Connect with us

Articles

പുതിയ കേരളത്തിലേക്ക് എത്ര ദൂരം?

കേരളം മൂന്നരക്കോടിയിലേറെ ജനങ്ങളുമായി ഇന്ന് വികസനത്തിന്റെ പാരമ്യത്തിലേക്കുള്ള പാതയിലാണ്. എന്നാല്‍ നവ കേരളം നേരിടുന്ന വെല്ലുവിളികളെന്താണ്? പുതിയ കാലത്തിന്റെ ആവശ്യങ്ങളോടുള്ള സമീപനം എങ്ങനെയൊക്കെയായിരിക്കണം?

Published

|

Last Updated

കേരളം, ‘ദൈവത്തിന്റെ സ്വന്തം നാട്’, പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ സമ്പന്നതയും ഒത്തുചേരുന്ന ഒരു സുന്ദരപ്രദേശം. 1956 നവംബര്‍ ഒന്നിന് പിറവിയെടുത്ത കേരളം മൂന്നരക്കോടിയിലേറെ ജനങ്ങളുമായി ഇന്ന് വികസനത്തിന്റെ പാരമ്യതയിലേക്കുള്ള പാതയിലാണ്. എന്നാല്‍ നവ കേരളം നേരിടുന്ന വെല്ലുവിളികളെന്താണ്? പുതിയ കാലത്തിന്റെ ആവശ്യങ്ങളോടുള്ള സമീപനം എങ്ങനെയൊക്കെയായിരിക്കണം? എന്താണ് നവ കേരളം, നാം അത് സ്വപ്നം കാണുന്നത് എങ്ങനെയാണ്?

കേരളത്തിന്റെ വേരുകള്‍ മുന്‍കാല ചരിത്രങ്ങളിലും സംസ്‌കാരങ്ങളിലും ആഴ്ന്നിറങ്ങിയ ഒന്നാണ്. ഇന്ത്യയില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിച്ച സാമൂഹിക മുന്നേറ്റങ്ങളില്‍ പലതും കേരളത്തിന്റെ സംഭാവനയാണ്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കൃതമായപ്പോള്‍, മത, സാമുദായിക വൈജാത്യങ്ങള്‍ക്കുമപ്പുറമുള്ള ഒരു ഐക്യ ഭൂമികയായി കേരളം മാറി. കേരളം ആധുനികതയിലേക്ക് കാലെടുത്തു വെക്കുമ്പോഴും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. 1956ല്‍ കേരളത്തിന്റെ സാക്ഷരതാ നിരക്ക് (1951ലെ സെന്‍സസ് പ്രകാരം) 47.18 ശതമാനം ആയിരുന്നുവെങ്കില്‍ 2023ല്‍ അത് 96.2 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. കേരളം 68ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതികള്‍ അനവധിയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക, സാമൂഹിക സാമ്പത്തിക സമത്വം സൃഷ്ടിക്കുക, സാമൂഹിക ഐക്യം നിലനിര്‍ത്തുക എന്നിവ കേരളത്തിന്റെ തന്നെ അടിസ്ഥാന മൂല്യമായി മാറി.

വൈവിധ്യങ്ങളുടെ സംയോജനമായ കേരളം ഇന്നും മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും പര്യായമാകുന്നു. മതേതരത്വത്തിന്റെ ആവാസവ്യവസ്ഥയായി തന്നെ കേരളത്തെ കണക്കാക്കാം. 2011ലെ സെന്‍സസ് പ്രകാരം 26.56 ശതമാനം മുസ്ലിംകളും, 18.38 ശതമാനം ക്രൈസ്തവരും 54.73 ശതമാനം ഹിന്ദു വിശ്വാസികളും ഒത്തുചേര്‍ന്ന ഒരാശയമാണ് കേരളത്തിന്റേത്.

ചരിത്രം, പശ്ചാത്തലം
കേരള സംസ്ഥാനം ഉടലെടുത്തതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ഇന്ന് നാം കാണുന്ന കേരളത്തിന്റെ തന്നെ അടിത്തറയാണ് ഈ ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളം മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍. ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള മദ്രാസ് പ്രസിഡന്‍സിയിലെ പ്രദേശങ്ങളായിരുന്നു ഇവ. 1920ലെ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം കേരളത്തില്‍ വ്യാപിച്ചതിനു പിറകെ ഐക്യ കേരളം എന്ന ആശയം ജനങ്ങളില്‍ രൂപപ്പെട്ടു. സാമൂഹിക സമത്വത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയത് ഐക്യകേരളം എന്ന ആശയത്തിന് ശക്തി പകര്‍ന്നു. 1928ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കി.

പിന്നീട് നടന്ന പല സമരങ്ങളും സമ്മേളനങ്ങളും ഐക്യകേരളം എന്ന ആശയത്തിന് കരുത്ത് പകര്‍ന്നു. 1924-25ല്‍ നടന്ന വൈക്കം സത്യഗ്രഹം, 1931-32ല്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹം, 1935ലെ അഖിലകേരള തൊഴിലാളി സമ്മേളനം, 1937ലെ അഖില കേരള വിദ്യാര്‍ഥി സമ്മേളനം എന്നിവയിലെല്ലാം വിവിധ മേഖലകളില്‍ നിന്ന് ജനങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ ശക്തമായ ഒരു ഘട്ടം അടയാളപ്പെടുത്തിയത് 1930-40 കാലഘട്ടങ്ങളിലാണ്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കേരളത്തിന്റെ പ്രതിനിധികളായി കുറച്ചു വ്യക്തികള്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ നേരില്‍ കാണുകയും ഐക്യകേരളം എന്ന ആശയത്തെ കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ 1948ല്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭ ജസ്റ്റിസ്റ്റ് എസ് ദാറിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷനെ നിയമിച്ചു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചുകൊണ്ട് ഒരു തത്കാലിക സംസ്ഥാനം നിലവില്‍ വന്നു.

1953ല്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായി പോറ്റി ശ്രീരാമലു ജീവത്യാഗം ചെയ്യുകയും തത്ഫലമായി ഫസല്‍ അലിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ നിലവില്‍ വരികയും ചെയ്തു. കെ എം പണിക്കര്‍, ഹൃദയനാദ് കുന്‍സ്രു എന്നിവരായിരുന്നു മറ്റു അംഗങ്ങള്‍. 1955 സെപ്തംബറില്‍ ഈ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചതിന്റെയും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിന് ശിപാര്‍ശ ചെയ്തതിന്റെയും അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ ഒന്നിച്ച് കേരളം എന്ന പുതിയ സംസ്ഥാനം രൂപപ്പെട്ടു.
ഭാഷാടിസ്ഥാനത്തിലുള്ള ഈ ഏകീകരണം മലയാള ഭാഷ സംസാരിക്കുന്നവരുടെ ഐക്യത്തിന് അടിത്തറയിട്ടു. തുടര്‍ന്ന് ഒരു ഭരണ വ്യവസ്ഥിതി കൊണ്ടുവരുന്നതിന് 1957 ഫെബ്രുവരി 28ന് കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. പ്രസ്തുത തിരഞ്ഞെടുപ്പില്‍ ഇ എം എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരളം ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രാമുഖ്യമുള്ള മണ്ണായി മാറി. സാമൂഹിക സമത്വം, കര്‍ഷകരുടെ അവകാശങ്ങള്‍, തൊഴിലാളികളുടെ ക്ഷേമം, വിദ്യാഭ്യാസം, വികസനം എന്നിവ ഈ സര്‍ക്കാറിന്റെ മുഖ്യലക്ഷ്യങ്ങളായിരുന്നു.

കേരള നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന രൂപവത്കരണത്തിന് ശേഷവും നടപ്പാക്കി. സ്ത്രീകളുടെ വിദ്യാഭ്യാസം, ദളിതരുടെ അവകാശങ്ങള്‍ തുടങ്ങിയ പുരോഗമന ചിന്തകള്‍ വ്യാപകമായി പ്രചാരം നേടുകയും സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ അനവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ തുടങ്ങുകയും ഗ്രാമീണ പ്രദേശങ്ങളില്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. സാര്‍വത്രിക വിദ്യാഭ്യാസ വ്യവസ്ഥകള്‍ നടപ്പാക്കിയത് ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തി. തുടര്‍ന്ന് സാക്ഷരതാ വിപ്ലവം സാധ്യമാകുകയും ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായി കേരളം പുരോഗതി പ്രാപിക്കുകയും ചെയ്തു.

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വളര്‍ച്ച സ്തുത്യര്‍ഹമാണ്. ഇന്ത്യയില്‍ തന്നെ ആരോഗ്യ മേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആരോഗ്യ മേഖലകളിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോയി. ഈ കേരള മോഡല്‍ ഇന്ത്യയില്‍ ഒട്ടാകെ മാതൃകയായി മാറി. സംസ്ഥാനം രൂപപ്പെട്ടതിനു ശേഷം കൂടുതല്‍ സ്വയം പര്യാപ്തത ആത്മവിശ്വാസവും സാംസ്‌കാരിക ഐക്യവും കേരളം കൈവരിച്ചു. മലയാള ഭാഷയും സാഹിത്യവും വിവിധ കലാരൂപങ്ങളും മലയാളികള്‍ക്കിടയില്‍ പ്രാധാന്യമാര്‍ജിച്ചു. സാംസ്‌കാരിക ഉണര്‍വിന് പ്രചോദനം നല്‍കുന്ന ഈ ഘടകം കേരളത്തിന്റെ ഭൗതിക മുന്നേറ്റത്തിന് നിദാനമായി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി സ്വയംപര്യാപ്തതയുടെ മറ്റൊരു വശമാണ്. 2023 വര്‍ഷത്തില്‍ മാത്രം 1.25 ലക്ഷം സംരംഭങ്ങള്‍ നിലവില്‍ വന്നതായി സര്‍ക്കാര്‍ റിപോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം സംരംഭങ്ങളുടെ ആരംഭം കേരളത്തെ സാമ്പത്തികമായി ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിച്ചു. രണ്ട് ലക്ഷത്തിലധികമുള്ള വിവര സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങള്‍ കേരളത്തിന്റെ സാങ്കേതിക പുരോഗതിയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ കേരളത്തിന്റെ ടൂറിസം മേഖലയിലെ വളര്‍ച്ച ആഗോളതലത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്.

കഴിഞ്ഞ വര്‍ഷം മാത്രം 2.18 കോടി ആഭ്യന്തര സന്ദര്‍ശകരും, 6.49 ലക്ഷം വിദേശി സന്ദര്‍ശകരും എത്തിയതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലും കേരളം പിറകിലല്ല. ജല സംരക്ഷണ പദ്ധതികളും കാര്‍ഷിക പുനര്‍ നവീകരണങ്ങളും ഈ സംസ്ഥാനത്തിന്റെ പുരോഗമനത്തിന്റെ അടയാളങ്ങളാണ്. 2023ല്‍ മാത്രം ഏകദേശം 41,128 ടണ്ണിലധികം കാര്‍ഷിക ഉത്പാദനം നടത്താനായത് കാര്‍ഷിക മേഖലയുടെ പുരോഗതി വരച്ചുകാട്ടുന്നു. എന്നാല്‍ എക്കാലത്തും കേരളത്തിന് വെല്ലുവിളിയാകുന്നത് പ്രകൃതി ദുരന്തങ്ങളാണ്. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവ മൂലം കേരളത്തിന് ധാരാളം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നു. ദുരന്തനിവാരണ ഏജന്‍സികളുടെ കൃത്യമായ ഇടപെടലുകള്‍ മൂലം ഇത്തരം ദുരന്തങ്ങളില്‍ നിന്ന് ഭാവി കേരളത്തെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞേക്കും.

കേരളത്തിന്റെ ഭാവി സുസ്ഥിര വികസനവും സാംസ്‌കാരിക പുനരുജ്ജീവനവും കൂടിച്ചേര്‍ന്ന ഒരു സമഗ്ര വ്യൂഹമാണ്. പുതുതലമുറയെയും സാങ്കേതിക വിദ്യയെയും പ്രയോജനപ്പെടുത്തുന്നതിലൂടെ നവകേരളം സൃഷ്ടിക്കപ്പെടും. പുതിയ സംരംഭങ്ങള്‍ കൊണ്ടും പരിസ്ഥിതി സംരക്ഷണം കൊണ്ടും സാമൂഹിക ഐക്യത്തിലൂടെയും കേരള മോഡല്‍ ലോകത്തിന് എന്നും മാതൃകയായി തന്നെ നിലനില്‍ക്കും.