Connect with us

National

വന്‍ വിലയിടിവ്; തക്കാളി റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍

തക്കാളി വിറ്റ് പണക്കാരായ കര്‍ഷകരെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തക്കാളി കര്‍ഷകരുടെ ദയനീയ അവസ്ഥയാണ് വാര്‍ത്തയാവുന്നത്.

Published

|

Last Updated

വിശാഖപട്ടണം| രാജ്യത്ത് തക്കാളിക്ക് വന്‍ വിലക്കയറ്റമുണ്ടായ സമയം ജനങ്ങള്‍ എങ്ങനെ മറക്കും. വിലക്കയറ്റം കാരണം വലിയ ഹോട്ടലുകളില്‍ പോലും വിഭവങ്ങളില്‍ നിന്ന് തക്കാളി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തക്കാളിക്ക് വന്‍ വിലയിടിവ് നേരിടുകയാണ് കര്‍ഷകര്‍. രണ്ട് മാസം മുമ്പ് രാജ്യത്തെ പല നഗരങ്ങളിലും കിലോയ്ക്ക് ഇരുന്നൂറ് രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇപ്പോള്‍ മൂന്ന് രൂപ പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

തക്കാളി വിറ്റ് പണക്കാരായ കര്‍ഷകരെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തക്കാളി കര്‍ഷകരുടെ ദയനീയ അവസ്ഥയാണ് വാര്‍ത്തയാവുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ലോഡ് കണക്കിന് തക്കാളി കര്‍ഷകര്‍ ആന്ധ്രാപ്രദേശിലും മറ്റും റോഡുകളില്‍ ഉപേക്ഷിക്കുന്നത് വാര്‍ത്തയായിരുന്നു. നിരവധിപ്പേര്‍ പഴുത്ത് പാകമായ തക്കാളി പോലും കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്നുമില്ല. അടുത്തുള്ള മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ എത്തിക്കാനുള്ള വണ്ടിക്കൂലി പോലും മുതലാവില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

കഴിഞ്ഞ ആഴ്ചയോടെ തന്നെ മൊത്ത വിപണിയില്‍ ഒരു കിലോ തക്കാളിയുടെ വില പത്ത് രൂപയില്‍ എത്തിയിരുന്നു. ഇത് ചില്ലറ വിപണിയില്‍ ഇരുപത് രൂപ മുതല്‍ മുപ്പത് രൂപ വരെയായി വില. ഏതാനും മാസം മുമ്പ് വന്‍ വില കിട്ടിയിരുന്ന സമയത്ത് വന്‍ തോതില്‍ പണം ചെലവഴിച്ച് തക്കാളി കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ തൊട്ടടുത്ത വിപണികളിലേക്ക് അവ എത്തിക്കാനുള്ള വാഹന കൂലി പോലും ലഭിക്കാത്ത അവസ്ഥ വന്നിരിക്കുന്നത്. ഈ സീസണില്‍ വിളവെടുക്കേണ്ടതില്ലെന്ന് നിരവധി കര്‍ഷകര്‍ തീരുമാനച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

---- facebook comment plugin here -----

Latest