Connect with us

Editorial

എത്ര ജീവന്‍ പൊലിയണം, റോഡ് നന്നാകാന്‍

മഴ പെയ്താല്‍ റോഡുകളിലുടനീളം കുഴികള്‍ പ്രത്യക്ഷപ്പെടുകയായി. ക്രമേണ അത് വലുതായി ഗര്‍ത്തങ്ങളായി മാറുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാല്‍നട പോലും പ്രയാസകരമാണ് പല റോഡുകളിലും. പശവെച്ചുണ്ടാക്കിയതാണോ സംസ്ഥാനത്തെ റോഡുകളെന്നാണ് ഹൈക്കോടതി ചോദിച്ചത്.

Published

|

Last Updated

‘കുള’ങ്ങളും ‘കിണറു’കളുമാണ് സംസ്ഥാനത്തെ റോഡുകളിലുടനീളം. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ദിനംപ്രതി റോഡുകളിലെ കുഴികളില്‍ വീഴുന്നതും പരുക്കേല്‍ക്കുന്നതും. ഞായറാഴ്ച ഗുരുവായൂര്‍-കുണ്ടുപറമ്പ് സംസ്ഥാന പാതയില്‍ എരമംഗലത്ത് ബൈക്ക് കുഴിയില്‍ പതിച്ച് ഭര്‍ത്താവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഗര്‍ഭിണി വീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയുണ്ടായി. വ്യാഴാഴ്ച രാത്രി ആലുവ പെരുമ്പാവൂര്‍ ദേശസാത്കൃത റോഡില്‍ ചൊവ്വര ജംഗ്ഷനില്‍ ബൈക്ക് കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതര പരുക്കേറ്റു. ഒരാഴ്ച മുമ്പ് ഇതേ റോഡില്‍ മറ്റൊരു കുഴിയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് വീണ് ഇരുവര്‍ക്കും പരുക്കേറ്റിരുന്നു. കുഴികളില്‍ വീണ് ജീവന്‍ നഷ്ടപ്പെടുന്നവരും വിരളമല്ല. ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തില്‍ 2023ല്‍ റോഡപകടങ്ങളില്‍ മരിച്ചവര്‍ 4,010 പേരാണ്. ഇതില്‍ നല്ലൊരു പങ്ക് റോഡുകളുടെ ശോച്യാവസ്ഥ മൂലം സംഭവിച്ചതാണ്.

മഴ പെയ്താല്‍ റോഡുകളിലുടനീളം കുഴികള്‍ പ്രത്യക്ഷപ്പെടുകയായി. ക്രമേണ അത് വലുതായി ഗര്‍ത്തങ്ങളായി മാറുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാല്‍നട പോലും പ്രയാസകരമാണ് പല റോഡുകളിലും. പശവെച്ചുണ്ടാക്കിയതാണോ സംസ്ഥാനത്തെ റോഡുകളെന്നാണ് ഹൈക്കോടതി ചോദിച്ചത്. എറണാകുളം സൗത്ത് മേല്‍പ്പാലം റോഡിന്റെ ശോച്യാവസ്ഥ പരാമര്‍ശിക്കവെയായിരുന്നു കോടതിയുടെ ഈ വിമര്‍ശം. നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിമാര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദേശീയ പാതയുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടക്കാത്തതിനെ വിമര്‍ശിച്ച കോടതി, എത്ര ജീവനുകള്‍ ബലികൊടുത്താലാണ് റോഡുകള്‍ നന്നാവുകയെന്നും ചോദിച്ചു.

നാഷനല്‍ ഹൈവേ അതോറിറ്റിയും സ്റ്റേറ്റ് പി ഡബ്ല്യു ഡിയും കോര്‍പറേഷനും മുനിസിപാലിറ്റി- പഞ്ചായത്തുകളുമാണ് യഥാക്രമം ദേശീയ, സംസ്ഥാന, നഗര, പട്ടണ, പഞ്ചായത്ത് റോഡുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ബാധ്യതപ്പെട്ടവര്‍. ഈ ഭരണ വിഭാഗങ്ങളുടെ അനാസ്ഥയാണ് റോഡുകളുടെ പെട്ടെന്നുള്ള തകര്‍ച്ചക്കും അറ്റകുറ്റപണികളുടെ കാലതാമസത്തിനും കാരണം. കോടികള്‍ ചെലവിട്ടു നിര്‍മിച്ച റോഡുകള്‍ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തകരുന്നു. ആദ്യ മഴയില്‍ തന്നെ റോഡുകള്‍ പൊട്ടിപ്പൊളിയുന്നതും പതിവാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയും അപാകതകളുമാണ് കാരണം. കരാറുകാര്‍ ടാറിംഗിനും കോണ്‍ക്രീറ്റിനും മതിയായ വിധം സാമഗ്രികള്‍ ചേര്‍ക്കുന്നില്ല. അത് പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തേണ്ട എന്‍ജിനീയര്‍മാരും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നു. കരാറുകാരും എന്‍ജിനീയര്‍മാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ റോഡിന്റെ ഗുണനിലവാരം ഇല്ലാതാകുകയാണ്.

മഴയാണ് റോഡ് തകര്‍ച്ചക്ക് അധികൃതര്‍ പറയുന്ന കാരണം. എന്നാല്‍ ഹൈക്കോടതി പറഞ്ഞതു പോലെ കേരളത്തില്‍ മാത്രമല്ലല്ലോ മഴ. മറ്റു സംസ്ഥാനങ്ങളിലും ഇതര രാജ്യങ്ങളിലും വര്‍ഷിക്കുന്നുണ്ട് വന്‍തോതില്‍ മഴ. അവിടങ്ങളിലെല്ലാം മഴയില്‍ തകരാതെ റോഡുകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും അവശേഷിക്കുന്നുണ്ട്. അവര്‍ നാടുവിട്ടു പോയി മുക്കാല്‍ നൂറ്റാണ്ടിലേറെയായിട്ടും ഇപ്പോഴും മാറ്റിപ്പണിയേണ്ട ആവശ്യമില്ലാത്തവയാണ് അവരുടെ നിര്‍മിതികളില്‍ പലതും. നിര്‍മാണത്തിലെ മികവാണ് കാരണം. മഴയെ അതിജീവിക്കാന്‍ കെല്‍പ്പുള്ള നിലവാരമുള്ള റോഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യകളില്ലാത്തതു കൊണ്ടല്ല. റോഡിനായി പൊതുഖജനാവില്‍ നിന്ന് ഒഴുക്കുന്നതിന്റെ പകുതി പോലും ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലെന്നതാണ് പ്രശ്നം. എന്‍ജിനീയര്‍മാരും കരാറുകാരുമാണ് ഇതില്‍ മുഖ്യപ്രതികളെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഴയില്‍ തകരാത്ത റോഡുകള്‍ നിര്‍മിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ചൊഴിയണമെന്ന് എന്‍ജിനീയര്‍മാരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്‍ജിനീയര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വലിയൊരു പട തന്നെയുണ്ട് പൊതുമരാമത്ത് വകുപ്പില്‍. പൊതുജനം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക്, പൗരന്മാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റുന്ന വിധം റോഡുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താനാകുന്നില്ലെങ്കില്‍ സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്നാണ് കോടതി ഉണര്‍ത്തിയത്.

ഭരണഘടനയനുസരിച്ച് ഓരോ പൗരനും സുരക്ഷിതമായ ജീവിതം നയിക്കാന്‍ അവകാശമുണ്ട്. നല്ല റോഡുകള്‍ക്കുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുമെന്ന് റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് 2022 സെപ്തംബര്‍ 19ന് കര്‍ണാടക ഹൈക്കോടതി വിധിപ്രസ്താവത്തില്‍ പറയുന്നു. നികുതിയടക്കുന്ന രാജ്യത്തെ പൗരന്മാര്‍ റോഡുകളില്‍ അപകട ഭീഷണി നേരിടുന്നത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. കുഴികളില്ലാത്ത, യാത്രക്കാരെ അപകടത്തില്‍ ചാടിക്കാത്ത റോഡുകള്‍ ഉറപ്പ് വരുത്താന്‍ പൊതുമരാമത്ത് വകുപ്പിന് ബാധ്യതയുണ്ട്. റോഡപകടങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ വര്‍ഷാന്തം ബോധവത്കരണം നടത്തിവരുന്നു. യാത്രക്ക് സുരക്ഷിതമായ റോഡുകള്‍ നല്‍കാതെ ബോധവത്കരണം നടത്തിയിട്ടെന്ത്?

കാലത്തിനനുസൃതമായി റോഡുകളുടെ നിര്‍മാണത്തില്‍ മാറ്റം വരുത്തേണ്ടതുമുണ്ട്. വാഹനങ്ങളുടെ എണ്ണം 2013നെ അപേക്ഷിച്ച് 2022ല്‍ ഇരട്ടിയായി ഉയര്‍ന്നു. എട്ടുംപത്തും ടണ്‍ ഭാരവുമായി ഓടിക്കൊണ്ടിരുന്ന ലോറികളുടെ സ്ഥാനത്ത് മുപ്പതും നാല്‍പ്പതും ടണ്‍ ഭാരം വഹിക്കുന്ന കൂറ്റന്‍ ട്രക്കുകളാണ് സംസ്ഥാനത്ത് ഓടുന്നത്. ഈ മാറ്റത്തിനനുസരിച്ച് റോഡുകളുടെ ബലവും മികവും ഉയരാത്തതും പെട്ടെന്നുള്ള തകര്‍ച്ചക്ക് വഴിവെക്കുന്നു.

 

Latest