Articles
ഇതേക്കാള്‍ മനോഹരമായി ആവിഷ്‌കരിക്കുന്നതെങ്ങനെ?
മതസമൂഹത്തെപ്രതി ഉത്പാദിപ്പിക്കപ്പെടുന്ന അനേകം തെറ്റിദ്ധാരണകളുണ്ട്. അവയില്‍ ചിലത് അറിവില്ലായ്മ കൊണ്ടും അടുത്തറിയാന്‍ അവസരങ്ങളില്ലാത്തത് കൊണ്ടും ഉണ്ടാകുന്നതാണ്. സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കാനും സങ്കീര്‍ണമാക്കാനുമുള്ള ശ്രമങ്ങളെ സൗഹൃദം കൊണ്ടും രാഷ്ട്രീയ ബോധ്യങ്ങള്‍ കൊണ്ടും പ്രതിരോധിക്കാനാകുമെന്ന പ്രഖ്യാപനമാണ് മാനവ സഞ്ചാരം ബാക്കിവെക്കുന്നത്.
നമുക്ക് നമ്മുടെ കാലത്തെ കുറിച്ച് പറയാന്‍ പരാതികള്‍ ഏറെയുണ്ട്, ചങ്കിടിപ്പേറ്റുന്ന അനുഭവങ്ങളുണ്ട്, ഉള്ളില്‍ കൊളുത്തിവലിക്കുന്ന കാഴ്ചകളുണ്ട്. വിട്ടുപോകില്ലെന്നുറപ്പിച്ച വേദനകളുണ്ട്. മാധ്യമങ്ങള്‍ അക്ഷരമായും ദൃശ്യമായും നമ്മുടെ മുമ്പിലേക്കിട്ടു തരുന്ന വാര്‍ത്തകള്‍ പലതും നടുക്കമുണ്ടാക്കുന്നതാണ്. വര്‍ഗീയത വിഷപ്പുക കണക്കെ രാഷ്ട്രാന്തരീക്ഷത്തെ പൊതിയുന്നുണ്ട്, ആ വിഷപ്പുകയില്‍ ജനാധിപത്യ മനുഷ്യര്‍ക്ക് ശ്വാസം മുട്ടുന്നുണ്ട്, എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട്. പക്ഷേ എങ്ങോട്ട്? ആ ചോദ്യത്തിന് മുമ്പിലാണ് നമ്മള്‍ പലരും പകച്ചുപോകുന്നത്.
നമ്മുടെ രാജ്യം ഇന്നലെകളില്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കാം. ഭൂതകാലത്തിന്റെ ഓര്‍മകളില്‍ മുങ്ങാങ്കുഴിയിടാം. അതൊരു ആശ്വാസമാണ്. എത്രകാലം ആ ആശ്വാസത്തില്‍ നമ്മള്‍ മുന്നോട്ടുപോകും? പോയകാലം ഗംഭീരം, നടപ്പുകാലം മഹാമോശം എന്ന് വേപഥുകൊള്ളുന്നുണ്ട് വേറെ ചിലര്‍. അവര്‍ സാങ്കേതിക വികാസത്തെയും സാമൂഹിക മാധ്യമങ്ങളെയും പഴി പറയുന്നുണ്ട്, പുതുതലമുറയെ വാക്കിന്റെ മുനകളാല്‍ കുത്തിനോവിക്കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ എത്രയെങ്കിലും പറയാന്‍ കഴിയുന്നുണ്ട് നമുക്ക്. എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളുടെയും എണ്ണിത്തിട്ടപ്പെടുത്താനാകാത്ത കാലുഷ്യത്തിന്റെയും കനല്‍ക്കാറ്റേറ്റ് കരുവാളിച്ച മുഖവുമായി ഈ തെരുവില്‍ നിന്നുകൊണ്ട് എത്രകാലം നിലവിളിക്കും നമ്മള്‍? ഇതിനൊരറുതി വേണ്ടേ? നമുക്കിത് പരിഹരിക്കണ്ടേ?
നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുഖ്യമായും രണ്ടായി തിരിക്കാവുന്നതാണ്; സാമൂഹികം, രാഷ്ട്രീയം. രണ്ടും പരസ്പര ബന്ധിതമാണ്. ഇവ സ്ഥായീസ്വഭാവമുള്ളതല്ല. മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്. മനുഷ്യരുടെ സാമൂഹിക ജീവിതം ഒരു പ്രഭാതത്തില്‍ ഒരേ നിലവാരമാര്‍ജിച്ചതല്ല. ഘട്ടം ഘട്ടമായി മെച്ചപ്പെട്ടതാണ്. അതിനിടയിലും പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരുന്നു. ഭരണകൂടങ്ങളും പൗരസമൂഹവും ഒരുമിച്ചുനിന്നാണ് അവ മറികടന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതില്‍ ഭരണകൂടങ്ങളുടെ “സ്വഭാവം’ പ്രധാനമാണ്. പ്രശ്നങ്ങളുടെ ഉറവിടം ഭരണകൂടമാണെന്നു വന്നാല്‍ അത് പരിഹരിക്കുക എളുപ്പമാകില്ല. അപ്പോഴും ഭരണകൂടത്തിന് പുറത്തുനിന്ന്‌കൊണ്ട് സാധ്യമാകുന്ന രാഷ്ട്രീയ പ്രതിവിധികളുണ്ടാകും. അതിലേക്കിറങ്ങി നടക്കാന്‍ ആളുണ്ടായാല്‍, ഒപ്പം നില്‍ക്കാന്‍ സമാനഹൃദയരുണ്ടായാല്‍ പൗരസമൂഹത്തിനും അവരിലെ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കും പലതും ചെയ്യാന്‍ കഴിയും. എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്ന നിലപാട് അരാഷ്ട്രീയതയോളമെത്തുന്ന നിസ്സംഗതയാണ്. ആ നിസ്സംഗതയെ പൊളിച്ചുകൊണ്ട് മാത്രമേ സൃഷ്ടിപരതയുടെ രാഷ്ട്രീയം സ്ഥാപിച്ചെടുക്കാനാകൂ.
നവംബര്‍ 16ന് കാസര്‍കോട് നിന്നാരംഭിച്ച് ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ച മാനവ സഞ്ചാരം എങ്ങനെയാണ് പുതിയ കാലത്തോടും പുതുതലമുറയോടും സംവദിച്ചത് എന്നന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരമാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്. പ്രശ്നങ്ങളിലല്ല പരിഹാരങ്ങളിലാണ് സംഘാടകര്‍ ശ്രദ്ധയൂന്നിയത്. അതിനെന്തു മാര്‍ഗം എന്ന ആലോചനയില്‍ നിന്നാണ് മാനവ സഞ്ചാരത്തിന്റെ കാര്യപരിപാടികള്‍ രൂപപ്പെട്ടത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ നേരില്‍ കണ്ടു, അവരെ കേട്ടു, അവരോട് സംസാരിച്ചു. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്നവരെ ഒരുമിച്ചിരുത്തി. എന്തുകൊണ്ട് രാഷ്ട്രപുരോഗതിക്കായി സന്ദര്‍ഭാനുസൃതം ചേര്‍ന്ന് നടന്നുകൂടാ എന്ന ആശയം അവരുടെ പരിഗണനയിലേക്കിട്ടുകൊടുത്തു. വിവിധ സമുദായ നേതാക്കളുടെ കൈപിടിച്ച് തെരുവിലൂടെ നടന്നു. കാലച്ചുവരിലെ വിളക്കുകള്‍ കെട്ടുപോയിട്ടില്ലെന്ന് കണ്ടുനിന്നവര്‍ക്ക് ബോധ്യമാകുന്ന വിധം ഊഷ്മളത നിറഞ്ഞുനിന്നു ആ കൈകോര്‍ക്കലില്‍. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരങ്ങള്‍ക്ക് കെടുത്തിക്കളയാന്‍ കഴിയുന്നതല്ല കേരളത്തിന്റെ മാനവികതയെന്ന് ഇതേക്കാള്‍ മനോഹാരിതയില്‍ മറ്റെങ്ങനെ ആവിഷ്‌കരിക്കും എസ് വൈ എസ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആയിരുന്നു മാനവ സഞ്ചാര നായകന്‍. അവകാശങ്ങള്‍ക്ക് വേണ്ടി ഒച്ചയിടാനും തെരുവിലിറങ്ങാനും ഏറെപ്പേരുണ്ട്; ഒട്ടേറെ സംഘടനകളും. പക്ഷേ, രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയിലും മനുഷ്യഗാത്രത്തിലെ അംഗമെന്ന നിലയിലും വൈയക്തികമായും സാമൂഹികമായും നിര്‍വഹിക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ച് സംസാരിക്കാന്‍ ആരുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു മാനവ സഞ്ചാരം. യാത്രയുടെ ഒന്നാം ദിനത്തില്‍ ഡോ. ഹകീം അസ്ഹരി സാമൂഹിക മാധ്യമത്തില്‍ കുറിച്ചതിങ്ങനെ:
“ഉത്തരവാദിത്വങ്ങളെയും ചുമതലകളെയും കുറിച്ച് പുതുതലമുറ എത്രമാത്രം ബോധവാന്മാരാണ് എന്ന സന്തോഷദായകവും ആശ്വാസ്യവുമായ ആലോചനയോടെയാണ് മാനവ സഞ്ചാരം ആരംഭിച്ചത്. കാസര്‍കോട്ടെ നന്മയുള്ള മനുഷ്യര്‍ക്കൊപ്പം രാവിലെ നടക്കാനിറങ്ങി. ജനപ്രതിനിധികളുമൊത്ത് സംസാരിച്ചിരുന്നു. എല്ലാവരും യാത്രയുടെ ആശയത്തെയും സന്ദേശത്തെയും വാഴ്ത്തുന്നതും വിഷയാധിഷ്ഠിതമായി സംസാരിക്കുന്നതും കേള്‍ക്കുമ്പോള്‍ യാത്ര ലക്ഷ്യത്തില്‍ സ്പര്‍ശിക്കുന്നത് മനസ്സറിയും. വെളിച്ചം കെടാത്ത ലോകം ഇനിയുമിനിയും കൂടുതല്‍ പ്രകാശിക്കുന്നത് കണ്ടും കേട്ടും മനസ്സിലാക്കാന്‍ മാനവ സഞ്ചാരം നമ്മെ പ്രാപ്തമാക്കും. തീര്‍ച്ച’.
എന്തിനായിരുന്നു മാനവ സഞ്ചാരം? നമ്മുടെ കാലത്തെയും സമൂഹത്തെയും കൂടുതല്‍ തിളക്കമുള്ളതാക്കാന്‍. ഒറ്റവാചകത്തില്‍ അതാണുത്തരം. ഒരുമിച്ചിരിക്കാനുള്ള ഇടങ്ങള്‍ നന്നേ ചുരുങ്ങിപ്പോയതാണ് സമകാലാനുഭവം. ഗ്രാമങ്ങളുടെ സൗന്ദര്യം തന്നെയും അത്തരം ഇടങ്ങളായിരുന്നു. അവിടെ എന്തെല്ലാം വിശേഷങ്ങളാണ് പങ്കുവെക്കപ്പെട്ടത്. എന്തെന്തു രാഷ്ട്രീയ ചര്‍ച്ചകളാണ് കെട്ടഴിഞ്ഞു വീണത്. വൈവിധ്യങ്ങളുടെ മേളനമായിരുന്നു ആ ഇടങ്ങളുടെ സവിശേഷത. സംഘര്‍ഷങ്ങളില്ലാതെ സൗഹൃദം കായ്ക്കുകയും പുഷ്പിക്കുകയും ചെയ്തു. അഭിപ്രായ ഭേദങ്ങള്‍ പ്രസന്നതയോടെ കടന്നുവരികയും നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷവും മുഖം കറുപ്പിക്കാതെ ഇറങ്ങിപ്പോകുകയും ചെയ്ത സ്‌നേഹത്തുരുത്തുകളുടെ വീണ്ടെടുപ്പ് സാധ്യമാകേണ്ടതുണ്ട് എന്ന സന്ദേശം പകര്‍ന്നു മാനവ സഞ്ചാരം. ഓരോ ജില്ലയിലും യുവജന സംഘടനാ നേതാക്കളെ കണ്ടിരുന്നു എസ് വൈ എസ് നേതാക്കള്‍. അവര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രധാന നിര്‍ദേശം, നിര്‍ണായക നേരങ്ങളില്‍ ഒരുമിച്ചിരിക്കണമെന്നായിരുന്നു, അതിന് സ്ഥിരം സംവിധാനം വേണമെന്നായിരുന്നു. എല്ലാവരും ആ നിര്‍ദേശത്തെ സ്വാഗതം ചെയ്തു.
മതസമൂഹത്തെപ്രതി ഉത്പാദിപ്പിക്കപ്പെടുന്ന അനേകം തെറ്റിദ്ധാരണകളുണ്ട്. അവയില്‍ ചിലത് അറിവില്ലായ്മ കൊണ്ടും അടുത്തറിയാന്‍ അവസരങ്ങളില്ലാത്തത് കൊണ്ടും ഉണ്ടാകുന്നതാണ്. സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കാനും സങ്കീര്‍ണമാക്കാനുമുള്ള ശ്രമങ്ങളെ സൗഹൃദം കൊണ്ടും രാഷ്ട്രീയ ബോധ്യങ്ങള്‍ കൊണ്ടും പ്രതിരോധിക്കാനാകുമെന്ന പ്രഖ്യാപനമാണ് മാനവ സഞ്ചാരം ബാക്കിവെക്കുന്നത്. വര്‍ഗീയതയും ലഹരിയും തമ്മില്‍ പ്രത്യക്ഷ ബന്ധങ്ങളില്ല. പക്ഷേ സൂക്ഷ്മ വായനയില്‍ ഇവ രണ്ടും അരാഷ്ട്രീയതയുടെ ഇരട്ട സന്തതികളാണ്. അവയുടെ വ്യാപനം തടയേണ്ടത് മാനവിക രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെയാകണം. ആ വഴിയില്‍ സാര്‍ഥകമായി ചുവടുവെച്ചിരിക്കുന്നു സുന്നി യുവജന സംഘം.
മാനവ സഞ്ചാരത്തെ ഏറ്റവും ശ്രദ്ധേയമാക്കിയത് അതില്‍ പങ്കുചേര്‍ന്ന മനുഷ്യരായിരുന്നു. പ്രഭാത നടത്തത്തോടെയാണ് ജില്ലകളില്‍ സഞ്ചാരത്തിന് തുടക്കമായത്. സംസ്ഥാന നേതാക്കള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ നാടുകളില്‍ താമസിക്കുകയും അവിടെ പ്രഭാത നടത്തത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഓരോ പ്രദേശത്തും ഇതില്‍ പങ്കാളികളാകാന്‍ വലിയ ജനക്കൂട്ടം തന്നെ ഒഴുകിയെത്തി. അതിന്റെ പതിന്‍മടങ്ങ് മനുഷ്യര്‍ വൈകുന്നേരത്തെ സൗഹൃദ നടത്തത്തിന്റെ ഭാഗമായി. സൗഹൃദത്തിന് വിഘാതമാകുന്ന അദൃശ്യമതിലുകള്‍ പൊളിച്ചുകൊണ്ട് മാത്രമേ ഈ മുന്നേറ്റം സാധ്യമാകുമായിരുന്നുള്ളൂ. മതവിശ്വാസമോ കക്ഷിരാഷ്ട്രീയ ബോധ്യങ്ങളോ സൗഹൃദത്തിന് തടസ്സമല്ല. പക്ഷേ അതിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കൈവിട്ട കളികളാണ് നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്നത്. നിയമം കൊണ്ട് മാത്രം ചികിത്സിക്കാവുന്നതല്ല ആ രോഗങ്ങള്‍. അതിന് സാമൂഹികമായ ഐക്യം വേണം. അത് സാധ്യമാക്കുന്നതിന്റെ ഡെമോണ്‍സ്ട്രേഷന്‍ കൂടിയായിരുന്നു മാനവ സഞ്ചാരത്തിന്റെ ക്രമീകരണങ്ങള്‍.
ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ നടക്കുന്ന പ്ലാറ്റിനം ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മാനവ സഞ്ചാരം സംഘടിപ്പിച്ചത്. തമിഴ്‌നാട്ടിലെ നീലഗിരി ഉള്‍പ്പെടെ 15 ജില്ലകളിലൂടെ സംഘം കടന്നുപോയി. അവിടങ്ങളിലെല്ലാം മനുഷ്യരെ ചേര്‍ത്തുപിടിച്ചു. ജീവിതപ്പെരുവഴിയില്‍ കാലിടറുന്ന പതിതരോട് ഒപ്പമുണ്ടെന്ന് പറഞ്ഞു. ഈ നാട് നിങ്ങളുടേത് കൂടിയാണെന്ന് ആത്മവിശ്വാസം പകര്‍ന്നു. ആവശ്യമായത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സംഘടനക്ക് തനിച്ചു ചെയ്യാന്‍ കഴിയുന്നത് അങ്ങനെയും അല്ലാത്തവ മറ്റുള്ളവരെ ചേർത്തുനിര്‍ത്തിയും ചെയ്യുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട് നേതാക്കൾ. നിങ്ങള്‍ എന്ന മനുഷ്യനില്‍ നിന്ന് അപരന്‍ എന്ന മനുഷ്യനിലേക്കുള്ള ദൂരം സീറോ മീറ്ററായി ചുരുക്കുകയാണ് ഇക്കാലത്തെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം. മാനവ സഞ്ചാരം ആ ധര്‍മം നിര്‍വഹിച്ചിരിക്കുന്നു. നീയും ഞാനുമല്ല, നമ്മളാണ് ശക്തി എന്ന മനുഷ്യപ്പറ്റുള്ള “പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാ’ണ് ഈ യാത്ര ബാക്കി വെക്കുന്നത്. നമ്മള്‍ മനുഷ്യരൊന്നായി ഈ സ്‌നേഹ സഞ്ചാരം തുടരുമെന്ന് പറയുന്നു എസ് വൈ എസ്. ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചത് മാനവ സഞ്ചാരം എന്ന സമ്മേളന പദ്ധതിയാണ്. ആ പദ്ധതി ഉയര്‍ത്തിപ്പിടിച്ച മനുഷ്യ ഐക്യം എന്ന ആശയം കെടാവെളിച്ചമായി ഇനിയും സമൂഹത്തെ വഴി നടത്തിക്കൊണ്ടിരിക്കും, അതിന്റെ പതാകവാഹകരായി സുന്നി പ്രസ്ഥാനമുണ്ടാകും എന്ന് തന്നെയാണ് നേതൃത്വം പറഞ്ഞുവെക്കുന്നത്.