Kerala
കളമശേരി പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം; മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

കൊച്ചി| കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. ഇന്നലെ രാത്രി പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ്, എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ത്ഥി ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടി.
വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. കോളജ് ഹോസ്റ്റലില്‍ നിന്ന് ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്. ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍ സലാം പറഞ്ഞു. കഞ്ചാവ് തൂക്കി വില്‍ക്കാനുള്ള ത്രാസ് അടക്കം പരിശോധനയില്‍ കണ്ടെത്തി.