Connect with us

Articles

രാജ്യത്ത് ഇനിയെന്നാണ് സ്ത്രീകള്‍ സുരക്ഷിതരാകുക?

ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനുമുള്ള സുസ്ഥിര ശ്രമങ്ങളുടെ അടിയന്തര ആവശ്യകത രാഷ്ട്രം നേരിടുന്നുണ്ട്്. ഒന്നിനെയും ഭയക്കാതെ അടുത്തുള്ള കടകളില്‍ പോകുന്നത് പോലുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന ദിവസമാണ് നമ്മള്‍ ഒരു രാജ്യമെന്ന നിലയില്‍ യഥാര്‍ഥത്തില്‍ വിജയിക്കുന്നത്.

Published

|

Last Updated

ഇന്ത്യയില്‍ സ്ത്രീസുരക്ഷ ഇന്ന് ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതിനാല്‍ സ്വന്തം വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ പോലും അവള്‍ ഭയചകിതയാണ്. നിര്‍ഭാഗ്യവശാല്‍, നിരന്തരമായ ഭയത്തില്‍ ജീവിക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുണ്ടെന്നത് സങ്കടകരമായ യാഥാര്‍ഥ്യം തന്നെയാണ്.
രാജ്യത്ത് സ്ത്രീകള്‍ക്ക് പുരുഷനെപ്പോലെ തുല്യാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ആരും ഈ നിയമം പാലിക്കുന്നില്ല. അവര്‍ നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സംഭാവന ചെയ്യുന്നു, എന്നിട്ടും ഭയപ്പാടിലാണ് മുന്നേറുന്നത്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പോലും തിരശ്ശീലക്ക് പിന്നില്‍ ചൂഷണം ചെയ്യപ്പെടുന്നതായി കാണാം. സ്ത്രീകളുടെ സ്വകാര്യ സുരക്ഷ ഓരോ ഇന്ത്യന്‍ പൗരന്റെയും പ്രധാന കടമയാണെന്നിരിക്കെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും ഇന്ന് കടന്നുപോകാറില്ല എന്നതാണ് സത്യം.

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 31കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ രക്തത്തില്‍ കുളിച്ച് അര്‍ധനഗ്‌നാവസ്ഥയില്‍ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ഭീകര സ്വഭാവം നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും അടിയന്തര അന്വേഷണത്തിന് അധികാരികളെ നിര്‍ബന്ധിക്കുകയും ചെയ്തു. കൊലപാതകത്തിന് മുമ്പ് ഇര ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുകള്‍.

വ്യാപകമായ രോഷത്തിനും പ്രതിഷേധത്തിനുമൊടുവില്‍ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സി ബി ഐ) കൈമാറി. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന് വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കിടയിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. 2012ല്‍ ഡല്‍ഹിയില്‍ 23കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കുപ്രസിദ്ധ നിര്‍ഭയ കേസ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചെങ്കിലും യാഥാര്‍ഥ്യം ഭയാനകമായി തുടരുന്നു.

രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍ സി ആര്‍ ബി) പുതിയ റിപോര്‍ട്ട്. 2012ല്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷം എന്‍ സി ആര്‍ ബി നടത്തിയ പഠനത്തില്‍ ഇന്ത്യയിലുടനീളം പ്രതിവര്‍ഷം 25,000 ബലാത്സംഗ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടത് 30,000 കവിഞ്ഞു. 2016ല്‍ ഏകദേശം 39,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും അതിനു ശേഷം ദിനംപ്രതി കണക്കുകള്‍ കുത്തനെ ഉയര്‍ന്നു.

2018ല്‍ ഓരോ 16 മിനുട്ടിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് കണക്കുകള്‍. 2022ല്‍ 31,000 ബലാത്സംഗങ്ങളാണ് രേഖപ്പെടുത്തിയത്. 12 വയസ്സിന് താഴെയുള്ള ഇരകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ കുറഞ്ഞത് പത്ത് വര്‍ഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ ഉള്‍പ്പെടെ ശിക്ഷകള്‍ കഠിനമാക്കിയിട്ടും കുട്ടികള്‍ക്കെതിരായ അതിക്രമക്കേസുകളും പ്രതിവര്‍ഷം വര്‍ധിച്ചു വരുന്നുവെന്നാണ് റിപോര്‍ട്ട്.

നിയമപാലകരുടെ കൃത്യമായ ഇടപെടല്‍ ഇല്ലാത്തതും മോശം പോലീസിംഗിന്റെ അഭാവവുമാണ് ഇത്തരത്തില്‍ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്ക് കാരണമെന്ന് നിരവധി ഇരകള്‍ക്കായി കോടതിയില്‍ ഹാജരായ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷക റെബേക്ക എം ജോണ്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. 2018 മുതല്‍ 2022 വരെ ബലാത്സംഗക്കേസുകളിലെ ശിക്ഷാ നിരക്ക് 27 ശതമാനത്തിനും 28 ശതമാനത്തിനും ഇടയില്‍ മാത്രമാണ്. കൊലപാതകം, കലാപം, ഗുരുതര പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് എന്‍ സി ആര്‍ ബി പറയുന്നു.

കഠിനമായ ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ചില ജഡ്ജിമാര്‍ കൃത്യമായ തെളിവുണ്ടെങ്കിലും പ്രതികളെ കുറ്റവാളികളാക്കാന്‍ മടിക്കുന്നെന്നും റെബേക്ക പ്രതികരിച്ചു. അതേസമയം, ചില കേസുകളില്‍ വ്യത്യസ്ത ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. 2018ല്‍, പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അറസ്റ്റിലായ 26കാരനായ പ്രതിക്ക് വെറും മൂന്നാഴ്ചക്കുള്ളിലാണ് കോടതി വധശിക്ഷ വിധിച്ചത്.

ഡല്‍ഹി
2012 ഡിസംബര്‍ 16ന് രാത്രി ‘ലൈഫ് ഓഫ് പൈ’ എന്ന സിനിമ കണ്ട് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 23കാരി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബസില്‍ വെച്ച് നിരവധി തവണ പീഡിപ്പിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തത്. പ്രതികരിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത അക്രമികളില്‍ ഒരാള്‍ അവളുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി, അവളുടെ കുടല്‍ വലിച്ചു കീറി. തുടര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. വഴിയാത്രക്കാരനായ ഒരാളാണ് ഇരുവരെയും പാതി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡല്‍ഹി പോലീസില്‍ വിവരം അറിയിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അവളുടെ ശരീരത്തില്‍ അഞ്ച് ശതമാനം കുടല്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്താണ് സിംഗപ്പൂരിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നത്. 2012 ഡിസംബര്‍ 29ന് അവള്‍ മരണത്തിന് കീഴടങ്ങി. ആറ് ആക്രമികളെയും ചൂണ്ടിക്കാട്ടി തനിക്ക് നീതി ലഭിക്കണമെന്ന് അവള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.

ഉന്നാവോ
2017 ജൂണ്‍ നാലിനാണ് ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സര്‍ക്കാര്‍ പ്രതിക്കൊപ്പം നിന്ന കേസില്‍ നീതി ലഭിക്കില്ലെന്നായതോടെ പെണ്‍കുട്ടി 2018 ഏപ്രില്‍ എട്ടിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യാ ശ്രമം നടത്തി. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ മറ്റൊരു കേസില്‍ പ്രതിയാക്കി. അദ്ദേഹം പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. 2018 ഏപ്രിലില്‍ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

കത്വ
2018 ജനുവരിയിലായിരുന്നു രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കത്വ കൂട്ടബലാത്സംഗം. ജനുവരി പത്തിന് ജമ്മുവിനടുത്ത് കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ തടവില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി നാടോടികളായ ബകര്‍വാള്‍ സമുദായത്തില്‍പ്പെട്ട ആളായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. വലിയ പ്രതിഷേധമാണ് വിഷയത്തില്‍ രാജ്യത്താകമാനം ഉയര്‍ന്നത്. നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ടായിരുന്നു കൃത്യമെന്നാണ് കുറ്റപത്രം.

ഹൈദരാബാദ്
2019ല്‍ ഹൈദരാബാദില്‍ 27 വയസ്സുള്ള വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെടിവെച്ചു കൊന്നിരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികള്‍, തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നവംബര്‍ 27ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ഡോക്ടറെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് മൃതദേഹം കത്തിക്കുകയുമായിരുന്നു.

ഹാഥ്റസ്
2020ല്‍ ഉത്തര്‍ പ്രദേശിലെ ഹാഥ്റസ് ജില്ലയില്‍ 19 വയസ്സുള്ള പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗവും തുടര്‍ന്നുള്ള മരണവും രാജ്യവ്യാപക പ്രതിഷേധത്തിനും നീതിക്കുവേണ്ടിയുള്ള ആഹ്വാനത്തിനും കാരണമായി. മാതാവിനൊപ്പം പുല്ലരിയാന്‍ പോയ 19കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ കെട്ടി വലിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷമാണ് മരിച്ചത്. നട്ടെല്ലിനേറ്റ ഗുരുതര പരുക്കും കഴുത്ത് ഞെരിച്ച സമയത്ത് പെണ്‍കുട്ടിയുടെ നാവ് കടിച്ച് അറ്റുപോയെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. മരണം നടന്ന ഉടന്‍ തന്നെ ജനരോഷം ഭയന്ന്, ബന്ധുക്കളുടെ അനുമതി പോലും തേടാതെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മകളുടെ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ കുട്ടിയുടെ മാതാപിതാക്കളെ അനുവദിച്ചില്ല.

ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനുമുള്ള സുസ്ഥിര ശ്രമങ്ങളുടെ അടിയന്തര ആവശ്യകത രാഷ്ട്രം നേരിടുന്നുണ്ട്. ഒന്നിനെയും ഭയക്കാതെ അടുത്തുള്ള കടകളില്‍ പോകുന്നത് പോലുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന ദിവസമാണ് നമ്മള്‍ ഒരു രാജ്യമെന്ന നിലയില്‍ യഥാര്‍ഥത്തില്‍ വിജയിക്കുന്നത്. സമ്മതം എന്താണെന്ന് ഓരോ പൗരനും മനസ്സിലാക്കുകയും ചുറ്റുമുള്ള സ്ത്രീകളെ ബഹുമാനിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന നിമിഷം സാക്ഷാത്കരിക്കാന്‍ ഇനി എന്നാണ് നമ്മള്‍ പ്രാപ്തരാകുക.

 

dhanya0304@gmail.com

Latest