Web Special
അയോഗ്യതയില്‍ നിന്ന് സഖ്യകക്ഷി നേതാവിനെ മോദി സര്‍ക്കാര്‍ രക്ഷിച്ചെടുത്ത വിധം
രാഹുലിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനാധികാരം പ്രയോഗിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. അല്ലെങ്കില്‍ ഗൊലായിയുടെത് ഏക അപവാദമാണോ?
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം എടുത്തുകളഞ്ഞ നടപടി വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ പാര്‍ലിമെന്റ് അംഗത്വവും ഇങ്ങനെ അസാധുവാക്കിയിരുന്നു. വിധി മേല്‍ക്കോടതി പിന്നീട് സ്റ്റേ ചെയ്തുവെങ്കിലും ഫൈസല്‍ ഇപ്പോഴും പാര്‍ലിമെന്റിന് പുറത്തുതന്നെയാണ്. രാഹുലിന്റെയും ഫൈസലിന്റെയും വിഷയത്തില്‍ ദ്രുതഗതിയിലാണ് അയോഗ്യത കല്പിക്കപ്പെട്ടത്. എന്നാല്‍, എന്‍ ഡി എയുടെ ഭാഗമായ സഖ്യകക്ഷി നേതാവിനെ അയോഗ്യതയില്‍ നിന്ന് സംരക്ഷിച്ച പാരമ്പര്യമുണ്ട് മോദി സര്‍ക്കാറിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും.
അഴിമതിക്കേസിൽ ജയിൽ ശിക്ഷ, പുതിയ പാർട്ടി
2019 ഒക്ടോബറില്‍ സിക്കിം മുഖ്യമന്ത്രിയും ബി ജെ പിയുടെ സഖ്യകക്ഷിയുമായ പ്രേം സിംഗ് തമാംഗ് ഗൊലെയ്ക്കാണ് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും സംരക്ഷണ കവചമൊരുക്കിയത്. 2010ല്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) സര്‍ക്കാറില്‍ മന്ത്രിയായിരിക്കെയാണ് ഗൊലെയ് ആരോപണവിധേയനായത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് 9.5 ലക്ഷം അപഹരിച്ചതിന് സംസ്ഥാന വിജിലന്‍സ് വകുപ്പ് അദ്ദേഹത്തിനെതിരെ കേസെടുത്തു. പശുക്കളെ വാങ്ങുന്നതിന് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട തുക തട്ടിച്ചുവെന്നതാണ് കേസ്. അധികം വൈകാതെ അദ്ദേഹം എസ് ഡി എഫ് വിട്ടു. 2016 ഡിസംബറില്‍ വിചാരണ കോടതി അദ്ദേഹത്തിന് ഒരു വര്‍ഷത്തെ ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഗോലെയ് ഒളിവില്‍ പോയി. 2017 ജൂണില്‍ കോടതിവിധി ഹൈക്കോടതിയും ശരിവെച്ചു. രണ്ട് മാസത്തിന് ശേഷം ആഗസ്റ്റിലാണ് അദ്ദേഹം കോടതി മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് റോംഗ്യെക് ജയിലില്‍ അടച്ചു. 2018 ആഗസ്റ്റില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയായി. തുടര്‍ന്ന് സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ആ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എസ് ഡി എഫിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമായിരുന്നില്ല.
ഇതിനിടെ അമ്പരിപ്പിക്കുന്ന നീക്കം ബി ജെ പി നടത്തി. അന്നത്തെ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗിന്റെ എസ് ഡി എഫിനെ ബി ജെ പി ഒഴിവാക്കി. സിക്കിമില്‍ ബി ജെ പിയുടെ ആധിപത്യം ചാംലിംഗ് വകവെച്ചുനല്‍കില്ലെന്നതായിരുന്നു ഈ നീക്കത്തിന് കാരണം. 32 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ഗൊലെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ബി ജെ പി വാഗ്ദാനം ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ജനാധിപത്യ സഖ്യ(നെഡ)ത്തില്‍ എസ് കെ എമ്മും എസ് ഡി എഫും ഒരേസമയം അംഗമായിരുന്നു. സിക്കിമില്‍ എസ് കെ എമ്മുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് അന്ന് ജനവികാരം മോദി സര്‍ക്കാറിന് എതിരായിരുന്നു. തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ എസ് കെ എം നേടി. ചാംലിംഗിന്റെ എസ് ഡി എഫ് 13 സീറ്റിലൊതുങ്ങി.
പവന്‍ കുമാര്‍ ചാംലിംഗ്
മോദി സർക്കാറിൻ്റെ വെള്ളംചേർക്കൽ
ഡല്‍ഹിയില്‍ നിന്നുള്ള ഉറപ്പിന്മേല്‍ ഗൊലെയിയെ നിയമസഭാ കക്ഷി നേതാവായി എസ് കെ എം തിരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണര്‍ ഗംഗ പ്രസാദിന്റെ നീക്കത്തിനെതിരെ എസ് ഡി എഫ് സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കേസില്‍ 2001ലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്ന് എസ് ഡി എഫ് ചൂണ്ടിക്കാട്ടി. ഇനിയാണ് മോദി സര്‍ക്കാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇടപെടലുകളുണ്ടാകുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വീമ്പ് മുഴക്കുമ്പോഴും വെള്ളം ചേര്‍ത്തതിന് ഉദാഹരണമായിരുന്നു മോദി സര്‍ക്കാറിന്റെ ഈ നീക്കം. ജനപ്രാതിനിധ്യ നിയമത്തില്‍ 2003ല്‍ അടല്‍ ബിഹാരി വാജ്പയ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പിന്‍വലിക്കുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. ശിക്ഷയുടെ ഗൗരവത്തിനനുസരിച്ച് അയോഗ്യതയുണ്ടാകുന്ന ഭേദഗതികളാണ് വാജ്പയ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ശിക്ഷ പിഴയാണെങ്കില്‍ ആറ് വര്‍ഷത്തേക്ക് അയോഗ്യതയും ജയില്‍ ശിക്ഷയാണെങ്കില്‍ ജയില്‍ മോചനത്തിന് ശേഷം ആറ് വര്‍ഷം വരെ മത്സരിക്കാന്‍ അയോഗ്യതയുമായിരുന്നു വാജ്പയിയുടെ ഭേദഗതി. അഴിമതി തടയല്‍ നിയമ പ്രകാരമുള്ള കുറ്റത്തില്‍ ഗൗരവതരം എന്ന വിശേഷണം ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ നീക്കം ചെയ്തു. ഫലത്തില്‍ ജയില്‍ മോചനത്തിന് ശേഷം ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല എന്നത് ഇതിലൂടെ ഒഴിവായി. എന്നാല്‍, ഗോലെയ് കുറ്റം ചെയ്തത് വാജ്പയ് കാലത്തെ ഭേദഗതി നിയമം നിലനിന്ന 2010ലാണ്. 2016ലാണ് കോടതി വിധി വന്നത്. അതിനാല്‍ 2016 ഡിസംബര്‍ 28 മുതല്‍ ആരംഭിച്ച ജയിലാനന്തര അയോഗ്യത 2024 ആഗസ്റ്റ് 10ന് മാത്രമേ അവസാനിക്കൂ. മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമാകണം. അതായത് 2019 ഒക്ടോബര്‍ 17നകം നിയമസഭാംഗമാകണമായിരുന്നു. എന്നാല്‍ 2024 വരെ മത്സരിക്കാന്‍ സാധിക്കില്ലല്ലൊ.
അയോഗ്യന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാപ്പ്
ഈ ഘട്ടത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ രക്ഷക്കെത്തുന്നത്. 2019 ജൂലൈയില്‍ ഗൊലെയ് ഒരു അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. കമ്മീഷന്റെ വിവേചനാധികാരം ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ നിന്ന് മാപ്പ് നല്‍കണമെന്നതായിരുന്നു അപേക്ഷ. ഇതുപ്രകാരം ഒക്ടോബറില്‍ ഗൊലെയ്ക്ക് അനുകൂലമായി കമ്മീഷന്‍ ഉത്തരവിട്ടു. ഏഴ് പേജ് വരുന്ന ഉത്തരവില്‍ ഏറെ അത്ഭുതമുണ്ടാക്കുന്ന നിരീക്ഷണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തി. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചുവെന്നും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയെന്നും ഇതിനാല്‍ ഗൊലെയ്ക്ക് മാപ്പ് നല്‍കാമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. സിക്കിമിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ എസ് കെ എമ്മുമായി ബി ജെ പി സഖ്യം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഗൊലെയ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നതെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. തുടര്‍ന്ന് ഒക്ടോബര്‍ 21ന് ഗൊലെയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മറ്റ് രണ്ട് സീറ്റുകള്‍ ബി ജെ പിക്ക് നല്‍കിയിരുന്നു. അതിന് ശേഷം കാല്‍ നൂറ്റാണ്ട് സിക്കിം ഭരിച്ച എസ് ഡി എഫിന് 10 എം എല്‍ എമാരെ നഷ്ടപ്പെട്ടു. ഒടുവില്‍ പ്രതിപക്ഷ ബെഞ്ചില്‍ മുന്‍ മുഖ്യമന്ത്രി ചാംലിംഗ് മാത്രം ബാക്കിയാകുന്ന സ്ഥിതിയിലെത്തി. അതേസമയം, സുപ്രീം കോടതിയില്‍ വ്യവഹാരം തുടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ തിരഞ്ഞെടുപ്പ് കമ്മീഷനും ഗൊലയ്ക്കും നോട്ടീസ് നല്‍കി. പിന്നീട് അനക്കമൊന്നുമുണ്ടായില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനാധികാരം ഉപയോഗിച്ച് ഗൊലെയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത് ധാര്‍മികമായി തെറ്റാണെന്നും അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ശിക്ഷയെ തുടര്‍ന്ന് അയോഗ്യത കല്പിക്കപ്പെടുന്നത് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ രാഹുലിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനാധികാരം പ്രയോഗിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. അല്ലെങ്കില്‍ ഗൊലായിയുടെത് ഏക അപവാദമാണോ?