articles
ജനാധിപത്യ ഇന്ത്യ എത്ര നാള്‍?
അധികാരം ദുരുപയോഗം ചെയ്ത് എതിരാളികളില്‍ നിരന്തരം ഭയം സൃഷ്ടിക്കാന്‍ ഹിറ്റ്ലര്‍ ബദ്ധശ്രദ്ധനായിരുന്നു. പ്രതിപക്ഷ സ്വരങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്ന ഭരണാധികാരികളെ അതിന് പ്രേരിപ്പിക്കുന്നത് ഭയവും അപകര്‍ഷതയുമാണ് എന്നതിന് ശാസ്ത്രീയമായ സ്ഥിരീകരണം പില്‍ക്കാലത്തുണ്ടായി. 2014ന് ശേഷം മുന്‍ മാതൃകകള്‍ക്ക് വിഭിന്നമായി ജനാധിപത്യ ഇന്ത്യ സഞ്ചരിക്കുന്നതിന് മറ്റു കാരണങ്ങള്‍ തിരയേണ്ടതില്ല.
ഇരുപതാം നൂറ്റാണ്ടിനെ വിറപ്പിച്ച ഏകാധിപതിയായ ഹിറ്റ്ലര്‍ യഥാര്‍ഥത്തില്‍ ഒരു ഭീരുവായിരുന്നു എന്ന വിലയിരുത്തല്‍ നടത്തിയ ധാരാളം ചരിത്രകാരന്‍മാരുണ്ട്. ഒന്നാം ലോകമഹായുദ്ധ വേളയില്‍ മുന്‍നിരയില്‍ നിന്ന് സുരക്ഷാ ഭീതി കാരണം മാറി നടന്ന സൈനികനായിരുന്നു ഹിറ്റ്ലര്‍ എന്നതിന് നിരവധി ദൃക്സാക്ഷി മൊഴികളുണ്ട്. എന്നാല്‍ അധികാരം ദുരുപയോഗം ചെയ്ത് എതിരാളികളില്‍ നിരന്തരം ഭയം സൃഷ്ടിക്കാന്‍ ഹിറ്റ്ലര്‍ ബദ്ധശ്രദ്ധനായിരുന്നു. വിമര്‍ശനങ്ങളും എതിര്‍ സ്വരങ്ങളും ഭയപ്പാടോടെ കണ്ട അദ്ദേഹം എതിരാളികളെ നിര്‍ദയം അടിച്ചമര്‍ത്തി. ഇതിലൂടെയാണ് അദ്ദേഹം ഭയത്തെ മറി കടന്നിരുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ സ്വരങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്ന ഭരണാധികാരികളെ അതിന് പ്രേരിപ്പിക്കുന്നത് ഭയവും അപകര്‍ഷതയുമാണ് എന്നതിന് ശാസ്ത്രീയമായ സ്ഥിരീകരണം പില്‍ക്കാലത്തുണ്ടായി. 2014ന് ശേഷം മുന്‍ മാതൃകകള്‍ക്ക് വിഭിന്നമായി ജനാധിപത്യ ഇന്ത്യ സഞ്ചരിക്കുന്നതിന് മറ്റു കാരണങ്ങള്‍ തിരയേണ്ടതില്ല.
ഇന്ത്യയിലെ ഭരണ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി ജെ പിയും ഭരണത്തെ നയിക്കുന്നവരും തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ നേരിടുന്ന രീതി ഇന്ത്യയില്‍ മുമ്പ് കേട്ടുകേള്‍വി ഇല്ലാത്ത വിധമാണ്. വയസ്സുകാലത്ത് ജയിലില്‍ പോയി കിടക്കാന്‍ വയ്യെന്ന് വിലപിച്ചു കൊണ്ടാണ് തലമുറകളായി പ്രവര്‍ത്തിച്ചു പോന്ന കോണ്‍ഗ്രസ്സുമായുള്ള വൈകാരിക ചരടുകള്‍ അശോക് ചവാനെ പോലെയുള്ളവര്‍ ഛേദിക്കുന്നത്. ഹേമന്ദ് സോറനു ശേഷം അരവിന്ദ് കെജ്രിവാള്‍ കൂടി പ്രതികാര നടപടിക്ക് വിധേയനാകുമ്പോള്‍ രാജ്യത്ത് ബി ജെ പി അരിഞ്ഞു വീഴ്ത്തുന്ന മുഖ്യമന്ത്രിമാരുടെ എണ്ണം രണ്ടാകുന്നു.
ജെ എം എമ്മിനും ആപ്പിനും നേരേ മാത്രമല്ല, ‘ഇന്ത്യ’ മുന്നണിയിലെ ഓരോ ഘടകകക്ഷിയും അധികാര ദുര്‍വിനിയോഗത്തിന്റെ ഇരകളാണ്. സെന്തില്‍ ബാലാജിയുടെ അറസ്റ്റും കോലാഹലങ്ങളും മുമ്പ് ഏറെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. പുതുതായി, കെ പൊന്‍മുടിയെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശം ഗവര്‍ണര്‍ തടഞ്ഞു വെച്ചത് ഫെഡറല്‍ രീതികളെ അട്ടിമറിക്കാന്‍ പോന്നതാണ്. എന്‍ സി പി യെയും ശിവസേനയെയും പിളര്‍ത്തി പേരും ചിഹ്നവും കൊടിയും നിഷേധിച്ചു കഴിഞ്ഞു. രോഗാതുരനായ ലാലു പ്രസാദ് യാദവിനു പിന്നാലെ തേജസ്വിയുള്‍പ്പെടെ കുടുംബത്തെ മുഴുവന്‍ ഇപ്പോള്‍ വേട്ടയാടുകയാണ്. മമതയുടെ കുടുംബാംഗങ്ങളും വിശ്വസ്തരായ ഉദ്യോഗസ്ഥരും മുതല്‍ ടി എം സിയുടെ പ്രാദേശിക നേതാക്കള്‍ വരെയുള്ളവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരന്തര പീഡനം ഏറ്റുവാങ്ങുന്നു. ഫാറൂഖ് അബ്ദുല്ലയെ പോലും വെറുതെ വിടുന്നില്ല.
‘ഇന്ത്യ’ മുന്നണിയിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ എസ് ബി ഐ, പി എന്‍ ബി, കനറ ബേങ്ക്, ബേങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിലെ പതിനൊന്ന് അക്കൗണ്ടുകളാണ് ഇന്‍കം ടാക്സ് മരവിപ്പിച്ചത്. 2018-19ല്‍ ഫയല്‍ ചെയ്ത റിട്ടേണ്‍ വൈകിയതിന്റെ പിഴയായി 115 കോടി ഈടാക്കിയതിന്റെ പുറമെയാണിത്. പുതുതായി 1993-94ല്‍ സീതാറാം കേസരി ട്രഷററായിരുന്ന കാലത്ത് ഫയല്‍ ചെയ്ത അസ്സസ്‌മെന്റ് പിഴവ് ചൂണ്ടിക്കാട്ടിയ നോട്ടീസും അയച്ചിട്ടുണ്ട്. 31 കൊല്ലത്തെ പീനല്‍ ചാര്‍ജും പിഴയും പലിശയും കൂട്ടു പലിശയും ചേരുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ ട്രെയിന്‍ ടിക്കറ്റ് പോയിട്ട് കാലിച്ചായ കുടിക്കാന്‍ പോലും കോണ്‍ഗ്രസ്സിന്റെ ഖജനാവില്‍ മിച്ചം കാണില്ല. ഇ ഡിയും സി ബി ഐയും ചേര്‍ന്ന് ഡസന്‍ കണക്കിന് നേതാക്കളെ കൂറുമാറ്റിയും നിരവധി സംസ്ഥാന ഭരണങ്ങളെ വീഴ്ത്തിയും രാഹുലും സോണിയയുമടക്കമുള്ളവരെ ചോദ്യം ചെയ്തും ചിദംബരവും ഡി കെ ശിവകുമാറുമടക്കമുള്ളവരെ ജയിലിലിട്ടും നടത്തിയ താഡനങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ്സിനെ പാപ്പരാക്കാന്‍ ഇന്‍കം ടാക്സിനെ ചങ്ങലയഴിച്ച് വിടുന്നത്. ഇത്തരം അന്യായങ്ങള്‍ പരസ്യമായി ചെയ്യുന്നവര്‍ രഹസ്യമായി ഇ വി എം അട്ടിമറിക്കാന്‍ എന്തിനു മടിക്കണമെന്ന ചോദ്യം ഇന്ന് രാജ്യത്തെങ്ങു നിന്നും ഉയര്‍ന്ന് കൊണ്ടിരിക്കുന്നു.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഭരണമുള്ള ‘ഇന്ത്യ’ മുന്നണിയിലെ ഏക കോണ്‍ഗ്രസ്സിതര പാര്‍ട്ടി എ എ പിയാണ്. കോണ്‍ഗ്രസ്സ് വിരുദ്ധത മാറ്റിവെച്ച് കെജ്രിവാള്‍ ‘ഇന്ത്യ’ മുന്നണിയില്‍ ചേര്‍ന്നത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിരുന്നു. ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ആപ്പിനെതിരായ പ്രതികാര നടപടികള്‍ക്ക് ആക്കം കൂടിയത് അങ്ങനെയാണ്. 2021 നവംബറില്‍ നടപ്പാക്കുകയും 2022 ജൂലൈയില്‍ പിന്‍വലിക്കുകയും ചെയ്ത എക്സൈസ് സ്വകാര്യവത്കരണ നിയമത്തിന്റെ പേരില്‍ ആപ്പിനെ കുരിശില്‍ തറക്കുന്നത് കാണുമ്പോള്‍ ഇന്ത്യയുടെ കരയും കടലും ആകാശവും തീറെഴുതി വാങ്ങിയ അദാനിമാരും അംബാനിമാരും പൊട്ടിച്ചിരിക്കുമെന്ന് ഉറപ്പാണ്.
2023 ഫെബ്രുവരി മുതല്‍ മനീഷ് സിസോദിയ ജയിലില്‍ കഴിയാന്‍ കാരണം ദിനേഷ് അറോറ നല്‍കിയ ദുര്‍ബലമായ സാക്ഷിമൊഴിയാണ്. അതോടെ അറോറക്ക് രക്ഷാമാര്‍ഗം തെളിഞ്ഞു. സത്യേന്ദ്ര ജയിന്‍ 2022 മെയ് മുതലും സഞ്ജയ്സിംഗ് 2023 ഒക്ടോബര്‍ മുതലും ജയിലിലാണ്. മറ്റൊരു പ്രതിയായിരുന്ന അരുണ്‍ രാമചന്ദ്ര പിള്ളയുടെ സാക്ഷിമൊഴി മുന്‍നിര്‍ത്തിയാണ് കെ കവിതയെ അറസ്റ്റ് ചെയ്തത്. എ എ പിയെ ക്ഷയിപ്പിക്കാമെന്നതും തിരഞ്ഞെടുപ്പ് മുഖത്ത് നിന്ന് താരപരിവേഷമുള്ള ഒരാളെ അകറ്റിനിര്‍ത്താമെന്നതുമാണ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്. ഏറെ രസകരം ഡല്‍ഹി സര്‍ക്കാറിന്റെ മദ്യനയത്തിന് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന എല്‍ ജി സക്സേന അനുമതി നല്‍കിയിരുന്നു എന്നതാണ്. നോട്ട് നിരോധന കാലത്ത് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ 1,400 കോടി മാറ്റിയെടുത്തു എന്ന ആരോപണം ഇദ്ദേഹം നേരിട്ടിരുന്നു.
ഇ ഡി, സി ബി ഐ, ഇന്‍കം ടാക്സ് തുടങ്ങിയവ ബി ജെ പിയുടെ പോഷക സംഘടനകളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ശക്തമായ ആരോപണമുണ്ട്. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തായതോടെ അവ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുള്ള 14 സ്ഥാപനങ്ങളാണ് ബോണ്ടില്‍ നിക്ഷേപമിറക്കി നടപടികളില്‍ നിന്ന് തലയൂരിയത്. 2019 ഏപ്രില്‍ രണ്ടിനാണ് ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസിന്റെ 410 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയത്.
2019 ഏപ്രില്‍ 22 മുതലിങ്ങോട്ട് ഫ്യൂച്ചര്‍ ഗെയിമുകാര്‍ നിക്ഷേപിച്ച ബോണ്ട് തുക 1,368 കോടിയാണ്. ഒക്ടോബര്‍ 2019ല്‍ മേഘ എന്‍ജിനീയറിംഗ് കമ്പനിയില്‍ ഐ ടി – ഇ ഡി റെയ്ഡുകള്‍ നടന്നു. 2020 മുതലിങ്ങോട്ട് മേഘ ബോണ്ടില്‍ നിക്ഷേപിച്ച തുക 966 കോടിയാണ്. 2022 ആഗസ്റ്റില്‍ വേദാന്ത
ഇ ഡി റെയ്ഡ് ചെയ്തു. ഒക്ടോബറില്‍ വേദാന്ത 400 കോടി ഇലക്ടറല്‍ ബോണ്ടിന് ചെലവാക്കി. ഹീത്രോ ഡ്രഗ് ഗ്രൂപ്പ് കമ്പനികള്‍, മൈക്രോലാബ്, എം എസ് എന്‍ ഫാര്‍മ, അരബിന്ദോ ഫാര്‍മ, മാന്‍ കൈന്‍ഡ് ഫാര്‍മ തുടങ്ങിയ ഗുരുതര വീഴ്ചകള്‍ക്ക് അന്വേഷണം നേരിട്ടു പോന്നവരൊക്കെ കോടികളുടെ ഇലക്ടറല്‍ ബോണ്ട് സ്വന്തമാക്കിയതിലൂടെ വിശുദ്ധരായി മാറി. 6,060 കോടിയാണ് ഇലക്ടറല്‍ ബോണ്ട് വഴി ബി ജെ പി സമാഹരിച്ചത്.
2014ന് ശേഷം ഇ ഡിയും സി ബി ഐയും എടുത്ത കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ളതാണ്. യു പി എ കാലത്ത് അവ സി ബി ഐയുടേത് 35 ശതമാനവും ഇ ഡിയില്‍ 41 ശതമാനവുമായിരുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ ബി ജെ പിയിലോ സഖ്യത്തിലോ ചേരുന്നതോടെ കേസുകള്‍ അപ്രസക്തമാകുന്നതും വലിയ ചര്‍ച്ചയാണ്. ഹിമന്ദബിശ്വ ശര്‍മ, സുവേന്ദു അധികാരി, നാരായണ്‍ റാണെ, അജിത് പവാര്‍, അശോക് ചവാന്‍ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. കള്ളപ്പണ നിരോധന നിയമം ഛട്ടം 45 ആണ് ഇ ഡിയുടെ വജ്രായുധം.
ഇതുപ്രകാരം കെട്ടിച്ചമച്ച കേസാണെന്ന് കോടതി ഊഹിച്ചാലും ജാമ്യം നല്‍കാനാകില്ല. പ്രതി കുറ്റം ചെയ്തിട്ടില്ല എന്നും ജാമ്യം ലഭിച്ചാല്‍ തുടര്‍ന്ന് കുറ്റം ചെയ്യില്ല എന്നുറപ്പുണ്ടെങ്കിലും മാത്രമാണ് ജാമ്യം ലഭിക്കുക. തന്മൂലം നിരവധി പ്രമുഖ വ്യക്തികളും അല്ലാത്തവരും വര്‍ഷത്തിലധികമായി ഇന്ത്യന്‍ ജയിലുകളില്‍ ജാമ്യം കിട്ടാതെ നരകിക്കുകയാണ്. 2017ല്‍ സുപ്രീം കോടതി ഈ ചട്ടം റദ്ദാക്കിയെങ്കിലും ഭേദഗതികളോടെ പാര്‍ലിമെന്റ് വീണ്ടും ചട്ടം പ്രാബല്യത്തില്‍ വരുത്തി. ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടും, പോരാത്തതിന് അനന്തകാലം ജയിലിലും കിടക്കണം. പകരം ബി ജെ പി പോരേ എന്ന ചോദ്യത്തിനു മുന്നില്‍ ഭൂരിപക്ഷവും കീഴടങ്ങുന്നതിന്റെ പ്രധാന കാരണമതാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ ഇനിയും പുരോഗമിക്കുന്ന പക്ഷം ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമെന്ന വിളിപ്പേര് പോയിട്ട് കേവല ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉണ്ടാകണമെന്നില്ല.