First Gear
കാർ വിൽപ്പനയിൽ വൻ ഇടിവ്; ബൈക്കുകൾക്ക് നേട്ടം
സിയാം ഡാറ്റ അനുസരിച്ച്, പാസഞ്ചർ വാഹനങ്ങൾ രണ്ടാം പാദത്തിൽ 10,55,157 യൂണിറ്റാണ് വിറ്റത്.
ന്യൂഡൽഹി | ഇന്ത്യൻ വാഹനവിപണിയിൽ കാർ വിൽപ്പനയിൽ വൻ ഇടിവ്. 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിലാണ് കാർ വിൽപ്പന കിതക്കുന്നത്. ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് സൊസൈറ്റി (സിയാം) പുറത്തുവിട്ട ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ രാജ്യത്തെ പാസഞ്ചർ കാറുകളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞു.
സിയാം ഡാറ്റ അനുസരിച്ച്, പാസഞ്ചർ വാഹനങ്ങൾ രണ്ടാം പാദത്തിൽ 10,55,157 യൂണിറ്റാണ് വിറ്റത്. എന്നാൽ മുൻപാദത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഇടിവ്. വിൽപ്പനയിലെ മാന്ദ്യം പാസഞ്ചർ കാറുകളിൽ മാത്രം ഒതുങ്ങിയില്ല. ഇതേ കാലയളവിൽ ചരക്ക് വാഹകരുടെ വിൽപ്പനയിൽ 15.8 ശതമാനം ഇടിവുണ്ടായതായും ഡാറ്റ സൂചിപ്പിക്കുന്നു. ഈ വർഷം രണ്ടാം പാദത്തിൽ 69,514 ചരക്ക് വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 82,538 യൂണിറ്റായിരുന്നു.
ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളും വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
മുൻവർഷത്തെ അപേക്ഷിച്ച് 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ഈ വിഭാഗത്തിൽ 10.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 1,38,234 ചെറുകിട വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,53,927 യൂണിറ്റായിരുന്നു.
പാസഞ്ചർ കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപ്പന കുറഞ്ഞെങ്കിലും ഇരുചക്രവാഹന വിൽപ്പനയിൽ മുന്നേറ്റമുണ്ട്. രണ്ടാം പാദത്തിൽ സ്‌കൂട്ടർ വിൽപ്പന 16.9 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15.67 ലക്ഷം യൂണിറ്റാണ് വിൽപ്പനയെങ്കിൽ ഇത്തവണ 18.32 ലക്ഷം യൂണിറ്റുകൾ വിറ്റു. മോട്ടോർസൈക്കിൾ വിൽപ്പന 10.2 ശതമാനം വർധിച്ച് 32.09 ലക്ഷം യൂണിറ്റിലെത്തി. മുൻവർഷത്തെ പാദത്തിൽ 29.13 ലക്ഷം യൂണിറ്റായിരുന്നു.