ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദുഃഖത്തോടൊപ്പം രോഷവും ഉയരുകയാണെന്ന് ആർ എം പി നേതാവ് കെ കെ രമ എം എൽ എ. സഹജീവികളെ കൊല്ലുന്ന ക്രൂരമനഃസ്ഥിതിയിൽ നിന്ന് നാമെന്നാണ് മുക്തമാവുക? കൊലപാതകവും അക്രമവും നടത്തുന്നത് എത് പ്രസ്ഥാനങ്ങളായാലും അവർക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണം. ഓരോ അക്രമവും കൃത്യമായ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുന്നതാണ്. വെട്ടുന്നവരെ മാത്രമല്ല, ആയുധം എടുത്തു കൊടുക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളെയും നിയമത്തിനു മുന്നിലെത്തിച്ചാൽ മാത്രമെ ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കുകയുള്ളൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
കേരളത്തെ കലാപ ഭൂമിയാക്കരുത്
അക്രമികളെയും
കൊലപാതകികളെയും
ഒറ്റപ്പെടുത്തുക.
കേരളത്തെ വീണ്ടും ഞെട്ടിച്ചു കൊണ്ട് രണ്ട് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എ ഷാനും, ബി.ജെ.പി മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇരുവരുടെയും മരണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണ്. സഹജീവികളെ കൊല്ലുന്ന ക്രൂരമനസ്ഥിതിയിൽ നിന്ന് നാമെന്നാണ് മുക്തമാവുക? കൊലപാതകവും അക്രമവും നടത്തുന്നത് എത് പ്രസ്ഥാനങ്ങളായാലും അവർക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണം.
സംസ്ഥാനത്ത് തുടർച്ചയായി കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ഗുണ്ടാ കുടിപ്പകയെന്നും, രാഷ്ട്രീയമെന്നും, വ്യക്തിവിരോധമെന്നും പേരിട്ട് പോലിസ് ഇതിനെ തരം തിരിക്കുന്നതല്ലാതെ ശക്തമായ നടപടികളിലേക്കും, ഇത് തുടരാതിരിക്കാനുള്ള മുൻകരുതലിലേക്കും പോലിസോ, ആഭ്യന്തര വകുപ്പോ പോകുന്നില്ല എന്നത് നമ്മുടെ ദുര്യോഗം തന്നെയാണ്. കേസുകളുടെ പ്രാഥമികഘട്ട നടപടികൾ കഴിഞ്ഞാൽ പിന്നെ പോലീസ് നിഷ്ക്രിയമാവുകയാണ്. ഓരോ അക്രമവും കൃത്യമായ ആസൂത്രണത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുന്നതാണ്. വെട്ടുന്നവരെ മാത്രമല്ല, ആയുധം എടുത്തു കൊടുക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രങ്ങളെയും നിയമത്തിനു മുന്നിലെത്തിച്ചാൽ മാത്രമെ ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കുകയുള്ളൂ..