Connect with us

National

കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പോലും വീട് പൊളിക്കുന്നത് എങ്ങനെ?; 'ബുൾഡോസർ രാജി'ൽ സുപ്രീം കോടതി

അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് പാൻ ഇന്ത്യ അടിസ്ഥാനത്തിൽ മാർഗരേഖ ആവശ്യമാണെന്നും കോടതി

Published

|

Last Updated

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി | രാജ്യത്ത് വിവിധയിടങ്ങളിൽ അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിക്കുന്ന നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അയാളുടെ വീട് പൊളിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ “ബുൾഡോസർ നടപടികളെ” ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബിആർ ഗവായ് , കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ച്.

കുറ്റാരോപിതനായതുകൊണ്ട് മാത്രം ഒരാളുടെ വീട് എങ്ങനെ പൊളിക്കും? കുറ്റക്കാരനായാലും അത് പൊളിക്കാൻ കഴിയില്ല – ജസ്റ്റിസ് ഗവായ് പറഞ്ഞു. അനധികൃത നിർമാണങ്ങൾ കോടതി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഗവായ് എന്നാൽ ഇക്കാര്യത്തിൽ ചില മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി. പാൻ ഇന്ത്യ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

‘ഒരു പിതാവിന് അനുസരണയില്ലാത്ത ഒരു മകനുണ്ടാകാം. പക്ഷേ ഇതിന്റെ അടിസ്ഥാനത്തിൽ വീട് പൊളിക്കുകയാണെങ്കിൽ…? അങ്ങനെയല്ല ചെയ്യേണ്ടത്” – ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.

നിയമലംഘനം നടക്കുമ്പോൾ മാത്രമാണ് വീടുകൾ പൊളിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം. നിയമ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്ത സാഹചര്യത്തിൽ മുനിസിപ്പൽ നിയമം അനുസരിച്ച് മാത്രമേ കെട്ടിടങ്ങൾ പൊളിക്കാറുള്ളൂ എന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ പരാതികൾ പരിശോധിക്കുമ്പോൾ ഈ നടപടിയിൽ പിഴവ് സംഭവിച്ചതായി തോന്നുന്നുണ്ടെന്ന് കോടതി ഇതിന് മറുപടി നൽകി.

അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് പാൻ ഇന്ത്യ അടിസ്ഥാനത്തിൽ മാർഗരേഖ ആവശ്യമാണെന്നും ജസ്റ്റിസ് വിശ്വനാഥൻ നിരീക്ഷിച്ചു.

ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വസ്തുവകകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്ന രീതിയുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകളാണ് സുപ്രീം കോടതി കൈകാര്യം ചെയ്യുന്നത്. കേസിൽ സെപ്റ്റംബർ 17ന് സുപ്രീം കോടതി വാദം തുടരും.

---- facebook comment plugin here -----

Latest