Connect with us

Siraj Article

എത്ര കാലം സ്‌കൂള്‍ അടച്ചിടും?

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഗണിത ശേഷിയില്‍ 82 ശതമാനവും ഭാഷാപരമായ കഴിവില്‍ 92 ശതമാനവും കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് അസിം പ്രേംജി സര്‍വകലാശാല കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഗണിതത്തിലും ഭാഷാപരമായ വിഷയങ്ങളിലും നമ്മുടെ രാജ്യത്തെ കുട്ടികള്‍ പിറകോട്ട് പോകുന്നു എന്നര്‍ഥം. കുറെ മാസങ്ങള്‍ സ്‌കൂളില്‍ നിന്ന് വിട്ട് നിന്നതിനാല്‍ കുട്ടികളില്‍ പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെടുകയോ പഠനത്തോടുള്ള ഗൗരവം കുറഞ്ഞുപോകുകയോ ചെയ്യുന്ന പ്രവണതയുമുണ്ട്

Published

|

Last Updated

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ക്കാണ് ഇന്ത്യയില്‍ സ്‌കൂളുകള്‍ വ്യാപകമായി അടച്ചിടപ്പെടാന്‍ തുടങ്ങിയത്. പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറന്നത് രണ്ട് വര്‍ഷത്തോളം കഴിഞ്ഞാണ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവ വീണ്ടും അടച്ചിടപ്പെടുന്നതോടെ ഭാവിയില്‍ സാമൂഹികമായി ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം നീങ്ങുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിട്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് വീണ്ടും മാറി. കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റു സ്ഥലങ്ങളെല്ലാം തുറന്നിടുകയും സ്‌കൂള്‍ മാത്രം അടച്ചിടുകയും ചെയ്യുന്നതില്‍ ഒരു കാര്യവുമില്ലെന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ജെയ്മി സവേന്ദ്ര ഈയിടെ പറഞ്ഞത്. മറ്റെല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് മാത്രം കൊവിഡ് വ്യാപിക്കാനിടയുണ്ടെന്നതിന് കൃത്യമായ പഠനങ്ങളുമില്ല. ചുരുങ്ങിയ പക്ഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ലോകത്ത് കൊവിഡിന്റെ വിവിധ വകഭേദങ്ങള്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട് ജീവിക്കുകയെന്നത് എങ്ങനെയാണ് പ്രായോഗികമാവുക? കൊവിഡിനൊപ്പം ജീവിക്കുക എന്ന തത്വം പല വിദേശ രാജ്യങ്ങളിലും സ്വീകരിക്കുകയും അതിനനുസരിച്ച് സാമ്പത്തിക സാമൂഹിക രംഗം ക്രമപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണിപ്പോള്‍.

കൊവിഡ് കാലത്ത് രാജ്യത്ത് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ പഠനപരമായി ഇന്ത്യയിലെ കുട്ടികള്‍ ഏറെ പിന്നാക്കം പോയെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറുന്നതോടെ ഈ പിന്നാക്കാവസ്ഥയുടെ ആഴം ഇനിയും കൂടും. ഇന്ത്യയില്‍ ഇന്നും പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ടാബ് എന്നിവയിലേതെങ്കിലുമൊന്ന് വാങ്ങാനും ഉപയോഗിക്കാനും കഴിവുള്ള ഒരു വിഭാഗം വിദ്യാര്‍ഥികളും ഈ സൗകര്യങ്ങളൊന്നുമില്ലാത്ത മറ്റൊരു കൂട്ടം വിദ്യാര്‍ഥികളുമായി രണ്ട് തരം വേര്‍തിരിവ് വന്നുകഴിഞ്ഞു.

ഇന്ത്യയില്‍ 27 ശതമാനം കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ അതല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പോലോത്ത ഉപകരണങ്ങളുടെ സൗകര്യങ്ങളില്ലെന്നാണ് കഴിഞ്ഞ വര്‍ഷത്തെ എന്‍ സി ഇ ആര്‍ ടിയുടെ പരിശോധനയില്‍ കണ്ടെത്തിയത്. അതിനാല്‍ ഈ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. ഇന്റര്‍നെറ്റ് കണക്്ഷന്‍ ഇല്ലാത്ത 35 ശതമാനം സ്‌കൂളുകളുണ്ടെന്നാണ് യു ഡി ഐ എസ് ഇ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സമാനമായ രീതിയില്‍ വിവിധ സാമൂഹിക വിഭാഗങ്ങളിലെ ദാരിദ്ര്യത്തിന്റെയും പിന്നാക്കാവസ്ഥയുടെയും കണക്ക് പരിശോധിക്കുമ്പോള്‍ പിന്നാക്കക്കാര്‍ വീണ്ടും പിന്തള്ളപ്പെടുന്നതായും കാണാം. മേല്‍പ്പറഞ്ഞ ഉപകരണങ്ങളുണ്ടെങ്കിലും ഇന്റര്‍നെറ്റ് ബന്ധമില്ലാത്ത കുട്ടികള്‍ നിരവധിയുണ്ട്. ഇന്ത്യയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 12 ശതമാനം കുട്ടികള്‍ക്കും പട്ടിക വര്‍ഗത്തില്‍പ്പെട്ട 16 ശതമാനം കുട്ടികള്‍ക്കും മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ളത്. മറ്റു പിന്നാക്ക വിഭാഗത്തിലെ (ഒ ബി സി) 22 ശതമാനം കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ല. ഇവര്‍ക്ക് നേരിട്ടുള്ള വിദ്യാഭ്യാസമോ ഓണ്‍ലൈന്‍ വിദ്യാഭ്യാസമോ രണ്ട് വര്‍ഷമായി കിട്ടുന്നില്ല എന്നതാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ 40 മുതല്‍ 80 ശതമാനം വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളില്ലാത്തവരാണെന്നാണ് ബോട്‌സണ്‍ ഗ്രൂപ്പ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 80 ശതമാനത്തോളം അധ്യാപകര്‍ക്ക് തങ്ങളുടെ പഠിതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ ഓണ്‍ലൈനിലൂടെ സാധിക്കുന്നില്ലെന്നും 70 ശതമാനം കുട്ടികള്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി പരീക്ഷയോ മൂല്യനിര്‍ണയമോ നടക്കുന്നില്ലെന്നും ബോട്‌സണ്‍ ഗ്രൂപ്പിന്റെ പഠനത്തില്‍ പറയുന്നു.

2018ല്‍ 36.5 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. 2021 ആയപ്പോഴേക്ക് അത് 67.6 ശതമാനമായി ഉയര്‍ന്നെങ്കിലും ബാക്കിയുള്ള കുട്ടികള്‍ക്ക് ഇന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്ത അവസ്ഥയാണ്. മൊബൈല്‍ ഫോണ്‍ ഉള്ള കുട്ടികളാകട്ടെ 79 ശതമാനവും സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നവരുമാണ്. ഇന്ത്യയിലെ 15 ശതമാനം കുടിയേറ്റ താമസക്കാരുടെ കുട്ടികള്‍ക്കും പഠനം നഷ്ടപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ യൂനിസെഫ് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 2020ല്‍ ഇന്ത്യയില്‍ സ്‌കൂളുകള്‍ അടച്ചതു മുതല്‍ 35.6 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ നിന്ന് യഥാവിധം പഠനോപാധികള്‍ ലഭിച്ചതെന്ന് ഐസര്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. കേരളം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് താരതമ്യേന ഫോണുകളും ഭേദപ്പെട്ട വിദ്യാഭ്യാസവും ഇക്കാലയളവില്‍ കിട്ടിയത്.

2020ന്റെ ആദ്യ ഘട്ടത്തില്‍ ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിട്ടുണ്ടെങ്കിലും 2021ല്‍ വിവിധ രാജ്യങ്ങളില്‍ ഇതിനകം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക (75-80 ശതമാനം), ദക്ഷിണാഫ്രിക്ക (80-85 ശതമാനം), ആസ്‌ത്രേലിയ (80-85 ശതമാനം), യുഎ ഇ തുടങ്ങിയ രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

പഠനം ക്ലാസ്സ് റൂമില്‍ നിന്ന് ഓണ്‍ലൈനിലേക്ക് മാറ്റപ്പെട്ടതോടെ പഠന നഷ്ടത്തിന് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ഓരോ കുട്ടിക്കും ലഭിക്കേണ്ട നൈപുണികള്‍ കൂടിയാണ് നഷ്ടമാകുന്നത്. ക്ലാസ്സ് മുറികളെന്നത് വെറും വിവരം ശേഖരിക്കപ്പെടുന്ന സ്ഥലങ്ങളല്ല. വിവര ശേഖരണത്തിനാണെങ്കില്‍ ഇന്ന് ഗൂഗിള്‍, യൂട്യൂബ് തുടങ്ങി അനേകം വെബ്‌സൈറ്റുകളില്‍ നിന്ന് ശേഖരിക്കാം. ഓരോ കുട്ടിയുടെയും സാമൂഹികവും മാനസികവുമായ വളര്‍ച്ചക്കാവശ്യമായ നിരവധി ഘടകങ്ങള്‍ കുട്ടികള്‍ ക്ലാസ്സ് മുറിയില്‍ നിന്ന് നേടേണ്ടതുണ്ട്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയെന്ന നിലയില്‍ മറ്റുള്ള ജനങ്ങളോട് ഇടപഴകാനും വിവിധ സാമൂഹീകരണ പ്രക്രിയക്കും ക്ലാസ്സ് മുറികള്‍ കുട്ടികളെ സാഹായിക്കുന്നുണ്ട്. സമൂഹത്തിലെ വിവിധ കുടുംബങ്ങളില്‍ നിന്ന് വരുന്ന മറ്റു കുട്ടികളുമായി ഇടപെടാന്‍ ക്ലാസ്സ് മുറികള്‍ ഓരോ കുട്ടിക്കും അവസരം നല്‍കുന്നു. വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറുന്നതോടെ ഈ അവസരം കുട്ടികള്‍ക്ക് ഇല്ലാതാകുകയാണ്.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ധാരാളം സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ കേരള സിലബസിലും സി ബി എസ് ഇ സിലബസുകളിലും നിരവധി പാഠഭാഗങ്ങളാണ് നീക്കം ചെയ്തത്. ഓരോ ക്ലാസ്സുകളിലും കുട്ടി ആര്‍ജിക്കേണ്ട പഠന നേട്ടങ്ങളാണ് നമ്മുടെ സിലബസിന്റെ ഭാഗമായി വരുന്നത്. പഠന ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെ പാഠഭാഗങ്ങള്‍ നീക്കുന്നതോടെ അവരുടെ പഠന നിലവാരവും കുറഞ്ഞുപോകാന്‍ ഇടയാകുന്നു. കുറച്ചു ഭാഗം ഫോക്കസ് ഏരിയ നിര്‍ണയിച്ച് അവിടെ നിന്ന് മാത്രം ചോദ്യങ്ങള്‍ നല്‍കിയാണ് കഴിഞ്ഞ തവണ പരീക്ഷ നടത്തിയത്. ചരിത്രപരമായ വിജയ ശതമാനവും ഇക്കാലത്തുണ്ടായി. എന്നാല്‍ ഓരോ ക്ലാസ്സിലും കുട്ടികള്‍ നേടേണ്ട അറിവുകളും നൈപുണികളും നേടിയാണോ അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം നേടുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഗണിത ശേഷിയില്‍ 82 ശതമാനവും ഭാഷാപരമായ കഴിവില്‍ 92 ശതമാനവും കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് അസിം പ്രേംജി സര്‍വകലാശാല കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഗണിതത്തിലും ഭാഷാപരമായ വിഷയങ്ങളിലും നമ്മുടെ രാജ്യത്തെ കുട്ടികള്‍ പിറകോട്ട് പോകുന്നു എന്നര്‍ഥം. കുറെ മാസങ്ങള്‍ സ്‌കൂളില്‍ നിന്ന് വിട്ട് നിന്നതിനാല്‍ കുട്ടികളില്‍ പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെടുകയോ പഠനത്തോടുള്ള ഗൗരവം കുറഞ്ഞുപോകുകയോ ചെയ്യുന്ന പ്രവണതയുമുണ്ട്. കഴിഞ്ഞ വര്‍ഷം പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ ചില ടേമുകളിലെ പരീക്ഷകള്‍ ഒഴിവാക്കിയതിനാല്‍ ഇത്തവണയും പരീക്ഷകള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പഠനത്തിന് മതിയായ ഗൗരവം നല്‍കാത്ത വിദ്യാര്‍ഥികള്‍ ഏറെയുണ്ടെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഷ്ടപ്പെട്ട് പഠിച്ചിട്ട് അവസാനം പരീക്ഷയില്ലെങ്കില്‍ പിന്നെന്തിനാണ് പഠിക്കുന്നതെന്ന മനോഗതി പല കുട്ടികളിലും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും സംഭവിക്കുമെന്നാണവര്‍ കണക്ക് കൂട്ടുന്നത്. പരീക്ഷ നടക്കാതെ വിജയിച്ചുകയറിയ പത്തിലെയും പതിനൊന്നിലെയും കുട്ടികള്‍ക്ക് ഇപ്പോള്‍ അടുത്ത ക്ലാസ്സുകളിലെ പാഠ്യ ഉള്ളടക്കം മനസ്സിലാകാത്ത പ്രശ്‌നവുമുണ്ട്. ദീര്‍ഘ കാലമായുള്ള ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ മടുപ്പുണ്ടാക്കിയിട്ടുമുണ്ട്. ദീര്‍ഘ നേരം ഓണ്‍ലൈനില്‍ ഇരിക്കേണ്ടി വരുന്നതിനാല്‍ ഒരു വിഷയത്തില്‍ കൂടുതല്‍ നേരം ശ്രദ്ധിച്ചിരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കുട്ടികളെ ഓരോരുത്തരെയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല.

നമ്മുടെ സമൂഹത്തിന്റെ ഹൃദയമാണ് സ്‌കൂളുകള്‍. ഓരോ കുട്ടിയും അവരുടെ കുട്ടിക്കാലം കൂടുതലും ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ്. വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയത്തിനാവശ്യമായ അക്കാദമിക, സാമൂഹിക, വൈകാരിക, മാനസിക, ആരോഗ്യ പിന്തുണകള്‍ ലഭിക്കാനും അതുറപ്പാക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമാണ് സ്‌കൂളുകള്‍. ഇനിയും കൊവിഡിന്റെ തരംഗങ്ങളുണ്ടായാലും സ്‌കൂളുകള്‍ അടക്കുകയെന്നത് അവസാന മാര്‍ഗമായി മാത്രമേ നാം പരിഗണിക്കാവൂ.

Latest