Editors Pick
ഹുവായ്: തൊഴിലാളികൾ മുതലാളിമാരായ ബഹുരാഷ്‌ട്ര ഭീമൻ
ത്രീ ഫോൾഡ് ഫോൺ പുറത്തിറക്കിയാണ് വാവെയ് പുതുതായി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്
ടെലി കമ്മ്യൂണിക്കേഷൻ ലോകത്ത് ഇന്ന് അറിയപ്പെടുന്ന കമ്പനിയാണ് ഹുവായ് (huawei). വാവെയ്, ഹുവാവെ, ഹ്വാവെ എന്നിങ്ങനെയും ഇതിന്‍റെ പേര് ഉച്ചരിക്കപ്പെടാറൂണ്ട്. ത്രീ ഫോൾഡ് ഫോൺ പുറത്തിറക്കിയാണ് വാവെയ് പുതുതായി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. എന്നാൽ ലോക ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഹുവായ് എന്നും ഒരു അത്ഭുതമാണ്. കാരണം തൊഴിലാളികളാണ് ഈ കമ്പനിയുടെ മുതലാളിമാർ.
വാവെയ് ഇൻവസ്റ്റ്‌മെന്‍റ് ആന്‍റ് ഹോൾഡിങ് കമ്പനിയുടെ 1,51,796 തൊഴിലാളികളും റിട്ട. തൊഴിലാളികളുമാണ് ഈ കമ്പനിയുടെ പൂർണ മുതലാളിമാർ. 1987ലാണ് കമ്പനി ചൈനയിലെ ഷെൻഷെനിൽ സ്ഥാപിക്കപ്പെടുന്നത്. അന്നുമുതൽ കമ്പനി തൊഴിലാളുടേത് മാത്രം. ലാഭവും നഷ്‌ടവുമെല്ലാം അവർ തന്നെ പങ്കിടും. എന്നാൽ കമ്പനി ഇന്ന് വൻ ലാഭത്തിലാണ് എന്നത് മറ്റൊരു കാര്യം.
കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 8 ലക്ഷം കോടി രൂപയാണ്. എല്ലാ മേഖലയിലും ടെക്‌നോളജി ഹുവായ് ഇന്ന് നൽകുന്നുണ്ട്. ലോകത്തിലെ വലിയ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയെന്ന നിലയിലും ചൈനയിലാണ് പ്രവർത്തനം എന്നതിനാലും അമേരിക്ക പലവട്ടം ഹുവായിയെ ലക്ഷ്യമിട്ടിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ഹുവായ്ക്ക് ഗൂഗിൾ സേവനവും ചിപ്പ് സെറ്റുകളും മുടക്കി. എന്നാൽ സ്വന്തമായി ഒഎസ് നിർമിച്ചും ചിപ്പുകൾ ഉണ്ടാക്കിയുമാണ് ഈ പ്രതിസന്ധിയെ കമ്പനി മറികടന്നത്. പുതിയ ത്രീഫോൾഡ് ഫോണുമായി ഹുവായ് വിപണിയിൽ എത്തുമ്പോൾ അത് പലർക്കുമുള്ള മറുപടി കൂടിയാണ്.