Kerala
ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി
പതിനായിരത്തിലേറെ ഡിറ്റനേറ്ററുകള്‍, 2600 സ്റ്റിക്ക്, 3350 മീറ്റര്‍ തിരി എന്നിവയും ഒരു എയര്‍ റൈഫിളുമാണ് കണ്ടെത്തിയത്

ഈരാറ്റുപേട്ട | അനധികൃത പാറമടകള്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്്ട്രിക് ഡിറ്റനേറ്ററുമുള്‍പ്പെടെ വന്‍ സ്‌ഫോടക വസ്തു ശേഖരം ഈരാറ്റുപേട്ടയില്‍ കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കട്ടപ്പനക്കടുത്ത് പുളിയന്‍മലയില്‍ ജലാറ്റിന്‍ സ്റ്റിക്കുമായി പിടിയിലായ നടക്കല്‍ കണ്ടത്തില്‍ ശിബിലിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ പരിശോധന നടത്തിയത്. കുഴിവേലിയില്‍ റോഡരികിലെ കെട്ടിടത്തില്‍ രണ്ട് ഷട്ടറുകള്‍ വാടകക്കെടുത്താണ് സ്‌ഫോടക വസ്തു ശേഖരം സൂക്ഷിച്ചിരുന്നത്.
പതിനായിരത്തിലേറെ ഡിറ്റനേറ്ററുകള്‍, 2600 സ്റ്റിക്ക്, 3350 മീറ്റര്‍ തിരി എന്നിവയും ഒരു എയര്‍ റൈഫിളും ഗോഡൗണില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ശിബിലി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശിബിലിക്ക് സ്‌ഫോടക വസ്തു നല്‍കിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു.
ഈരാറ്റുപേട്ട പോലീസ് പ്രിന്‍സിപ്പല്‍ എസ് ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പിടിച്ചെടുത്ത വസ്തുക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കി.
സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൊണ്ടുവരുന്ന വസ്തുക്കള്‍ വലിയ വിലക്കാണ് ഇടുക്കിയിലെ അനധികൃത പാറമടക്കാര്‍ക്കും കുളം പണിക്കാര്‍ക്കും എത്തിച്ചിരുന്നത്.
അതിനിടെ, ജനവാസ കേന്ദ്രത്തില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഒരു കുടുംബം വാടകക്ക് താമസിക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.