Prathivaram
യൂറിക് ആസിഡ് എങ്ങനെ അകറ്റാം?
ശരിയായ വ്യായാമം മറ്റു പല അസുഖങ്ങൾ പോലെ തന്നെ യൂറിക് ആസിഡ് കുറക്കാനും സഹായിക്കുന്നു. വ്യായാമം അല്ലാതെ തന്നെ നടക്കാനും സ്റ്റെപ്പ് കയറാനുമൊ ക്കെയുള്ള അവസരങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്നൊരു പ്രശ്‌നമാണ് രക്തത്തിലെ ഉയർന്ന യൂറിക് ആസിഡ് നില (ഹൈപ്പർ യൂറിസീമിയ). ശരീരം പ്യൂരിൻ എന്നറിയപ്പെടുന്ന പദാർഥങ്ങളെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. പ്യൂരിൻ സാധാരണയായി ശരീരത്തിൽ ഉത്പാദിക്കപ്പെടുന്നു.
കരൾ, അയല, മത്തി, ഉണക്കിയ ബീൻസ്, പീസ് തുടങ്ങിയ ഭക്ഷണ പദാർഥങ്ങളിലും പ്യൂരിൻ ധാരാളം അടങ്ങിയിരിക്കുന്നു. സാധാരണ മൂത്രത്തിലൂടെ ഇത് പുറന്തള്ളപ്പെടുന്നു. 2-6 mg/dl വരെ സ്ത്രീകൾക്കും 3-7 mg/dl വരെ പുരുഷന്മാരിലും ഇത് നോർമൽ ആണ്.
യൂറിക് ആസിഡ് കൂടുമ്പോൾ എന്ത് സംഭവിക്കുന്നു?
കൂടുതലുള്ള യൂറിക് ആസിഡ് പരലുകളുടെ രൂപത്തിൽ സന്ധികളിലും തൊലിക്കടിയിലും നിക്ഷേപിക്കുകയും അസഹനീയമായ വേദനക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിനെ ഗൗട്ട് (ഒരു തരം വാതരോഗം) എന്ന് പറയുന്നു.
കൂടാതെ ഉയർന്ന യൂറിക് ആസിഡ് കാരണം വൃക്കരോഗം, ഹൃദ്രോഗം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചികിത്സിച്ചില്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ഒടുവിൽ സ്ഥിരമായി അസ്ഥി, സന്ധികൾ, ടിഷ്യൂ എന്നിവയുടെ നാശത്തിലേക്ക് നയിച്ചേക്കാം.
എങ്ങനെയാണ് യൂറിക് ആസിഡ് കൂടുന്നത്?
വൃക്കകൾ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡ് ശരിയായി നീക്കം ചെയ്യാതെ വരുന്പോൾ യൂറിക് ആസിഡിന്റെ അളവ് ഗണ്യമായ തോതിൽ വർധിക്കുന്നു.
യൂറിക് ആസിഡ് കൂടുന്നതിന്റെ പൊതുവെയുള്ള ചില കാരണങ്ങൾ
1. പൊണ്ണത്തടി, അമിത ഭാരം ഉള്ളവരിൽ യൂറിക് ആസിഡ് കൂടുതലായി കണ്ടുവരുന്നു. ശരീര ഭാരം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
2. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾ ഉള്ളവരിൽ യൂറിക് ആസിഡ് കൂടുതലായി കാണാറുണ്ട്.
3. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർഥങ്ങളുടെ അമിത ഉപയോഗവും കൂടുതൽ അളവിൽ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരിലും കീറ്റോ ഡയറ്റ്
എടുക്കുന്നവരിലും യൂറിക് ആസിഡ് കൂടുതലായി കാണാറുണ്ട്. കൂടാതെ ചില മരുന്നുകളുടെ (diuretics or വാട്ടർ ഗുളികകൾ എന്ന് പറയുന്നു ) ഉപയോഗവും യൂറിക് ആസിഡ് കൂട്ടുന്നതാണ്.
4. അമിത മദ്യപാനം
മദ്യത്തിൽ ധാരാളം പ്യൂരിൻ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇത് നിർജലീകരണത്തിനും കാരണമാകുന്നു, ഇതു യൂറിക് ആസിഡ് കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്.
5. പുകവലി
മറ്റു പല ആരോഗ്യ പ്രശ്‌നങ്ങൾ പോലെ തന്നെ യൂറിക് ആസിഡ് കൂട്ടാനും പുകവലി കാരണമാകുന്നു.
6. ദീർഘ നേരമായുള്ള ഇരുപ്പ്
ഒരുപാടു നേരം ഇരുന്നു ജോലിചെയ്യുന്നത് യൂറിക് ആസിഡ് വർധിപ്പിക്കാൻ വഴിവെക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ അര മണിക്കൂർ കൂടുമ്പോഴും ഒന്ന് എഴുന്നേറ്റ് നടക്കുന്നത് യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്നു.
യൂറിക് ആസിഡ് എങ്ങനെ കുറക്കാം?
യൂറിക് ആസിഡ് പരിധിയിൽനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. സന്തുലിതമായ ഭക്ഷണരീതി കൊണ്ടും ആവശ്യമെങ്കിൽ മരുന്നുകൊണ്ടും ഇത് സാധ്യമാണ്. ഭക്ഷണം പൂർണമായി ഒഴിവാക്കുന്നതും കൂടുതൽ കഴിക്കുന്നതും നല്ലതല്ല.
1. ധാരാളം വെള്ളം കുടിക്കുക
വെള്ളം10-14 ഗ്ലാസെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക. ഇത് വേസ്റ്റ് പ്രൊഡക്റ്റുകളെ പുറംതള്ളാൻ സഹായിക്കുന്നു. വൃക്കരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചായ, കാപ്പി എന്നിവ മിതമായി ഉപയോഗിക്കാം.
2. പ്യുരിൻ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക
മത്തി, അയല, കൊഞ്ച്, ഞണ്ട് തുടങ്ങിയ മത്സ്യങ്ങളിലും ബീഫ് തുടങ്ങിയ റെഡ് മീറ്റിലും അതുപോലെ കരൾ, ഹാർട്ട് തുടങ്ങി ഓർഗൻ മീറ്റിലും പ്യൂരിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ മറ്റു മത്സ്യ മാംസങ്ങളുടെ ഉപയോഗം ആഴ്ചയിൽ 2-3 പോർഷൻസ് മാത്രമായി ചുരുക്കാം.
യൂറിക് ആസിഡിന്റെ പ്രശ്‌നമുള്ള പലരും പരിപ്പ് വർഗങ്ങൾ പൂർണമായി നിർത്തുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്. എന്നാൽ, ആഴ്ചയിൽ 2-3 പോർഷൻസ് ഇത് നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
മുളപ്പിച്ചു കഴിക്കുന്നതാണ് കൂടുതൽ അഭികാമ്യം. എന്നാൽ യീസ്റ്റ് തുടങ്ങിയ ഭക്ഷണത്തിന്റെ അളവ് കുറക്കേണ്ടതുണ്ട്.
3. പ്രൊസസ്സ്ഡ് ഷുഗർ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക
പ്രൊസസ്സ്ഡ് ഷുഗർ അടങ്ങിയ പാക്ക്ഡ് ജ്യൂസ്, കെച്ചപ്പ്, സോഡാ, ബിസ്‌ക്കറ്റ്, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുക. ഒരു കൈപ്പിടി നട്്സ് സ്നാക്ക്സ് ആയി കഴിക്കാം.
4. പഴങ്ങളും പച്ചക്കറികളും കഴിക്കുക
സീസണിൽ ലഭ്യമാകുന്ന ഫ്രഷായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം. പ്രത്യേകിച്ചും വിറ്റാമിൻ c അടങ്ങിയ പേരക്ക, ഓറഞ്ച് എന്നിവ നല്ലതാണ്.
5. പാലും പാലുത്പന്നങ്ങളും
പാലും പാലുത്പന്നങ്ങളും മിതമായി ഉപയോഗിക്കുക. ഉച്ചഭക്ഷണത്തിൽ കൊഴുപ്പുനീക്കിയ അര ഗ്ലാസ് തൈര് കഴിക്കാം. കൂടാതെ കിടക്കാൻ നേരം ഒരു ഗ്ലാസ് പാട നീക്കിയ പാൽ ഒരു നുള്ള് മഞ്ഞൾപൊടി ചേർത്ത് തിളപ്പിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.
6. വ്യായാമം
ശരിയായ വ്യായാമം മറ്റു പല അസുഖങ്ങൾ പോലെ തന്നെ യൂറിക് ആസിഡ് കുറക്കാനും സഹായിക്കുന്നു. വ്യായാമം അല്ലാതെ തന്നെ നടക്കാനും സ്റ്റെപ്പ് കയറാനുമൊക്കെയുള്ള അവസരങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. കൂടാതെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സ്‌ട്രെംഗ്ത് എക്‌സെർസൈസ് ചെയ്യാം. ബ്രീതിംഗ് എക്‌സെർസൈസ് ചെയ്യുന്നത് നല്ലതാണ്.