Connect with us

Ramzan

തിലാപ്പിയ കുഞ്ഞുങ്ങൾ അമ്മക്കരികിൽ എത്ര സേഫാണ്

നമുക്ക് ചുറ്റുമുള്ള ഏത് ജീവിയിലേക്ക് നോക്കിയാലും അവയിലൊക്കെ കുട്ടികളോടും കൂടപ്പിറപ്പുകളോടും ഇണകളോടുമുള്ള ദയയും വാത്സല്യവും സ്‌നേഹവും കാണാനാകും.

Published

|

Last Updated

കോഴി സാധാരണ ഗതിയിൽ ഉപദ്രവകാരിയായ ജീവിയല്ല. എങ്കിലും ചില സന്ദർഭങ്ങളിൽ അത് ശത്രു ജീവികളോടും മനുഷ്യരോടുമടക്കം ഹിംസാത്മകമായി പെരുമാറാറുണ്ട്. ചെറിയ കുഞ്ഞുങ്ങളെ നോക്കി വളർത്തുന്ന സമയത്താണത്. കാക്ക, പൂച്ച, പ്രാപിടിയൻ തുടങ്ങിയ ജീവികൾ കോഴിക്കുഞ്ഞുങ്ങളെ ലക്ഷ്യം വെക്കുമ്പോൾ അവക്കുനേരെ അമ്മക്കോഴി പാഞ്ഞടുക്കുകയും കൊത്തിയോടിക്കുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളോടൊപ്പം കൊത്തിപ്പെറുക്കി നടക്കുന്ന സമയത്ത് മനുഷ്യരുടെ സാന്നിധ്യം അമ്മക്കോഴിക്ക് പരിഭ്രാന്തി പരത്തിയാൽ മനുഷ്യന് നേരെയും അത് ചീറിയടുത്ത് ദ്രോഹിക്കും.

വളർത്തു മത്സ്യങ്ങളുടെ കൂട്ടത്തിൽപ്പെട്ട തിലാപ്പിയ അതിന്റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ. ജലാശയത്തിൽ അസാധാരണ അനക്കങ്ങളോ അപകട സൂചനയോ ശ്രദ്ധയിൽപ്പെട്ടാൽ അമ്മ മത്സ്യം വാ തുറന്ന് ഡസൻ കണക്കിന് വരുന്ന കുഞ്ഞുങ്ങളെ വിഴുങ്ങും. രംഗം ശാന്തമായതിനുശേഷം കുഞ്ഞുങ്ങളെ പുറത്തേക്ക് തുപ്പുകയും ചെയ്യും. ഇത് കുഞ്ഞുങ്ങളോടുള്ള കരുണയുടെയും കരുതലിന്റെയും ഭാഗമാണ്. തള്ളക്കോഴിയുടെ പരാക്രമവും അങ്ങനെ തന്നെ.

നമുക്ക് ചുറ്റുമുള്ള ഏത് ജീവിയിലേക്ക് നോക്കിയാലും അവയിലൊക്കെ കുട്ടികളോടും കൂടപ്പിറപ്പുകളോടും ഇണകളോടുമുള്ള ദയയും വാത്സല്യവും സ്‌നേഹവും കാണാനാകും.
നബി (സ) പറയുന്നു: അല്ലാഹുവിന്റെ കാരുണ്യങ്ങളിൽ നിന്നുള്ള ഒന്നിനെയാണവൻ മനുഷ്യർ, മൃഗങ്ങൾ, ചെറു ജീവികൾ തുടങ്ങിയവയിലേക്ക് നൽകിയത്. ആ ഒന്ന് കൊണ്ടാണ് അവ പരസ്പരം ദയയോടെ പെരുമാറുന്നതും കാരുണ്യത്തോടെ വർത്തിക്കുന്നതും. കാട്ടുജീവികളടക്കം അവയുടെ കുഞ്ഞുങ്ങളോട് അനുകമ്പ കാണിക്കുന്നതും ആ കാരുണ്യം കൊണ്ടാണ്. ബാക്കിയുള്ളത് അല്ലാഹു മാറ്റിവെച്ചു. അതുകൊണ്ട് അവൻ അവന്റെ അടിമകൾക്ക് പാരത്രിക ലോകത്ത് വെച്ച് അനുഗ്രഹം ചെയ്യും.

കാരുണ്യം മനുഷ്യർക്കും ഉണ്ടാകേണ്ട വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവഗുണമാണ്. മനുഷ്യർ പരസ്പരവും സഹജീവികളോടും അത് പ്രകടിപ്പിക്കുകയും വേണം. കരുണാർദ്രമായ മനസ്സുള്ളവർക്കേ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുകയുള്ളൂ. ഇമാം അഹ്മദ്(റ) റിപോർട്ട് ചെയ്ത ഹദീസിലൂടെ നബി (സ) പഠിപ്പിക്കുന്നു- നിങ്ങൾ കരുണ ചെയ്താൽ നിങ്ങൾക്കും കാരുണ്യം ലഭിക്കും. നിങ്ങൾ പൊറുക്കാൻ തയ്യാറായാൽ നിങ്ങളുടെ വീഴ്ചകളും പൊറുക്കപ്പെടും.

റമസാനിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ അല്ലാഹു അവന്റെ സൃഷ്ടിജാലങ്ങൾക്ക് കാരുണ്യം നൽകാനായി മാറ്റിവെച്ചതാണ്. കാരുണ്യ ലബ്ധിക്കായി അല്ലാഹുവിനോട് രാത്രിയും പകലും വ്യത്യാസമില്ലാതെ പ്രാർഥിക്കേണ്ട സമയമാണിത്. അതോടൊപ്പം ദിവ്യാനുഗ്രഹവും കടാക്ഷവും കിട്ടാനായി അവൻ നിർദേശിച്ച കാര്യങ്ങളും പ്രവർത്തിക്കുക. ഭൗമ ലോകത്തുള്ളവരോട് കാരുണ്യം കാണിക്കാനായി മുഹമ്മദ് നബി (സ) നമ്മോട് നിർദേശിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് മലക്കുകളുടെ പ്രാർഥന ലഭിക്കുമെന്നും അവിടുന്ന് ഉറപ്പ് തരുന്നുണ്ട്.

Latest