huge trailors
കൂറ്റൻ ട്രെയിലറുകൾ ചുരം കയറിത്തുടങ്ങി; പുലർച്ചെ വരെ ഗതാഗത നിയന്ത്രണം
രാത്രി 12ഓടെ ട്രെയിലറുകൾ ഒന്നാം ഹെയർ പിൻ വളവ് പിന്നിട്ടു.

താമരശ്ശേരി | മൂന്നര മാസത്തോളം അടിവാരത്ത് തടഞ്ഞിട്ട കൂറ്റൻ ട്രെയിലറുകള്‍ ഇന്നലെ രാത്രി വീണ്ടും യാത്ര തുടങ്ങി. താമരശ്ശേരി ചുരം കയറാന്‍ യുദ്ധ സന്നാഹം തന്നെയാണ് ഒരുക്കിയത്. ഇതിന്റെ ഭാഗമായി ചുരത്തില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 12ഓടെ ട്രെയിലറുകൾ ഒന്നാം ഹെയർ പിൻ വളവ് പിന്നിട്ടു. ഒൻപത് ഹെയർ പിൻ വളവുകളാണ് ചുരത്തിലുള്ളത്.
രാത്രി എട്ട് മുതല്‍ വയനാട് ഭാഗത്ത് നിന്ന് ചുരത്തിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിച്ചു. പത്തരക്ക് ശേഷമാണ് അടിവാരത്ത് നിന്ന് ചുരത്തിലേക്ക് വാഹനങ്ങള്‍ കയറുന്നത് തടഞ്ഞത്. കൃത്യം 11 മണിക്ക് ട്രെയിലറുകള്‍ അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചു. 14 ജീവനക്കാരാണ് സംഘത്തിലുള്ളത്. കൂടാതെ രണ്ട് ക്രെയിനുകള്‍, രണ്ട് ആംബുലന്‍സുകള്‍, രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ്, കെ എസ് ഇ ബി, ചുരം സംരക്ഷണ സമിതി തുടങ്ങിയ വന്‍ സന്നാഹമാണ് ട്രെയിലറുകള്‍ക്ക് അകമ്പടിയായി ചുരം കയറിയത്.
യാത്ര ആരംഭിച്ചപ്പോള്‍ തന്നെ രണ്ട് തവണ ഒരു ട്രെയിലര്‍ വഴിയില്‍ നിന്നു പോയത് ആശങ്ക പരത്തിയിരുന്നു. മെക്കാനിക്കുകള്‍ കൂടെയുള്ളതിനാല്‍ ഉടന്‍ തന്നെ തകരാർ പരിഹരിച്ചു. പുലര്‍ച്ചെ അഞ്ച് വരെയാണ് ചുരത്തില്‍ ഗതാത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കർണാടകയിലെ നഞ്ചൻകോട്ടിലെ ഫാക്ടറിയിലേക്കുള്ള യന്ത്രസാധനങ്ങളാണ് ട്രെയിലറിലുള്ളത്.