WAKHAF BORD
മഖ്ബറകളും ജാറങ്ങളും അംഗീകരിക്കാത്ത മുജാഹിദുകളെയും ജമാഅത്തുകാരെയും എങ്ങനെ വഖഫ് സ്വത്തുക്കള്‍ ഏല്‍പ്പിക്കും: കെ ടി ജലീല്‍
"മുസ്ലിംകളിലെ നിരീശ്വരവാദികള്‍ മതതത്തിന്റെ കാര്യം കൈകാര്യം ചെയ്താല്‍ എന്താകും സ്ഥിതിയെന്നാണ് ലീഗുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ മഖ്ബറകളെ പൊളിക്കാന്‍ വേണ്ടി നടക്കുന്നവരാണ് മുജാഹിദുകള്‍. അവരെ എങ്ങിനെയാണ് വഖഫ് ബോര്‍ഡ് ജീവനക്കാരായി നിയമിക്കുക?."
കോഴിക്കോട് | മഖ്ബറകളെയും ജാറങ്ങളെയും അംഗീകരിക്കാത്ത മുജാഹിദുകളെയും ജമാഅത്തുകാരെയും എങ്ങനെ വഖഫ് സ്വത്തുക്കള്‍ നോക്കാന്‍ ഏല്‍പ്പിക്കുമെന്ന് മുന്‍ വഖഫ് മന്ത്രി കെ ടി ജലീല്‍. കുറ്റ്യാടിക്കടുത്ത് കുന്നുമ്മല്‍ തളീക്കരയില്‍ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്ത്കാരനോ മുജാഹിദുകാരനോ ഒരു രൂപയെങ്കിലും ഒരു മഖാമിലേക്ക് കൊടുത്തിട്ടുണ്ടോ? ഒരു ജാറത്തിലേക്ക് നല്‍കിയിട്ടുണ്ടോ?. ആ പണമാണ് വഖഫ് ബോര്‍ഡിന്റെ വരുമാനത്തിലെ വലിയൊരു ശതമാനം. ഇസ്‌ലാമിന് വിരുദ്ധമായ ബഹുദൈവാരാധനക്ക് തുല്യമാണ് ജാറത്തില്‍ പോകുന്നതും മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതും ദര്‍ഗകളിലേക്ക് സംഭാവന നല്‍കുന്നതും എന്ന് വിശ്വസിക്കുന്ന മുസ്ലിംകളിലെ തന്നെ ആളുകളെ എങ്ങിനെയാണ് ദര്‍ഗകളുടെയും മഖാമുകളുടെയും കാര്യം നോക്കാന്‍ ഏല്‍പ്പിക്കുകയെന്ന് ജലീല്‍ ചോദിച്ചു.
മുസ്ലിംകളിലെ നിരീശ്വരവാദികള്‍ മതതത്തിന്റെ കാര്യം കൈകാര്യം ചെയ്താല്‍ എന്താകും സ്ഥിതിയെന്നാണ് ലീഗുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ മഖ്ബറകളെ പൊളിക്കാന്‍ വേണ്ടി നടക്കുന്നവരാണ് മുജാഹിദുകള്‍. അവരെ എങ്ങിനെയാണ് വഖഫ് ബോര്‍ഡ് ജീവനക്കാരായി നിയമിക്കുക?. മുജാഹിദുകാരനായ ആള്‍ വഖഫ് ബോര്‍ഡില്‍ ജോലിക്കാരനായി വന്നാല്‍ അയാളെ എങ്ങനെ മമ്പുറത്തെയും പുത്തന്‍പള്ളിയിലെയും സിഎം സെന്ററിലേയും റസീവറാക്കും? ഈ ചോദ്യത്തിന് ലീഗ് മറുപടി പറയണം – ജലീല്‍ ആവശ്യപ്പെട്ടു.
തീക്കൊള്ളി കൊണ്ടാണ് ലീഗുകാര്‍ തല ചൊറിയുന്നത്. സമുദായത്തില്‍ അനൈക്യം സൃഷ്ടിക്കാനാണ് നിങ്ങളുടെ ശ്രമം. പള്ളികളെ കലാപഭൂമിയാക്കി മാറ്റുവാന്‍ നിങ്ങള്‍ ശ്രമിച്ചു. കാന്തപുരവും ജിഫ്രി തങ്ങളും ഉള്‍പ്പെടെ അതിനെ തള്ളിയത് കൊണ്ട് ഒരു പാട് പള്ളികളില്‍ കത്തിക്കുത്തും പ്രശ്‌നങ്ങളും ഒഴിവായെന്നും അദ്ദേഹം വ്യക്തമാക്കി.