സാഹിത്യം
ഹക്കൽബറി ഫിൻ റീലോഡഡ്...
ആയിരക്കണക്കിന് ചെറുതും വലുതുമായ എഴുത്തുകാരും അവരുടെ വ്യത്യസ്തങ്ങളായ ഒട്ടേറെ രചനകളും കൊണ്ട് സമ്പന്നമായ സമകാലിക അമേരിക്കൻ സാഹിത്യത്തിന്റെ വിശാലഭൂമികയിൽ പേഴ്സിവൽ എവറെറ്റ് എന്ന എഴുത്തുകാരന് ശ്രദ്ധേയമായ ഒരിടമുണ്ടെന്നത് തീർച്ചയാണ്.ജെയിംസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഏറെ വിഖ്യാതമായ നോവലുകളും അവയെ തേടിയെത്തുന്ന ഉന്നതമായ പുരസ്‌കാരങ്ങളും ഉദ്ഘോഷിക്കുന്നത് ഈ വസ്തുത തന്നെയാണല്ലോ.
ഈ വർഷത്തെ നാഷനൽ ബുക്ക് അവാർഡ് നേടിയ പേഴ്സിവൽ എവറെറ്റ് യു എസ്സിലെ വിഖ്യാതനായ എഴുത്തുകാരനാണ്. ജെയിംസ് എന്ന, 2024 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലാണ് ഫിക്ഷൻ വിഭാഗത്തിൽ ഈ പുരസ്‌കാരം എവറെറ്റിന് നേടിക്കൊടുത്തത്. ഈ വർഷത്തെ ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും എവറെറ്റിന്റെ ജെയിംസ് ഇടം നേടിയിരുന്നു.
യു എസ്സിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളിലൊന്നാണ് നാഷനൽ ബുക്ക് അവാർഡ്. ഫിക്ഷൻ, നോൺ ഫിക്ഷൻ, കവിത, വിവർത്തനം, യുവപ്രതിഭ തുടങ്ങി എഴുത്തിന്റെ അഞ്ച് മേഖലകളിലെ മികച്ച രചനകൾക്കാണ് വർഷംതോറും ഈ പുരസ്‌കാരം നൽകിവരുന്നത്. 1936ൽ അമേരിക്കൻ ബുക്ക് സെല്ലേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ ബുക്ക് അവാർഡ് രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് നിലച്ചുപോയെങ്കിലും 1950ൽ പുനരാരംഭിച്ചു. ഇപ്പോൾ, നാഷനൽ ബുക്ക് ഫൗേണ്ടഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നവംബർ മാസത്തിൽ ന്യൂയോർക്ക് നഗരത്തിൽ സംഘടിപ്പിക്കുന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽവെച്ചാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്. പതിനായിരം ഡോളറും വെങ്കല ശിൽപ്പവുമാണ് ജേതാക്കൾക്ക് ലഭിക്കുക.
ഫിക്ഷൻ, കവിത എന്നീ ഇനങ്ങളിലായി മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് പേഴ്സിവൽ എവറെറ്റ് (Percival Everett). 1956ൽ ഒരു യു എസ് ആർമി ഉദ്യോഗസ്ഥന്റെ മകനായി ജോർജിയയിലെ മിലിട്ടറി ക്യാമ്പിലാണ് അദ്ദേഹം ജനിച്ചത്. അധികം വൈകാതെ കുടുംബം കൊളംബിയയിലേക്ക് താമസം മാറ്റി. ചെറുപ്പം മുതലേ വായനയോട് താത്പര്യമുണ്ടായിരുന്ന എവറെറ്റ് 1977 ൽ മിയാമി സർവകലാശാലയിൽ നിന്നും തത്വചിന്തയിൽ ബിരുദം നേടി. ഉന്നത പഠനത്തിനു ശേഷം അദ്ദേഹം വിവിധ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
1998ൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. 1990 ൽ പ്രസിദ്ധീകരിച്ച “Zulus’ എന്ന നോവലിലൂടെ സഹൃദയശ്രദ്ധ നേടി എവറെറ്റ് യു എസ്സിലെ അക്ഷരലോകത്ത് സ്ഥാനമുറപ്പിച്ചു. 1996 ൽ Big Picture എന്ന കഥാസമാഹാരം പുറത്തിറങ്ങി. ഈ എഴുത്തുകാരന്റെ വിഖ്യാതമായ മറ്റു നോവലുകൾ Erasure (2001), Wounded (2005), I Am Not Sidney Poitier (2009), Telephone (2020), The Trees (2021), Dr. No. (2022), James (2024) എന്നിവയാണ്. ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തമായ ഒട്ടേറെ പുരസ്‌കാരങ്ങൾ എവറെറ്റിനെ തേടിയെത്തിയിട്ടുണ്ട്.
പെൻ യു എസ്സ് എ സാഹിത്യപുരസ്‌കാരം, അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അവാർഡ്, റൈറ്റ് ലെഗസി അവാർഡ്, ന്യൂ അമേരിക്കൻ റൈറ്റിംഗ് അവാർഡ്, പെൻ ഫോക്ക്നർ അവാർഡ് എന്നിവ അവയിൽ ചിലത് മാത്രമാണ്. തത്വചിന്തയും ആക്ഷേപഹാസ്യവും എവറെറ്റിന്റെ നോവലുകളുടെ പൊതുസ്വഭാവമാണെന്നു പറയാം. അമേരിക്കയിലെ വിവിധങ്ങളായ സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികളെ അവ സത്യസന്ധമായി വിശകലനം ചെയ്യുന്നു.
എവറെറ്റിന്റെ അന്താരാഷ്ട്ര പ്രശസ്തി നേടിയ നോവലാണ് ജെയിംസ്. ജിം എന്ന അടിമയും മാർക്ക് ട്വൈന്റെ ഹക്കൽബറി ഫിന്നുമാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രങ്ങൾ. തന്റെ യജമാനൻ തന്നെ മറ്റൊരാൾക്ക് വിൽക്കാൻ പോവുകയാണെന്നും അങ്ങനെ വരുമ്പോൾ തന്റെ ഭാര്യയെയും മക്കളെയും എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടുമെന്നും മനസ്സിലാക്കുന്ന ജിം ഒരു ദ്വീപിൽ ഒളിച്ചുതാമസിക്കുന്നു. അവിടെ വെച്ച് അവൻ ഹക്കൽബറി ഫിന്നിനെ കണ്ടുമുട്ടുന്നു. തുടർന്ന് മിസിസിപ്പി നദിക്കരയിലൂടെ അവർ നടത്തുന്ന സാഹസികയാത്രയും അതിനിടയിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളും നോവലിനെ മുന്നോട്ടു നയിക്കുന്നു.
പ്രതികൂലമായ നിരവധി സാമൂഹികാവസ്ഥകൾക്കെതിരെ പോരാടിക്കൊണ്ട് അടിമവർഗത്തിന്റെ മോചനത്തിനുവേണ്ടി യത്നിക്കുന്ന ജിമ്മും ഫിന്നും നോവലിലെ തിളക്കമാർന്ന കഥാപാത്രങ്ങളാണ്. കാലങ്ങളായി തന്റെ രാജ്യത്ത് നിലനിൽക്കുന്ന വംശീയ പ്രശ്നങ്ങളേയും സ്വത്വപ്രതിസന്ധികളേയുമാണ് ഈ നോവലിൽ എവറെറ്റ് വിശകലനം ചെയ്യുന്നത്. അതിനുവേണ്ടി അമേരിക്കൻ സാഹിത്യത്തിലെ എക്കാലത്തെയും സാഹസിക താരമായ ഹക്കൽബറി ഫിന്നിനെത്തന്നെ പുനഃസൃഷ്ടിക്കുന്നു നോവലിസ്റ്റ്. ഒരഭിമുഖത്തിൽ എവറെറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട് “ഞാൻ വിചാരിക്കുന്നത് മാർക്ക് ട്വൈൻ എഴുതിയിട്ടില്ലാത്ത, അല്ലെങ്കിൽ അദ്ദേഹത്തിന് എഴുതാൻ സാധ്യമാകാത്ത രീതിയിലാണ് ഞാൻ ജെയിംസ് എഴുതിയിട്ടുള്ളത് എന്നാണ്.
ആയിരക്കണക്കിന് ചെറുതും വലുതുമായ എഴുത്തുകാരും അവരുടെ വ്യത്യസ്തങ്ങളായ ഒട്ടേറെ രചനകളും കൊണ്ട് സമ്പന്നമായ സമകാലിക അമേരിക്കൻ സാഹിത്യത്തിന്റെ വിശാലഭൂമികയിൽ പേഴ്സിവൽ എവറെറ്റ് എന്ന എഴുത്തുകാരന് ശ്രദ്ധേയമായ ഒരിടമുണ്ടെന്നത് തീർച്ചയാണ്. ജെയിംസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഏറെ വിഖ്യാതമായ നോവലുകളും, അവയെ തേടിയെത്തുന്ന ഉന്നതമായ പുരസ്‌കാരങ്ങളും ഉദ്ഘോഷിക്കുന്നത് ഈ വസ്തുത തന്നെയാണല്ലോ.