Connect with us

Web Special

കര്‍ദിനാള്‍ ജോര്‍ജ് പെല്‍: വത്തിക്കാനിലെ മൂന്നാമൻ കത്തോലിക്ക സഭക്ക് കരിനിഴൽ വീഴ്ത്തിയപ്പോൾ

അദ്ദേഹം ചെയ്ത കുറ്റമാകട്ടെ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കലും. ഇത്തരമൊരു കുറ്റത്തിന് ജയില്‍ ശിക്ഷ ലഭിച്ച മുതിര്‍ന്ന കത്തോലിക്ക പുരോഹിതന്‍ കൂടിയായി പെല്‍.

Published

|

Last Updated

ത്തോലിക്ക സഭയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ ആസ്‌ത്രേലിയന്‍ കോടതി ശിക്ഷിച്ചത്. സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സഭക്ക് സാധിക്കുന്നതിന് മുമ്പായിരുന്നു ഈ ശിക്ഷ. അക്കാലത്ത് ആസ്‌ത്രേലിയയിലെ കത്തോലിക്ക സഭയുടെ പരമോന്നത പുരോഹിതനായിരുന്നു പെല്‍. അദ്ദേഹം ചെയ്ത കുറ്റമാകട്ടെ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കലും. ഇത്തരമൊരു കുറ്റത്തിന് ജയില്‍ ശിക്ഷ ലഭിച്ച മുതിര്‍ന്ന കത്തോലിക്ക പുരോഹിതന്‍ കൂടിയായി പെല്‍.

വത്തിക്കാൻ്റെ രക്ഷകൻ വില്ലനായ വിധം

മുന്‍ വത്തിക്കാന്‍ ട്രഷറര്‍ കൂടിയായിരുന്നു പെല്‍. പോപ്പിന്റെ സഹായി ആകുന്നതിന് മുമ്പ് മെല്‍ബണ്‍, സിഡ്‌നി എന്നിവയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. വത്തിക്കാന്റെ സാമ്പത്തികകൈകാര്യത്തില്‍ ശുദ്ധീകരണം വരുത്തുക എന്ന ലക്ഷ്യത്തോടെ 2014ലാണ് റോമിലേക്ക് അദ്ദേഹത്തെ വിളിപ്പിച്ചത്. വത്തിക്കാനിലെ മൂന്നാമത്തെ പ്രബല നേതാവ് കൂടിയായി അദ്ദേഹം. എന്നാല്‍, ബാല ലൈംഗിക പീഡന കേസില്‍ വിചാരണ നേരിടാന്‍ കര്‍ദിനാളിന് വത്തിക്കാന്‍ വിടേണ്ടിവന്നു.

ആര്‍ച്ച് ബിഷപ്പായിരിക്കെ രണ്ട് ആണ്‍കുട്ടികളെ പെല്‍ പീഡിപ്പിച്ചതായി കോടതി വിധിച്ചു. 2018ലായിരുന്നു ഇത്. 1990കളില്‍ മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് ആയിരിക്കെയായിരുന്നു ഈ പീഡനങ്ങള്‍. ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്ന മെല്‍ബണ്‍ സെന്റ്.പാട്രിക് കത്തീഡ്രല്‍ തന്നെയാണ് അദ്ദേഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ക്കും വേദിയായത്. 13 മാസം ജയിലില്‍ കിടന്നു കര്‍ദിനാള്‍. എന്നാല്‍, 2020ല്‍ ആസ്‌ത്രേലിയന്‍ ഹൈക്കോടതി വിധി റദ്ദാക്കി. വിധിക്കെതിരെ പീഡനത്തിന് ഇരയായ ഗായകസംഘത്തിലെ ആണ്‍കുട്ടിയുടെ പിതാവ് ഹരജി നല്‍കി. ഇതിന്റെ നടപടികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. താന്‍ നിരപരാധിയാണ് എന്നായിരുന്നു പെല്ലിന്റെ നിരന്തര വാദം.

ചൈല്‍ഡ് അബ്യൂസ് റോയല്‍ കമ്മീഷന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ആയിരക്കണക്കിന് പേരുമായി കൂടിക്കാഴ്ച നടത്തി. പെല്‍ ജയില്‍മോചിതനായ ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എല്ലാ ആരോപണങ്ങളും പെല്‍ നിഷേധിച്ചു. തെളിവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

മെല്‍ബണ്‍ കത്തീഡ്രലില്‍ പീഡന ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസും മുന്‍ പ്രധാനമന്ത്രി ടോണി അബോട്ടും പുറത്തുവിട്ട അനുശോചന കുറിപ്പുകള്‍ അദ്ദേഹത്തെ പ്രശംസിക്കുന്നതാണെങ്കിലും മന്ത്രി സ്റ്റീവ് ദിമോപൗലോസിൻ്റെ കുറിപ്പ് കേസുകളെ സംബന്ധിച്ച് സൂചന നല്‍കുന്നതായിരുന്നു. ഇന്ന് കര്‍ദിനാളിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും പ്രയാസമേറിയ ദിനമാണെങ്കിലും ബാല ലൈംഗിക പീഡന ഇരകളും അതിജീവിച്ചവരും അവരുടെ കുടുംബങ്ങളും വലിയ പ്രയാസത്തിലൂടെ കടന്നുപോയിട്ടുണ്ട്. താന്‍ അവരോടൊപ്പമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

കർദിനാളിൻ്റെ മരണത്തില്‍ സാധാരണക്കാരും സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ആളുകള്‍ മെല്‍ബണ്‍ കത്തീഡ്രലിലേക്ക് ഒഴുകിയിരുന്നു. എന്നാല്‍, ബാല പീഡന ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കത്തീഡ്രലിന്റെ മതിലിലും ഗേറ്റിലും റിബണുകള്‍ കെട്ടുകയാണ് അവര്‍. ബാലപീഡന കേസുകള്‍ മറച്ചുവെച്ചതിലും കര്‍ദിനാളിന് ഉത്തരവാദിത്വമുണ്ടെന്ന് ആസ്‌ത്രേലിയക്കാര്‍ വിശ്വസിക്കുന്നു. 1970കളില്‍ തന്നെ ആസ്‌ത്രേലിയയിലെ കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗിക ചൂഷണം പെല്ലിന് അറിയാമായിരുന്നെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ലൈംഗിക പീഡനത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതിയും കര്‍ദിനാള്‍ പെല്‍ നടപ്പാക്കിയിരുന്നു. ലൈംഗിക പീഡന പ്രതിസന്ധി അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ താത്പര്യത്തിന് തെളിവായി അനുയായികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടി. എന്നാല്‍, നഷ്ടപരിഹാര തുകക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും നിയമനടപടികള്‍ പിന്‍വലിക്കാന്‍ അതിജീവിച്ചവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. പദ്ധതി നടപ്പാക്കുന്നതിലെ താത്പര്യക്കുറവും പ്രധാന പ്രശ്‌നമായി.