Connect with us

articles

സംഘടനാ സകാത്ത് മതവിരുദ്ധമാകുന്ന വിധം

സ്വഹാബത്തിന്റെ കാലത്ത് ഇസ്്ലാം എത്തിയ കേരളത്തില്‍ സംഘടനാ സകാത്ത് എന്ന രീതി ഉണ്ടാകുന്നത് 1,300 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മുന്‍ഗാമികള്‍ പല കാര്യങ്ങള്‍ക്കും സമിതികളും കമ്മിറ്റികളും കൂട്ടായ്മകളും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സകാത്ത് കമ്മിറ്റി ഉണ്ടാക്കാതിരുന്നത് ഇത് മതത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമല്ലാത്തതു കൊണ്ട് തന്നെയാണ്.

Published

|

Last Updated

ഇസ്‌ലാമില്‍ പുണ്യകര്‍മങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന്, പ്രത്യേക രീതിയോ നിബന്ധനകളോ നിഷ്‌കര്‍ഷിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടവയാണ്. ഐച്ഛികമായ ദാനധര്‍മങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. ഇത് പ്രത്യേക ധനത്തില്‍ നിന്നാകണമെന്നോ ഒരാളുടെ കൈവശം ഇത്ര സമ്പത്ത് വേണമെന്നോ നല്‍കുന്നതിന് ഏതെങ്കിലും പ്രത്യേക സമയമോ നല്‍കപ്പെടുന്നവര്‍ക്ക് പ്രത്യേക നിബന്ധനകളോ ഇല്ല. രണ്ടാമത്തേത് പ്രത്യേക രീതിയും നിബന്ധനയുമുള്ള പുണ്യകര്‍മമാണ്. നിര്‍ബന്ധ ദാനമായ സകാത്ത് ഇതിന്റെ ഉദാഹരമാണ്.

എല്ലാ സമ്പത്തിനും സകാത്ത് കൊടുക്കേണ്ടതില്ല. നബി (സ) പറഞ്ഞു; ഒരു വിശ്വാസിക്ക് അവന്റെ കുതിരകളിലോ അടിമകളിലോ സകാത്ത് നിര്‍ബന്ധമില്ല (ബുഖാരി). ആ കാലത്ത് അറബികളുടെ ഏറ്റവും വലിയ രണ്ട് സമ്പാദ്യങ്ങള്‍ ആയിരുന്നു ഇവ രണ്ടും. എന്നിട്ടും അതിന്റെ സകാത്ത് ബാധകമാക്കിയില്ല. സാധാരണ ജനങ്ങളിലേക്ക് നിര്‍ബന്ധമായും എത്തേണ്ട ചില സമ്പത്തുകളിലാണ് സകാത്ത് വെച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. വെള്ളിക്കും സ്വര്‍ണത്തിനും സകാത്ത് ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും ഉണ്ടെങ്കിലും അവക്ക് സകാത്തില്ല. കാരണം വെള്ളിയും സ്വര്‍ണവും വസ്തുക്കള്‍ വാങ്ങാനുള്ള വിലയായി ഉപയോഗിക്കുന്നവയായതുകൊണ്ടാണ്. ഇതാകട്ടെ എല്ലാ പാവപ്പെട്ടവര്‍ക്കും അത്യാവശ്യമുള്ള ധനമാണ്. തേങ്ങ, കുരുമുളക്, ചക്ക, പൂള, കശുവണ്ടി, മാങ്ങ, പൈനാപ്പിള്‍ തുടങ്ങിയ നാണ്യവിളകളും പഴവര്‍ഗങ്ങളും എത്ര ഉത്പാദിപ്പിച്ചാലും അവക്കൊന്നും നേരിട്ട് സകാത്തില്ല. കാരണം ഇവയൊന്നും മുഖ്യാഹാരമായി ഉപയോഗിക്കുകയും ഉത്പാദകര്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നവയല്ല. പണമുണ്ടെങ്കില്‍ താത്പര്യക്കാര്‍ക്ക് വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കാവുന്നവയാണ്. എന്നാല്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതും ഉത്പാദകര്‍ക്ക് സൂക്ഷിച്ചുവെക്കാവുന്നതുമായ അരി, ഗോതമ്പ്, ചോളം തുടങ്ങിയവക്ക് സകാത്ത് നല്‍കണം.

കാരണം ഇത് നെല്‍പ്പാടങ്ങളില്ലാത്ത പാവപ്പെട്ടവര്‍ക്കും അത്യാവശ്യമുള്ളതാണ്. അത് അവരിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ് സകാത്ത്. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ഭൂമി തുടങ്ങിയവക്കൊന്നും നേരിട്ട് സക്കാത്തില്ല. എന്നാല്‍ അതില്‍ നിന്ന് ലഭിക്കുന്ന ആദായങ്ങള്‍ ഒരു വര്‍ഷം സൂക്ഷിച്ചു വെക്കുകയും അവ സകാത്തിന്റെ നിസാബ് എത്തുകയും ചെയ്താല്‍ സകാത്ത് നല്‍കണം. മൃഗങ്ങളില്‍ ആട്, മാട്, ഒട്ടകം എന്നിവക്ക് മാത്രമാണ് സകാത്ത് നിര്‍ബന്ധമുള്ളത്. ജനങ്ങള്‍ മാംസത്തിനും പാലിനും മുഖ്യമായി ആശ്രയിക്കുന്നത് ഇവകളെയാണ്. മാത്രമല്ല മാംസം ഒരു മുഖ്യആഹാരവും കൂടിയാണ്. മുയലുകള്‍ പോലുള്ള മൃഗങ്ങളെയോ കോഴി പോലുള്ള പക്ഷികളെയോ എത്ര വളര്‍ത്തിയാലും അതിന്റെ എണ്ണം നോക്കി സകാത്ത് നല്‍കേണ്ടതില്ല.

എന്നാല്‍ നേരിട്ട് സകാത്ത് ഇല്ലാത്ത മേല്‍പ്പറഞ്ഞതെല്ലാം കച്ചവടച്ചരക്കുകളായി മാറിയാല്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവയുടെ വില കണക്കാക്കി സകാത്ത് നല്‍കണം. കാരണം കച്ചവടം ജനങ്ങളുമായി ബന്ധപ്പെട്ട് വളരുന്ന ഒന്നാണ്. അതില്‍ പാവപ്പെട്ടവരുടെ അവകാശം നല്‍കി അതിനെ ശുദ്ധീകരിക്കണം. ഇതുപോലെ സകാത്ത് നിര്‍ബന്ധമുള്ള ധനങ്ങളില്‍ ചിലതിനെ സകാത്ത് ബാധിക്കുന്നത് അതിന്റെ തടിയെത്തന്നെയാണ്. ചിലതിനെ ബാധിക്കുന്നത് അതിന്റെ വിലയെയാണ്. സ്വര്‍ണം, വെള്ളി, കറന്‍സി നോട്ട്, ഫിത്വര്‍ സക്കാത്ത്, കന്നുകാലികള്‍, അരി, ഗോതമ്പ് പോലുള്ള കാര്‍ഷിക വിളകള്‍ തുടങ്ങിയവയുടെ സകാത്ത് അവയായിത്തന്നെ നല്‍കണം.

ഇവയുടെ വില നല്‍കിയാല്‍ അത് അല്ലാഹു നിര്‍ദേശിച്ച ഇബാദത്തായി പരിഗണിക്കുകയില്ല. ബലിപെരുന്നാളിന് ബലിയറുത്ത് മാംസം തന്നെ നല്‍കണം. പകരം ഇറച്ചി വാങ്ങാനുള്ള പണം കൊടുത്താല്‍ അത് ഇബാദത്തായി പരിഗണിക്കില്ല. ഫിത്വര്‍ സകാത്തിന് പകരം പണം കൊടുത്താല്‍ പോരാ, ഭക്ഷ്യവസ്തുക്കള്‍ തന്നെ നല്‍കണം. ഇതില്‍ ചിലതില്‍ ചില മദ്ഹബുകളില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകാം എങ്കിലും പ്രത്യേക ഇബാദത്താണ് എന്നതില്‍ എല്ലാവരും യോജിക്കുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്ന്, സകാത്ത് ഒരു പ്രത്യേക ഇബാദത്താണെന്നും അതിന് മതം നിശ്ചയിച്ച രീതിക്രമം എല്ലാ തലത്തിലും പാലിക്കണമെന്നും സ്പഷ്ടമായി. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞ് ഇഷ്ടാനുസരണം അവ ശേഖരിക്കുകയോ ഇഷ്ടമുള്ളവര്‍ക്ക് സൗകര്യപ്പെടുന്ന സമയത്ത് വിതരണം നടത്തുകയോ ചെയ്യാവുന്നതല്ല എന്നും വ്യക്തമായി. ഇവിടെയാണ് സംഘടനാ സകാത്തുകാര്‍ ഒരു ഇബാദത്തിനെ കേവല പാര്‍ട്ടി ഫണ്ടാക്കി മാറ്റുന്നതിന്റെ മതവിരുദ്ധത നാം തിരിച്ചറിയേണ്ടത്.

സംഘടനാ സകാത്ത് ബിദ്അത്ത്
മുന്‍ഗാമികളുടെ മാതൃകയില്ലാത്ത പുത്തനാശയങ്ങള്‍ക്കാണ് ബിദ്അത്ത് എന്ന് പറയുന്നത്. ബിദ്അത്ത് വര്‍ജിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. പ്രത്യേകമായ രീതിയില്‍ ക്രമവും ശര്‍ത്വും ഫര്‍ളും ഒക്കെ മതം നിശ്ചയിച്ച ആരാധനകളെ പുതിയ രീതിയും ക്രമവും ഉണ്ടാക്കി പരിഷ്‌കരിക്കുന്നത് ബിദ്അത്താണ്. പ്രത്യേക രീതിക്രമം നിശ്ചയിക്കാത്ത ദാനധര്‍മങ്ങള്‍ക്ക് നൂതനമായ രീതികള്‍ ആവിഷ്‌കരിക്കാം. വീട് നിര്‍മിച്ചു നല്‍കല്‍, ഡയാലിസിസ് സെന്ററുകള്‍ ഉണ്ടാക്കല്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ചും മറ്റും ഭക്ഷണം നല്‍കല്‍, ഇഫ്ത്വാര്‍ ഖൈമകള്‍… തുടങ്ങിയ പലതും മുസ്‌ലിം സമുദായം കക്ഷിഭേദമന്യേ ചെയ്തു പോരുന്നുണ്ട്. അതിനെ ആരും വിമര്‍ശിക്കുന്നില്ല. എന്നാല്‍ സകാത്ത് അങ്ങനെയല്ല. അത് നിശ്ചിത ധനത്തിന് നിശ്ചിത കാലത്ത് നിശ്ചിത വിഹിതം നിശ്ചിത രീതിയില്‍ നിര്‍ണിത വിഭാഗങ്ങള്‍ക്ക് മാത്രം വിതരണം ചെയ്യലാണ്.

അത് മാറ്റുന്നത് ആ ഇബാദത്ത് നഷ്ടപ്പെടാന്‍ കാരണമാകും. സംഘടനാ സകാത്ത് എന്ന സംവിധാനത്തിന് മുന്‍ഗാമികളുടെ മാതൃക ഇല്ല എന്ന് അതിനു വേണ്ടി വാദിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെ അതിന്റെ മുഖപത്രത്തില്‍ എഴുതുന്നത് കാണുക. “കേരളത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടു കൂടിത്തന്നെ സകാത്തും സ്ഥാപിതമായിട്ടുണ്ടാകണം. ആദ്യകാല മുസ്‌ലിംകള്‍ മതകാര്യങ്ങളില്‍ കൂടുതല്‍ നിഷ്ഠ പുലര്‍ത്തിയിരുന്നെങ്കിലും അവര്‍ക്കിടയില്‍ നിലനിന്ന സകാത്ത് സംവിധാനത്തെ കുറിച്ച് ചരിത്രരേഖകള്‍ നിശബ്ദമാണ്. മുസ്‌ലിം ഭരണാധികാരികളുടെ അഭാവത്തില്‍ സകാത്ത് സംഭരിക്കാനും വിതരണം ചെയ്യാനും വ്യവസ്ഥാപിത ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെ പാരമ്പര്യമായി തുടര്‍ന്നുവന്ന സകാത്ത് രീതി പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായില്ല. 1968ല്‍ തിരുവനന്തപുരം ജില്ലയിലെ ഞാറയില്‍ കോണം മഹല്ലിലാണ് സംഘടിത സകാത്ത് ആദ്യമായി നിര്‍വഹിക്കപ്പെട്ടത്. 1975ല്‍ ശാന്തപുരം മഹല്ലില്‍ വിശാലവും വ്യവസ്ഥാപിതവുമായി സകാത്ത് സംവിധാനം നിലവില്‍ വന്നു’ (പ്രബോധനം, 2004 ഒക്ടോബര്‍)

സ്വഹാബത്തിന്റെ കാലത്ത് ഇസ്‌ലാം എത്തിയ കേരളത്തില്‍ സംഘടനാ സകാത്ത് എന്ന രീതി ഉണ്ടാകുന്നത് 1,300 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മുന്‍ഗാമികള്‍ പല കാര്യങ്ങള്‍ക്കും സമിതികളും കമ്മിറ്റികളും കൂട്ടായ്മകളും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സകാത്ത് കമ്മിറ്റി ഉണ്ടാക്കാതിരുന്നത് ഇത് മതത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമല്ലാത്തതു കൊണ്ട് തന്നെയാണ്. 1935ല്‍ ഈജിപ്തില്‍ മരണപ്പെട്ട റശീദ് രിളയെന്ന മാസോണിസ്റ്റാണ് സകാത്ത് കമ്മിറ്റി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് എന്ന് യൂസുഫുല്‍ ഖര്‍ളാവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിനെ പാശ്ചാത്യവത്കരിക്കാന്‍ വേണ്ടി പല പുത്തന്‍ വാദങ്ങളും എഴുന്നള്ളിച്ച റശീദ് രിളയുടെ തഫ്സീറുല്‍ മനാറാണ് ജമാഅത്തുകാര്‍ ഓതിപ്പഠിക്കുന്ന പ്രധാന ഗ്രന്ഥം. ഈ പുത്തന്‍ വാദമാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ പേര് പറഞ്ഞ് ജമാഅത്തുകാര്‍ കേരളത്തില്‍ ഇറക്കുമതി ചെയ്തത്. ഇതാകട്ടെ അവരുടെ മതരാഷ്ട്ര സങ്കല്‍പ്പത്തിലെ പ്രധാന മൂലധനവും ആണ്. പാവപ്പെട്ടവരിലേക്ക് ഒഴുകേണ്ട സകാത്ത് ഇടനിലക്കാരുടെ റോളിലെത്തി പകല്‍ക്കൊള്ള ചെയ്യുന്ന പുത്തന്‍വാദികളുടെ ദുര്‍ന്യായങ്ങള്‍ ഓരോന്നായി വിശകലനം ചെയ്യേണ്ടതുണ്ട് .
(തുടരും)

---- facebook comment plugin here -----

Latest