആവര്‍ത്തിക്കും, ഇത് അവസാനത്തേത് ആകട്ടെ എന്ന്. അടുത്ത കൊല നടക്കുന്നത് വരെ അത് നിലനില്‍ക്കും. ആദ്യമായി കൊല്ലപ്പെട്ടവര്‍ ആരായാലും ആ വീട്ടില്‍ എല്ലാ കക്ഷിയും നേതാക്കള്‍ എത്തണം. അവരെ ആശ്വസിപ്പിക്കണം. അതില്‍ നിന്ന് തുടങ്ങാം പരിഹാരങ്ങള്‍. ഇത്തരം കുറ്റവാളികളെ തങ്ങള്‍ ഒരു തരത്തിലും സഹായിക്കില്ലെന്ന് ഓരോ കക്ഷികളും പരസ്യമായി നിലപാടെടുക്കുമോ? വികസിത ജനാധിപത്യ സംവിധാനങ്ങളില്‍ സ്വതന്ത്രമായ പോലീസും നീതിന്യായ സംവിധാനങ്ങളും ഒരു അനിവാര്യതയാണ്. ഇവിടെ സര്‍ക്കാറുകള്‍ മാറുന്നതനുസരിച്ച് നീതി ലഭിക്കുന്നവരുടെയും നിഷേധിക്കപ്പെടുന്നവരുടെയും ചേരികള്‍ മാറുന്നു എന്ന് മാത്രം. ഏതു കേസിലും യഥാര്‍ഥ പ്രതികള്‍ നിയമം അനുസരിച്ചു ശിക്ഷിക്കപ്പെടും എന്ന് വന്നാല്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറയും. പല വികസിത സമൂഹങ്ങളിലും ജയില്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശരിയായ അന്വേഷണത്തിലൂടെ തയ്യാറാക്കിയ കുറ്റപത്രം വെച്ച് ന്യായമായ വിചാരണ നേരിട്ട് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നു എങ്കില്‍ അത് നടക്കട്ടെ എന്ന് നമ്മുടെ കക്ഷികള്‍ തീരുമാനിച്ചാല്‍ അന്ന് തീരും ഈ കൊലപാതകങ്ങള്‍. ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടക്കട്ടെ. അവര്‍ക്കാണല്ലോ നീതി നിഷേധിക്കപ്പെട്ടത്. നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍, ഏതു പാര്‍ട്ടി ഭരിക്കുമ്പോഴും സര്‍ക്കാറുകള്‍ തയ്യാറാകണം. സര്‍ക്കാര്‍ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. മുഴുവന്‍ ജനങ്ങളുടേതുമാണ്.
നീതി നടപ്പാക്കും എന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് നടപ്പാകും എന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടാകണം. നിലവിലുള്ള സംവിധാനങ്ങളില്‍ അവര്‍ക്കു വിശ്വാസം ഉണ്ടാകണം. അതിന് എല്ലാ രാഷ്ട്രീയ, മത സംവിധാനങ്ങളും തയ്യാറാകുമെങ്കില്‍ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും. അല്ലാത്തിടത്തോളം ഇത് തുടരും.

Latest