Connect with us

Ongoing News

കൂറ്റന്‍ സ്‌കോറുകള്‍, ത്രില്ലര്‍; നാല് റണ്‍സിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ലക്‌നൗ

ആദ്യം ബാറ്റ് ചെയ്ത് അടിച്ചുതകര്‍ത്ത ലഖ്‌നൗ 239 റണ്‍സ് ആണ് വാരിക്കൂട്ടിയത്. നാല് റണ്‍സ് മാത്രം അകലെ വച്ച് (234/7) കൊല്‍ക്കത്ത അടിയറവ് പറഞ്ഞു.

Published

|

Last Updated

കൊല്‍ക്കത്ത | അവസാനം വരെ ഉദ്വേഗം മുറ്റിനിന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ലക്‌നൗ. നാല് റണ്‍സിനാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് അടിച്ചുതകര്‍ത്ത ലഖ്‌നൗ 239 റണ്‍സ് ആണ് വാരിക്കൂട്ടിയത്. ആശങ്ക തെല്ലും പ്രകടിപ്പിക്കാതെയാണ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് കൊല്‍ക്കത്ത ബാറ്റേന്തിയതെങ്കിലും നാല് റണ്‍സ് മാത്രം അകലെ വച്ച് (234/7) അടിയറവ് പറയേണ്ടി വരികയായിരുന്നു.

ഓപണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്‌നും ചേര്‍ന്ന് ത്രസിപ്പിക്കുന്ന തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ആദ്യത്തെ 15 പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. കോക്ക് പുറത്തായതോടെ എത്തിയ രഹാനെയും നരെയ്‌നും ചേര്‍ന്ന് സ്‌കോര്‍ 90ല്‍ എത്തിച്ചു. 12 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ കൊല്‍ക്കത്ത 150ല്‍ എത്തി. അവസാന അഞ്ച് ഓവറില്‍ 66 റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. 18 ഓവര്‍ പൂര്‍ത്തിയാകും മുമ്പു തന്നെ സ്‌കോര്‍ 200 കടന്നു. 24 റണ്‍സായിരുന്നു അവസാന ഓവറില്‍ ആവശ്യമുണ്ടായിരുന്നത്. ആദ്യ പന്തില്‍ ഹര്‍ഷിത് റാണ ബൗണ്ടറിയിലേക്ക് പന്ത് പറത്തി. എന്നാല്‍, രണ്ടാം പന്ത് പാഴാക്കിയ റാണയ്ക്ക് അടുത്തതില്‍ ഒരു റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്നുള്ള മൂന്ന് പന്തിലെ ആദ്യ രണ്ടെണ്ണത്തില്‍ റിങ്കു സിംഗ് ബൗണ്ടറികള്‍ സ്വന്തമാക്കി. അവസാന പന്തില്‍ സിക്‌സര്‍ പിറന്നെങ്കിലും ജയം അപ്പോഴും നാല് റണ്‍സ് അകലെയായിരുന്നു.

ലഖ്‌നൗവിനായി ആകാശ് ദീപും ശാര്‍ദുല്‍ ഠാക്കൂറും രണ്ട് വീതവും ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഏയ്ഡന്‍ മക്രം (28പന്തില്‍ 47), മിഷേല്‍ മാര്‍ഷ് (48ല്‍ 81), നികോളാസ് പൂരന്‍ (36ല്‍ 87) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങിലൂടെയാണ് ലഖ്‌നൗ കൂറ്റന്‍ സ്‌കോറിലെത്തിയത്. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണ രണ്ടും ആന്ദ്രെ റസ്സല്‍ ഒന്നും വിക്കറ്റെടുത്തു.

Latest