Connect with us

Articles

എത്ര പള്ളികള്‍ പൊളിയണം, മുസ്‌ലിം ജീവിതം അധികൃതമാകാന്‍?

സോമനാഥ ക്ഷേത്രത്തിനു സമീപമുള്ള ജഅ്ഫര്‍ മുജ്ജഫര്‍ ദര്‍ഗയും പള്ളിയും ഖബര്‍സ്ഥാനുമാണ് 36 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ശനിയാഴ്ച പുലര്‍ച്ചെ പൊളിച്ചുനീക്കിയത്. 1,200 വര്‍ഷം പഴക്കമുണ്ട് ഈ ദര്‍ഗക്ക്. സര്‍ക്കാര്‍ ഭൂമിയിലാണ് എന്നാരോപിച്ചാണ് അധികൃതര്‍ ഈ കടുംകൈ ചെയ്തത്. ഇന്ത്യ എന്ന ആശയം തന്നെ രൂപപ്പെടുന്നതിന് മുമ്പ് നിലനില്‍ക്കുന്ന സ്ഥാപനത്തിനു മേല്‍ ഭരണകൂടം കണ്ണുവെക്കുന്നു, ഒരു സുപ്രഭാതത്തില്‍ പൊളിച്ചെറിയുന്നു. എന്നിട്ടും രാജ്യം അനക്കമറ്റ് നില്‍ക്കുന്നു.

Published

|

Last Updated

1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ബാബരി മസ്ജിദ് പൊളിച്ചു. അതൊരു നീണ്ടകാല ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടെയും പര്യവസാനമായിരുന്നു. ശൂന്യതയില്‍ നിന്ന് വിവാദം പടച്ചുണ്ടാക്കി, അതിനെ രാഷ്ട്രീയവത്കരിച്ച്, ആ രാഷ്ട്രീയത്തെ മതവത്കരിച്ച്, ആ മതവത്കരണത്തെ വര്‍ഗീയതയായി പരിവര്‍ത്തിപ്പിച്ച് നടത്തിയ ഹീനമായ ഭീകരപ്രവര്‍ത്തനമായിരുന്നു ബാബരി മസ്ജിദിന്റെ പൊളിക്കല്‍. ഒരു മുസ്ലിം പള്ളിയെ മുന്‍നിര്‍ത്തി പടച്ചുണ്ടാക്കിയ വ്യാജ ചരിത്രത്തെയും തെറ്റായ അവകാശവാദത്തെയും പില്‍ക്കാലത്ത് രാമജന്മഭൂമി പ്രസ്ഥാനമായി വളര്‍ത്തിയെടുത്തത് ആര്‍ എസ് എസിന്റെ ‘മിടുക്ക്.’ ബാബരി മസ്ജിദ് തലയുയര്‍ത്തി നിന്ന ഭൂമിയിലിപ്പോള്‍ കാണാവുന്നത് രാമക്ഷേത്രം. ഭരണകൂടവും ജുഡീഷ്യറിയും പൊതുബോധവും ചേര്‍ന്ന് സൃഷ്ടിച്ച ഒത്തുതീര്‍പ്പ് പ്രകാരമാണ് അവിടെ ക്ഷേത്രമുയര്‍ന്നത്.

ഹിന്ദുത്വയുടെ പള്ളിമോഹം ബാബരിയില്‍ അവസാനിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചിരുന്നു. ബാബരി ഭൂമി വിട്ടുനല്‍കുന്നതോടെ രാജ്യത്ത് നീണ്ടകാലം നീറിപ്പുകഞ്ഞ കനല്‍ കെട്ടടങ്ങുമെങ്കില്‍ ആകട്ടെ എന്ന് ചിന്തിച്ചവരാണ് ഇന്നാട്ടിലെ ജനാധിപത്യ മനുഷ്യര്‍. ആ വിട്ടുവീഴ്ചാ മനസ്സ് ആദരിക്കപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല. ഒന്നിന് പിറകെ ഒന്നെന്ന മട്ടില്‍ പള്ളികള്‍ക്ക് മേലുള്ള അവകാശവാദം തുടര്‍ന്നു സംഘ്പരിവാര്‍. 1991ലെ ആരാധനാലയ സംരക്ഷണ നിയമം അട്ടത്ത് വെച്ച് ചില ജഡ്ജിമാര്‍ പള്ളികളില്‍ ഹിന്ദുപൂജക്ക് അനുമതി നല്‍കുന്ന നിലയുണ്ടായി. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ഇപ്പോള്‍ ഹൈന്ദവ ആരാധന നടന്നുകൊണ്ടിരിക്കുന്നു. മധ്യപ്രദേശിലെ ഭോജ്ശാലയിലെ കമാല്‍ മൗലാ മസ്ജിദ് സരസ്വതീ ക്ഷേത്രമായിരുന്നു എന്ന ഹിന്ദുത്വ സംഘടനകളുടെ വാദത്തെ ശരിവെക്കുന്ന ‘തെളിവുകള്‍’ എ എസ് ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) ‘കണ്ടെത്തി’ കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഹിമാചല്‍ പ്രദേശിലെ അഞ്ച് പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നു സംഘ്പരിവാര്‍. വാദിച്ചാലും വാദിച്ചാലും അവസാനിക്കാത്ത നിയമക്കുരുക്കുകളിലേക്ക് പള്ളികളെ വലിച്ചിട്ട് മുസ്ലിം ജീവിതത്തെ സൈ്വരം കെടുത്തുകയാണ് ഹിന്ദുത്വ സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങളോ മനുഷ്യാവകാശങ്ങളോ ബാധകമാകാത്ത നിരാലംബ ജനതയായി മുസ്ലിംകളെ നടതള്ളാനുള്ള അങ്ങേയറ്റം ആപത്കരമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബില്ല് പോലും ആ ലക്ഷ്യത്തിലുള്ളതാണ്. ഹെക്ടര്‍ കണക്കിന് വഖ്ഫ് സ്വത്തുക്കള്‍ കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ട് രാജ്യത്ത്. ആ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനും പുതിയ വഖ്ഫ് സ്വത്തുക്കള്‍ കൈയേറാനുമുള്ള ആഗ്രഹത്തില്‍ നിന്നുണ്ടായതാണ് ആ ബില്ല്. ഏത് വഖ്ഫ് സ്വത്തിനുമേലും ആര്‍ക്കും തര്‍ക്കമുന്നയിക്കാം, അതുവഴി സര്‍ക്കാറിന്റെ കോര്‍ട്ടിലേക്ക് പന്തെത്തിക്കാം എന്നതാണ് ആ ബില്ലിന്റെ രാഷ്ട്രീയ യുക്തി. സര്‍ക്കാറിന്/ ജില്ലാ ഭരണകൂടത്തിന് മുന്നിലെത്തുന്ന വിഷയത്തില്‍ മുസ്ലിം താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുപറയാന്‍ കേരളത്തില്‍ പോലും സാധ്യമല്ലെന്ന സാഹചര്യം സംജാതമായിരിക്കുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും വിലക്കപ്പെട്ട്, ചിറകുകള്‍ അറുത്തുമാറ്റപ്പെട്ട സമൂഹമായി മുസ്ലിംകളെ മാറ്റാനുള്ള ദീര്‍ഘകാല പദ്ധതികളിലൊന്നാണ് വഖ്ഫ് ബില്ല്. ഏകീകൃത സിവില്‍ കോഡ് വഴിയേ വരാനുണ്ട്. പല സംസ്ഥാനങ്ങളിലും അത് നടപ്പാക്കി കഴിഞ്ഞു. ഊഴം കാത്തുകിടപ്പുണ്ട് വേറെയും നിയമങ്ങള്‍.

മുസ്ലിംകള്‍ പ്രശ്നക്കാരാണ് എന്ന് വരുത്തിത്തീര്‍ക്കേണ്ടതുണ്ട്. അവരാണ് ഈ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നത് എന്ന് സ്ഥാപിക്കേണ്ടതുണ്ട്. അങ്ങനെ സ്ഥാപിക്കപ്പെട്ടാല്‍ പൗരാവകാശങ്ങളില്‍ നിന്ന് പുറന്തള്ളാന്‍ എളുപ്പമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന പ്രചാരവേലകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവര്‍ പോലും അത്തരം ദുഷ്പ്രചാരണങ്ങള്‍ ഏറ്റെടുക്കുകയാണ്. ബെംഗളൂരുവിലെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്ന് വിളിച്ചത് കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയാണ്. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. സുപ്രീം കോടതി ഇടപെട്ടതോടെ അദ്ദേഹത്തിന് ക്ഷമാപണം നടത്തേണ്ടി വന്നു. മലപ്പുറത്തെ കുറിച്ച് സംഘ്പരിവാര്‍ കാലങ്ങളായി നടത്തുന്ന ദുഷ്പ്രചാരണം ഇതോട് ചേര്‍ത്തുവായിക്കണം. മിനി പാകിസ്താന്‍ എന്ന് മലപ്പുറത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിക്കാറുണ്ടവര്‍. അവിടേക്ക് ഇതര മതസ്ഥര്‍ക്ക് പ്രവേശനമില്ല എന്ന് പോലും വ്യാജം പറയാറുണ്ട്. ഇതര മത വിശ്വാസികളെ നിര്‍ബന്ധിച്ച് ഇസ്ലാമില്‍ ചേര്‍ക്കുന്നു എന്നതുപോലെയുള്ള ഏറ്റവും അപകടകരമായ പ്രചാരം പോലും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നട്ടുനനച്ചു വളര്‍ത്തുന്നുണ്ട്. അവിടെ നടക്കുന്ന ഏത് ക്രിമിനല്‍ പ്രവര്‍ത്തനവും മതത്തിലേക്ക് ചേര്‍ത്തുപറയുന്നതില്‍ ഹിന്ദുത്വ സംഘടനകള്‍ കാട്ടുന്ന ഉത്സാഹം തികഞ്ഞ മുസ്ലിം വിരോധത്തില്‍ നിന്നുണ്ടാകുന്നതാണ്. പൈനാപ്പിള്‍ പടക്കം കഴിച്ച് പാലക്കാട് ജില്ലയില്‍ ഒരു ആന ചെരിഞ്ഞപ്പോള്‍ അത് മലപ്പുറം ജില്ലയിലാണെന്ന് പ്രചരിപ്പിച്ചവരാണ് മനേകാ ഗാന്ധി മുതല്‍ സന്ദീപ് വാര്യര്‍ വരെയുള്ള ബി ജെ പി നേതാക്കള്‍. കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ജില്ല എന്നായിരുന്നു മലപ്പുറത്തിന് അന്ന് മനേകാ ഗാന്ധി ചാര്‍ത്തിയ വിശേഷണം. സി എ എ വിരുദ്ധ സമരത്തിന്റെ പേരില്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച ശഹീന്‍ ബാഗ്, ഡല്‍ഹിയിലെ മുസ്തഫാബാദ്, അസമിലെ ചില പ്രദേശങ്ങള്‍ ഇതെല്ലാം രാജ്യദ്രോഹികളുടെ കേന്ദ്രമായാണ് സംഘ്പരിവാര്‍ അവതരിപ്പിക്കാറുള്ളത്. മലപ്പുറത്തിന് മാത്രമല്ല ഭര്‍ത്സനം എന്ന് ചുരുക്കം. അത്തരം പ്രചാരങ്ങള്‍ മുസ്ലിം വിരുദ്ധ മുന്‍വിധികള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ വേണ്ടി മനപ്പൂര്‍വം പടച്ചുണ്ടാക്കുന്നതാണ്. ദീര്‍ഘകാലം മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ചവര്‍ പോലും ഇപ്പോള്‍ അത്തരം പ്രചാരങ്ങള്‍ ഏറ്റെടുക്കുന്നു. ആര്‍ എസ് എസിന്റെ നെറ്റ് വര്‍ക്ക് നമ്മള്‍ പ്രതീക്ഷിക്കുന്നതിന്റെ എത്രയോ ഇരട്ടി വിസ്തൃതമാണ്. അതില്‍ ആരെല്ലാം ചെന്നുവീഴും എന്ന് പ്രവചിക്കുക പോലും അസാധ്യമാണ്. അതാണ് ആര്‍ എസ് എസിന്റെ സംഘടനാ സ്വഭാവം.

നിയമ നിര്‍മാണങ്ങളിലൂടെ, ആള്‍ക്കൂട്ട കൊലകളിലൂടെ, ബുള്‍ഡോസര്‍ രാജിലൂടെ, അധിക്ഷേപ പരാമര്‍ശങ്ങളിലൂടെ, വര്‍ഗീയ അതിക്രമങ്ങളിലൂടെ.. അങ്ങനെയങ്ങനെ അനവധി മാര്‍ഗങ്ങളില്‍ മുസ്ലിം ജീവിതത്തില്‍ ഭീതിയും അരക്ഷിതത്വവും വിതച്ചുകൊണ്ടിരിക്കെ തന്നെയാണ്, സകല നിയമങ്ങളും കാറ്റില്‍ പറത്തി പോലീസ് സംരക്ഷണത്തില്‍ പള്ളികള്‍ തകര്‍ക്കുന്നത്. ഈ വര്‍ഷം തകര്‍ക്കപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്ത പള്ളികള്‍ എണ്ണത്തില്‍ ഏറെയുണ്ട്. അതില്‍ പ്രാധാന്യപൂര്‍വം എടുത്തുപറയേണ്ട രണ്ട് മസ്ജിദുകളുണ്ട്. ഒന്ന്, രാജ്യ തലസ്ഥാനത്താണ്; സൗത്ത് ഡല്‍ഹി ജില്ലയിലെ മെഹ്‌റോളിയില്‍. അറുനൂറ് വര്‍ഷം പഴക്കമുള്ള ജിന്നത്ത് വാലി മസ്ജിദും അതോട് ചേര്‍ന്നുള്ള ദര്‍ഗയുമാണ് ഈ വര്‍ഷം ജനുവരി മുപ്പതിന് പുലര്‍ച്ചെ പൊളിച്ചു നിരപ്പാക്കിയത്. അനധികൃത കൈയേറ്റം ആരോപിച്ചാണ് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി വിശ്വാസികള്‍ സുബ്ഹി നിസ്‌കാരത്തിന് എത്തുന്നതിനു മുമ്പ് പള്ളി മണ്ണോട് ചേര്‍ത്തത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കുമ്പോള്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കാനുള്ള പ്രാഥമികമായ നിയമ മര്യാദ പോലും പാലിച്ചില്ല അധികൃതര്‍.

ഇക്കഴിഞ്ഞ ആഴ്ച ഗുജറാത്തിലാണ് കാലപ്പഴക്കമുള്ള മറ്റൊരു പള്ളിയും ദര്‍ഗയും തകര്‍ത്തത്. ഗിര്‍ സോമനാഥ് ജില്ലയിലെ സോമനാഥ ക്ഷേത്രത്തിനു സമീപമുള്ള ജഅ്ഫര്‍ മുജ്ജഫര്‍ ദര്‍ഗയും പള്ളിയും ഖബര്‍സ്ഥാനുമാണ് 36 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ശനിയാഴ്ച പുലര്‍ച്ചെ പൊളിച്ചുനീക്കിയത്. 1,200 വര്‍ഷം പഴക്കമുണ്ട് ഈ ദര്‍ഗക്ക്. സര്‍ക്കാര്‍ ഭൂമിയിലാണ് എന്നാരോപിച്ചാണ് അധികൃതര്‍ ഈ കടുംകൈ ചെയ്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മുസ്ലിം തീര്‍ഥാടന കേന്ദ്രവും ആരാധനാലയവും പൊളിക്കുന്നതിന് നിയമപരമായ ഒരു നടപടിക്രമവും പാലിച്ചില്ല. ഇന്ത്യ എന്ന ആശയം തന്നെ രൂപപ്പെടുന്നതിന് മുമ്പ് നിലനില്‍ക്കുന്ന സ്ഥാപനത്തിനു മേല്‍ ഭരണകൂടം കണ്ണുവെക്കുന്നു, ഒരു സുപ്രഭാതത്തില്‍ പൊളിച്ചെറിയുന്നു. എന്നിട്ടും രാജ്യം അനക്കമറ്റ് നില്‍ക്കുന്നു. അരുതേ എന്ന് പറയാന്‍ ആര്‍ക്കും നാവ് പൊങ്ങുന്നില്ല.

ബാബരി മസ്ജിദ് പേര് കൊണ്ടെങ്കിലും ഓര്‍മിക്കപ്പെട്ടേക്കാം. ജിന്നത്ത് വാലി മസ്ജിദും ജഅ്ഫര്‍ മുജ്ജഫര്‍ ദര്‍ഗയും അങ്ങനെ പോലും ഓര്‍മിക്കപ്പെടില്ല. മുസ്ലിം അപരവത്കരണം അത്ര സ്വാഭാവികമായി മാറിക്കഴിഞ്ഞു. എങ്കിലും ജനാധിപത്യവിശ്വാസികള്‍ ഈ പേരുകള്‍ ഓര്‍ത്തുവെക്കണം. ഓര്‍മയും ഒരു പ്രതിരോധമാണ്.