Kerala
ഇടുക്കി ആര്‍ച്ച് ഡാമിന് സമീപത്ത് കൂറ്റന്‍പാറ അടര്‍ന്നുവീണു
മുകള്‍ഭാഗത്ത് അപകടകരമായ വിധത്തില്‍ കൂടുതല്‍ പാറകള്‍ ഉണ്ടെന്നും ഇവ പൊട്ടിച്ചു മാറ്റുന്നതുള്‍പ്പെടെയുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ മുന്‍കൈയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ഇടുക്കി | ഇടുക്കി ആര്‍ച്ച് ഡാമിന് സമീപത്ത് കൂറ്റന്‍പാറ അടര്‍ന്നുവീണു.ഇന്ന് പുലര്‍ച്ചെയാണ് കുറത്തി മലയില്‍നിന്നും ഡാമിന്റെ ഗേറ്റിന് സമീപത്തായി കൂറ്റന്‍പാറ വീണത്. പാറ പതിച്ചതിനെ തുടര്‍ന്ന് ഡാമിന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കെ എസ് ഇ ബി അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി.
പുലര്‍ച്ചെ അഞ്ചു മണിയോടെ ഡാമിന്റെ കിഴക്ക് ഭാഗത്തെ ഗേറ്റിന് മുമ്പില്‍ വന്നു പതിച്ച പാറ പൊട്ടി തെറിച്ച് ഒരു ഭാഗം ഗേറ്റിന്റെ ഭിത്തിയില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു.പുലര്‍ച്ചെ ആയതിനാല്‍ സമീപത്ത് മറ്റു വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. ഡാമില്‍ സന്ദര്‍ശനമുള്ള സമയത്തും മറ്റു ദിവസങ്ങളിലും ദൂരെനിന്നുള്ള സന്ദര്‍ശകരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പതിവായി ഇവിടെ കാണാറുണ്ട്.
പാറ വീഴ്ച സമീപവാസികള്‍ക്കും വലിയ ഭീഷണിയായിമാറിയിരിക്കുകയാണ്. സമീപത്ത് നിരവധി വീടുകളുണ്ട്. മുകള്‍ഭാഗത്ത് അപകടകരമായ വിധത്തില്‍ കൂടുതല്‍ പാറകള്‍ ഉണ്ടെന്നും ഇവ പൊട്ടിച്ചു മാറ്റുന്നതുള്‍പ്പെടെയുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ മുന്‍കൈയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.