Connect with us

Eranakulam

ഹുബ്ബുർറസൂൽ കോൺഫറൻസ് ഇന്ന് എറണാകുളത്ത്

കാന്തപുരം പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തും

Published

|

Last Updated

കൊച്ചി | മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 18ാമത് ഹുബ്ബുർറസൂൽ കോൺഫറൻസ് ഇന്ന് എറണാകുളത്ത് നടക്കും. പ്രവാചക അധ്യാപനങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും വിവിധ മത വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം വളർത്തിക്കൊണ്ടുവരികയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് വർക്കിംഗ് ചെയർമാൻ സയ്യിദ് സി ടി ഹാശിം തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വൈകിട്ട് മൂന്നിന് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പതാക ഉയർത്തും. തുടർന്ന് ശർറഫുൽ അനാം മൗലിദ് ജൽസ നടക്കും. രാത്രി ഏഴിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം ആമുഖ പ്രഭാഷണം നടത്തും.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സ്വാഗതസംഘം ചെയർമാൻ കൽത്തറ പി അബ്ദുൽ ഖാദിർ മദനി, അഡ്വ. സി എ മജീദ് പ്രസംഗിക്കും. സമാപന പ്രാർഥനക്ക് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (ഖുറാ) നേതൃത്വം നൽകും. കാൽ ലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ജന. കൺവീനർ അഡ്വ. സി എ മജീദ്, ട്രഷറർ എ എം കരീം ഹാജി, പ്രോഗ്രാം കൺവീനർ മുഹമ്മദ് സഹൽ എന്നിവരും പങ്കെടുത്തു.

സമ്മേളനം വിജയിപ്പിക്കുക

ഹുബ്ബുർറസൂൽ കോൺഫറൻസിൽ സുന്നി പ്രവർത്തകരെല്ലാം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള മുസ്്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി, ജന. സെക്രട്ടറി സയ്യിദ് സി ടി ഹാഷിം തങ്ങൾ, ഫിനാൻസ് സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി എന്നിവർ അഭ്യർഥിച്ചു.

Latest