Connect with us

Articles

ഈ വടംവലിയില്‍ രാഷ്ട്രീയമെത്ര?

ഖാലിസ്ഥാന്‍ ഭീകരതയോടുള്ള യുദ്ധമെന്നതിനപ്പുറം അതിദേശീയത കത്തിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരമായി ഈ നയതന്ത്ര സംഘര്‍ഷത്തെ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വലിയ നഷ്ടക്കച്ചവടത്തിലേക്കാകും ഇന്ത്യ കൂപ്പുകുത്തുക.

Published

|

Last Updated

മൂന്നര ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട് കാനഡയിലെന്നാണ് കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്ക്. സംരംഭകരായും മറ്റും വേറെയും ആയിരക്കണക്കിനാളുകളുണ്ട്. പൗരത്വം നേടിയ സിഖ് വംശജരെ കൂടി കണക്കിലെടുക്കുമ്പോള്‍ പിന്നെയുമേറെ വരും കനേഡിയന്‍ മണ്ണിലെ ഇന്ത്യന്‍ സാന്നിധ്യം. ഈ വസ്തുത മുന്‍നിര്‍ത്തി മാത്രമേ രൂക്ഷമായി തുടരുന്ന ഇന്ത്യ-കാനഡ നയതന്ത്ര യുദ്ധത്തെ കാണാനാകൂ. എച്ച് വണ്‍ ബി വിസയിലും ട്രംപ് ആവിഷ്‌കരിക്കുകയും ബൈഡന്‍ ഭരണകൂടം ഗോപ്യമായി നടപ്പാക്കുകയും ചെയ്യുന്ന അമേരിക്ക ഫസ്റ്റ് നയത്തിലും കുടുങ്ങി സിലിക്കണ്‍വാലിയിലെ കച്ചവടം ഏറെക്കുറെ പൂട്ടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഐ ടിക്കാര്‍ക്കടക്കം ആശ്രയ കേന്ദ്രമാകേണ്ട രാജ്യമാണ് കാനഡ. അടുത്തത് ട്രംപാണെങ്കില്‍ എന്തൊക്കെ നയമാകും വരികയെന്ന് പറയാനുമാകില്ല. ഔദ്യോഗികമായി എന്ത് അകല്‍ച്ച വെച്ചാലും സാങ്കേതിക ജ്ഞാനമുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്ന ഭൂമിയായി കാനഡ മാറിയിരിക്കുന്നു. ഖാലിസ്ഥാന്‍ ഭീകരതയോടുള്ള യുദ്ധമെന്നതിനപ്പുറം അതിദേശീയത കത്തിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അവസരമായി ഈ നയതന്ത്ര സംഘര്‍ഷത്തെ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വലിയ നഷ്ടക്കച്ചവടത്തിലേക്കാകും ഇന്ത്യ കൂപ്പുകുത്തുക.

ഇതാണ് രാഷ്ട്രീയം
ഈ വിഷയത്തിലെ രാഷ്ട്രീയവും ദേശസുരക്ഷയും സാമ്പത്തിക ശാസ്ത്രവും വേര്‍തിരിച്ചു തന്നെ കാേണണ്ടതുണ്ട്. ആദ്യം രാഷ്ട്രീയം. നാലാമൂഴവും അധികാരത്തില്‍ തുടരാന്‍ കരുക്കള്‍ നീക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കടുത്ത ആഭ്യന്തര സമ്മര്‍ദത്തിലാണ്. സ്വന്തം പാര്‍ട്ടിയായ കനേഡിയന്‍ ലിബറല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ കലാപം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ 24 എം പിമാര്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കാനഡയില്‍ നാലാമതും അധികാരത്തില്‍ വരികയെന്നത് അത്യപൂര്‍വമായ നേട്ടമാണ്. ഈ റെക്കോര്‍ഡ് പിടിക്കാനാണ് ട്രൂഡോ കച്ചകെട്ടിയിറങ്ങുന്നത്. അമേരിക്കയിലേക്ക് നോക്കൂവെന്നാണ് വിമത എം പിമാര്‍ പറയുന്നത്. അവിടെ ബൈഡന്‍ പ്രഡിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിയപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നല്ല ഉണര്‍വുണ്ടായില്ലേയെന്നാണ് വിമതരുടെ ചോദ്യം. പക്ഷേ, ട്രൂഡോയുടെ ഉത്തരം ‘കാനഡ ഈസ് നോട്ട് യു എസ്’ എന്ന ഒറ്റ വാചകമാണ്. ആരെതിര്‍ത്താലും മത്സരിക്കുമെന്നാണ് ശാഠ്യം. ഈ നീക്കത്തിലേക്കുള്ള ചവിട്ടു പടിയാണ് ട്രൂഡോക്ക് ഇന്ത്യാവിരുദ്ധ വികാരം. സിഖ് വോട്ടുകള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് ‘രാഷ്ട്രമാണ് വലുത്, കാനഡയുടെ അന്തസ്സിടിക്കുകയാണ് ഇന്ത്യ’യെന്ന ദേശീയവാദത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണ് ട്രൂഡോ. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് ഇന്ത്യന്‍ ചാരന്‍മാരാണെന്ന ആരോപണം ആവര്‍ത്തിക്കുന്ന ട്രൂഡോ, കനേഡിയന്‍ മണ്ണിലേക്ക് ഇന്ത്യ കടന്നു കയറിയെന്ന വികാരം ഉത്പാദിപ്പിക്കുന്നു. ഈ വികാരം സിഖുകാരില്‍ നിന്ന് കനേഡിയന്‍ പോളിറ്റിയിലാകെ പടര്‍ന്നാല്‍ ട്രൂഡോ വീരപരിവേഷത്തോടെ തിരഞ്ഞെടുപ്പ് വിജയം നേടും. ബാലാകോട്ടും പുല്‍വാമയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും തീവ്ര ദേശീയതയും വോട്ടാക്കി മാറ്റുന്നതിന്റെ മിടുക്ക് ഒരു പക്ഷേ ട്രൂഡോ പഠിച്ചത് നരേന്ദ്ര മോദിയില്‍ നിന്നാകും. പിഴക്കാത്ത പാഠമാകുമത്.

ഈ രാഷ്ട്രീയം മനസ്സിലാകാന്‍ 2018 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ വന്ന അദ്ദേഹം നേരിട്ട തിരസ്‌കാരം കൂടി വായിക്കണം. ഒരു രാഷ്ട്രത്തലവന് കിട്ടാവുന്ന ഏറ്റവും തണുത്ത സ്വീകരണം ഏറ്റുവാങ്ങിയാണ് ട്രൂഡോ തന്റെ ഏഴ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് മടങ്ങിയത്. ട്രൂഡോ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയെപ്പോലും അയച്ചില്ല. കൃഷി സഹമന്ത്രിയെ അയച്ച് ചടങ്ങ് കഴിച്ചു. ജസ്റ്റിന് സ്വാഗതമരുളി മോദി ട്വിറ്ററില്‍ ഒരു വരി പോലും കുറിച്ചില്ല. താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും പോയപ്പോള്‍ യു പിയിലെ ഒരു സഹമന്ത്രി പോലും അവിടെയെത്തിയില്ല. സിഖ് തീവ്രവാദി സംഘടനകളോടുള്ള ട്രൂഡോയുടെ ചങ്ങാത്തത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു ആ തണുപ്പന്‍ സ്വീകരണം. കനേഡിയന്‍ പ്രതിപക്ഷം ഈ അപമാനം കൊണ്ടാടി. ബോളിവുഡ് സിനിമയിലെ രംഗം അനുകരിച്ച് ട്രൂഡോ നടത്തിയ വേഷം കെട്ടലുകള്‍ അവിടെ രാഷ്ട്രീയ ഹാസ്യ പരിപാടികളില്‍ ഹിറ്റായി. എന്നാല്‍ ഇന്ത്യയില്‍ നേരിട്ട അപമാനത്തെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു ട്രൂഡോ. സിഖ് വംശജരുടെ വോട്ടുകള്‍ മുഴുവന്‍ അദ്ദേഹം പെട്ടിയിലാക്കി.

നിജ്ജാര്‍ വധം
2021ലെ സെന്‍സസ് പ്രകാരം ഏഴ് ലക്ഷത്തിലധികം ജനസംഖ്യയുമായി (2.12 ശതമാനം) കാനഡയിലെ ഏറ്റവും വലിയ വംശീയ ഗ്രൂപ്പാണ് സിഖുകാര്‍. ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരാണ് സിഖുകാരില്‍ ഭൂരിപക്ഷവും. വോട്ട്‌ബേങ്ക് രാഷ്ട്രീയത്തിന്റെ മര്‍മമറിഞ്ഞ ട്രൂഡോ തന്റെ മന്ത്രിസഭയില്‍ നാല് സിഖുകാര്‍ക്കാണ് ഇടം നല്‍കിയത്. കനേഡിയന്‍ സിഖുകാര്‍ക്കിടയില്‍ ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ പോലുള്ള ഖാലിസ്ഥാന്‍വാദി സംഘടനകള്‍ സജീവമാണ്. ടൊറന്റോയിലടക്കമുള്ള ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് ഇത്തരം ആശയപ്രചാരണങ്ങള്‍ പരസ്യമായി നടക്കുന്നു. പല ഗുരുദ്വാരകളിലും ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. 2017 ഏപ്രിലില്‍ ഖല്‍സാ ഡേ പരേഡില്‍ ട്രൂഡോ പങ്കെടുക്കുകയും ഖാലിസ്ഥാന്‍വാദി നേതാക്കള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയുമുണ്ടായി. 1980കളിലെ ഖാലിസ്ഥാന്‍ തീവ്രവാദവും 1984ലെ ബ്ലൂസ്റ്റാര്‍ ഓപറേഷനും ഒരിക്കല്‍ കൂടി ചര്‍ച്ചയിലേക്ക് വരുന്നതിന് ഇത് കാരണമായി. സിഖ് തീവ്രവാദത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായം കാനഡയിലാണല്ലോ രചിക്കപ്പെട്ടത്. 1985ല്‍ കാനഡ- മുംബൈ എയര്‍ ഇന്ത്യാ വിമാനം തകര്‍ത്ത് 329 പേരെയാണ് കൊന്നത്. ട്രൂഡോയുടെ ഖല്‍സാ പരേഡില്‍ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. നയതന്ത്ര ബന്ധം തുടരണമെങ്കില്‍ തീവ്രവാദികളെ തള്ളിപ്പറയണമെന്ന് ഇന്ത്യ ശഠിച്ചു. നേര്‍ വിപരീതമാണ് സംഭവിച്ചത്. പ്രധാന പ്രവിശ്യയായ ഒന്റാരിയോയിലെ നിയമസഭ പാസ്സാക്കിയ പ്രമേയം ഇന്ത്യയെ കൂടുതല്‍ നോവിക്കുന്നതായിരുന്നു. ഇന്ദിരാ ഗാന്ധി വധത്തിന് പിറകെ നടന്ന സിഖ് കൂട്ടക്കൊല വംശഹത്യയാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പ്രമേയം.

ഇപ്പോഴത്തെ നയതന്ത്ര വടം വലിയുടെ അടിസ്ഥാനകാരണം നിജ്ജാര്‍ വധമാണല്ലോ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ 2023 ജൂണ്‍ 18ന് നിജ്ജാര്‍ വെടിയേറ്റ് മരിച്ചു. ഇത്രയേ ഉള്ളൂ തെളിയിക്കപ്പെട്ട വിവരം. ബാക്കിയെല്ലാം ആരോപണങ്ങളാണ്. ആര് കൊന്നു? ഇന്ത്യന്‍ ഏജന്റുമാരെന്ന് ട്രൂഡോയും കനേഡിയന്‍ സിഖ് സംഘടനകളും പറയുന്നു. യു എസാണത്രെ ഇതിനുള്ള തെളിവുകള്‍ കൈമാറിയത്. എന്നുവെച്ചാല്‍ വടംവലി ഇന്ത്യയും കാനഡയുമാണെങ്കിലും കാണികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് വടത്തില്‍ തൂങ്ങുന്നുണ്ട് അമേരിക്ക. ആ പറഞ്ഞ തെളിവ് കൈമാറൂ എന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടു. കൈവെള്ള ഉയര്‍ത്തി ഇതാ രേഖയെന്ന് കാട്ടുന്ന പരിപാടിയാണ് കാനഡ ഇപ്പോഴും തുടരുന്നത്. നിജ്ജാറിന്റെ മരണ സര്‍ട്ടിഫിക്കറ്റെങ്കിലും തരൂവെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടു. അതിനും തയ്യാറല്ല കാനഡ. നിജ്ജാര്‍ വധത്തില്‍ ‘ഹാര്‍ഡ് എവിഡന്‍സൊ’ന്നും കൈവശമില്ലെന്നാണ് ഇപ്പോള്‍ ട്രൂഡോ സര്‍ക്കാര്‍ പറയുന്നത്. ഇന്റലിജന്‍സ് വിവരങ്ങള്‍ മാത്രമേയൂള്ളൂ പോലും. ഇന്ത്യയില്‍ കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ പ്രതിയാണ് നിജ്ജാര്‍. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2016ല്‍ നിജ്ജാറിനെ കനേഡിയന്‍ പോലീസ് ചോദ്യം ചെയ്യുകയും ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. വിമാനയാത്രക്ക് അനുമതിയില്ലാത്തവരുടെ ലിസ്റ്റില്‍ നിജ്ജാറിനെ കാനഡ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും നിജ്ജാറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ കനേഡിയന്‍ പാര്‍ലിമെന്റ് ഒരു മിനുട്ട് മൗനം ആചരിച്ച് ഉപചാരമര്‍പ്പിക്കുകയുണ്ടായി.

അകലങ്ങളിലെ വിഘടനവാദം
വിഘടനവാദ പ്രവര്‍ത്തനങ്ങളെ ലാഘവത്തോടെ കാണാന്‍ ഒരു ദേശരാഷ്ട്രത്തിനും സാധിക്കില്ല. പഞ്ചാബില്‍ ഒരു കാലത്ത് ശക്തിയാര്‍ജിച്ച ഖാലിസ്ഥാന്‍ രാഷ്ട്രവാദം ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയ ഇന്ദിരാ ഗാന്ധിയുടെ ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്ന അനുഭവം ഇന്ത്യക്കുണ്ട്. അതുകൊണ്ട് വിദേശമണ്ണില്‍ നിന്നുള്ള ഓപറേഷനുകളെ രാജ്യത്തിന് കണ്ടില്ലെന്ന് വെക്കാനാകില്ല. കാനഡയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് കുമാര്‍ വര്‍മ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഗുരുതരമായ സത്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. പഠിക്കാന്‍ പോകുന്ന യുവാക്കളെ ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ വലവീശുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കാനഡയിലെ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ കയറാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ഗ്രൂപ്പുകള്‍ സാമ്പത്തിക സഹായം ചെയ്യുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് സൗഹൃദങ്ങള്‍ തരപ്പെടുത്തുന്നു. താമസവും ഭക്ഷണവും ഒരുക്കുന്നു. ഒരു ഘട്ടം പിന്നിടുമ്പോള്‍ ഈ വിദ്യാര്‍ഥികളെ ഖാലിസ്ഥാന്‍ മുദ്രാവാക്യം വിളിച്ച് പ്രക്ഷോഭങ്ങളിലാകും കാണുക. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗാണ് അടുത്തത്. ഇനി ഇന്ത്യയിലേക്ക് പോകാനാകില്ല. അവിടെ ചെന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാകും മുന്നറിയിപ്പ്. അതോടെ കാനഡയില്‍ കുടുങ്ങും. ഇപ്പറഞ്ഞതാണ് നേരെങ്കില്‍ കനേഡിയന്‍ ഭരണാധികാരികള്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വമാണ് ബലികഴിക്കുന്നത്. ആ രാജ്യം എന്തിനാണ് ഇത്തരം ആളെക്കൂട്ടലുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്?

ഇന്ത്യയിലെ സിഖ് സമൂഹത്തിന്റെ സമ്പൂര്‍ണ വിശ്വാസമാര്‍ജിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് ചില വീണ്ടു വിചാരങ്ങള്‍, തിരുത്തലുകള്‍ വേണ്ടിവരും. ബ്ലൂസ്റ്റാര്‍ ഓപറേഷനില്‍ ഭരണകൂട ഭീകരതയില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ രാജ്യത്തിന് സാധിക്കുമോ? വിഘടിക്കരുതെന്ന് ഒരു സമൂഹത്തോട് നിവര്‍ന്ന് നിന്ന് പറയണമെങ്കില്‍ അവരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ രാഷ്ട്രത്തിന് സാധിക്കണം- ചരിത്രത്തിലും വര്‍ത്തമാനത്തിലും. ആ ജനതയെ സംശയത്തില്‍ നിന്ന് മോചിപ്പിക്കണം. വിഘടിക്കരുതെന്ന ശാഠ്യം രാഷ്ട്രത്തിന്റെ യുക്തിയാണ്. അത് ജനങ്ങളുടെ യുക്തിയായി മാറുന്നിടത്താണ് ജനായത്തം വിജയിക്കുന്നത്. സിഖ് ജനത രാഷ്ട്രയുക്തിയില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെങ്കില്‍ അങ്ങ് ഒട്ടാവയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യം എത്ര ഉച്ചത്തില്‍ മുഴങ്ങിയാലും ഇന്ത്യയില്‍ പ്രകമ്പനം ഉണ്ടാക്കില്ല.

സാമ്പത്തിക ശാസ്ത്രം
തൊഴിലില്‍, വിദ്യാഭ്യാസത്തില്‍, കച്ചവടത്തില്‍ കാനഡ ഒരു സാധ്യതയാണ്. കാനഡയെ വടക്കേ അമേരിക്കന്‍ വിപണികളിലേക്കുള്ള തന്ത്രപരമായ പ്രവേശന കേന്ദ്രമായാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കാണുന്നത്. ഉയര്‍ന്ന നിലവാരമുള്ള സംരംഭകരെ ആകര്‍ഷിക്കുന്ന കാനഡയുടെ സ്റ്റാര്‍ട്ട് അപ്പ് വിസ പ്രോഗ്രാം ഇന്ത്യന്‍ യുവാക്കളുടെ പ്രതീക്ഷകളിലൊന്നാണ്. ഈ സൗകര്യങ്ങളെ നയതന്ത്ര യുദ്ധം ബാധിച്ചു തുടങ്ങിയിരിക്കുന്നു. കുടിേയറ്റക്കാര്‍ക്ക് നല്‍കുന്ന പെര്‍മനന്റ് റെസിഡന്റ്സ് കാര്‍ഡുകള്‍ വെട്ടിക്കുറക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ-കാനഡ ഉഭയകക്ഷി വ്യാപാരം 2022ല്‍ ഏകദേശം 12 ബില്യണ്‍ കനേഡിയന്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനത്തിന്റെ വര്‍ധനവാണിത്. ഈ വ്യാപാര ബന്ധം ഇരു രാജ്യങ്ങള്‍ക്കും വിലപ്പെട്ടതാണ്.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest