Connect with us

from print

ശരീഅത്ത് നിയമങ്ങള്‍ പുരുഷകേന്ദ്രീകൃതമെന്ന് ഹുദവി; രൂക്ഷ വിമര്‍ശവുമായി ഇ കെ വിഭാഗം നേതാവ്

ഇ കെ വിഭാഗം പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മുത്തേടം ഹുദവിക്കെതിരെ രംഗത്തുവന്നതോടെയാണ് പ്രസംഗം വീണ്ടും ചര്‍ച്ചയായത്

Published

|

Last Updated

കോഴിക്കോട് | ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ പുരുഷകേന്ദ്രീകൃതമെന്ന ഇ കെ വിഭാഗത്തിൻ്റെ സ്ഥാപനമായ ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും ചരിത്രകാരനുമായ മഹ്മൂദ് ഹുദവി കൂരിയയുടെ വാദത്തോട് രൂക്ഷമായി പ്രതികരിച്ച് ഇ കെ വിഭാഗം മുശാവറ ജോയിന്റ്‌സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍. അത്തരത്തിലൊരു അഭിപ്രായം ഞങ്ങള്‍ക്കില്ലെന്നും അത് പറഞ്ഞവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

12 വര്‍ഷത്തെ ദാറുല്‍ ഹുദായിലെ പഠനത്തിന് ശേഷം സ്‌കോട്ട്ലാന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായി സേവനം ചെയ്യുന്ന മഹ്മൂദിന് ലഭിച്ച ചില പുരസ്‌കാരങ്ങളെ പ്രകീര്‍ത്തിച്ച് നേരത്തേ ഇ കെ വിഭാഗം മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. മഹ്മൂദിന്റെ ക്ഷണം സ്വീകരിച്ച് ബഹാഉദ്ദീന്‍ നദ് വി  നെതര്‍ലാന്‍ഡ് സന്ദര്‍ശിക്കുകയും മഹ്മൂദ് ഹുദവി മുന്‍കൈയെടുത്ത് യൂറോപ്പിലെ ഉന്നത ഇസ്ലാമിക പഠന കേന്ദ്രമായ റോട്ടര്‍ഡോം ഇസ്ലാമിക സര്‍വകലാശാലയുമായി ദാറുല്‍ ഹുദക്ക് അക്കാദമിക് സഹകരണമൊരുക്കുകയും ചെയ്തിരുന്നു.

2019ല്‍ ഡി സി ബുക്സ് കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച ചര്‍ച്ചയിലായിരുന്നു മഹ്മൂദിന്റെ വിവാദ പ്രതികരണം. പുരുഷന്‍മാരാണ് ആദ്യകാലത്തെ ഇസ്ലാമിക പണ്ഡിതര്‍. അവര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ പുരുഷകേന്ദ്രീകൃതമാണ്. ഖുര്‍ആനിലില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഇസ്ലാമിക നിയമങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ അവതരിച്ച് 200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദ്ഹബുകള്‍ രൂപപ്പെട്ടത് എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഈയടുത്ത് ഇ കെ വിഭാഗം പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി മുത്തേടം ഹുദവിക്കെതിരെ രംഗത്തുവന്നതോടെയാണ് മഹ്മൂദ് ഹുദവിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയായത്.

ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകന്റെ കാലത്ത് മുതലുണ്ടെന്നും അത് പിന്നീട് മദ്ഹബിന്റെ ഇമാമുമാര്‍ ക്രോഡീകരിക്കുകയാണുണ്ടായതെന്നും ഖാസിമി വ്യക്തമാക്കിയിരുന്നു.
2019ല്‍ ഇസ്ലാമിക ശരീഅത്തിനെ വിമര്‍ശിച്ച് സംസാരിച്ച ശേഷം മഹ്മൂദ് ഹുദവിക്ക് പല തവണകളായി ചെമ്മാട് ദാറുല്‍ ഹുദായില്‍ സ്വീകരണം നല്‍കിയെന്നും റഹ്മത്തുല്ല ഖാസിമി ആരോപിച്ചിരുന്നു. ഇതിന് ശേഷം തന്റെ പ്രസംഗത്തിലുണ്ടായ വീഴ്ചയില്‍ മഹ്മൂദ് ഹുദവി കൂരിയ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. തന്റെ പ്രസംഗത്തിന്റെ പേരില്‍ ചെമ്മാട് ദാറുല്‍ ഹുദായെയും തന്റെ അധ്യാപകരെയും ഇകഴ്ത്തിക്കാണിക്കുന്നതിലായിരുന്നു മഹ്മൂദ് ഹുദവി പ്രയാസം അറിയിച്ചത്.

 

 

Latest