Uae
ഹുമൈദ് അൽ നുഐമി; അജ്മാന്റെ നവോത്ഥാനം കെട്ടിപ്പടുത്ത 43 വർഷങ്ങൾ
അദ്ദേഹത്തിന്റെ ഭരണകാലത്ത് അജ്മാൻ എല്ലാ മേഖലകളിലും അഭൂതപൂർവവുമായ നവോത്ഥാനത്തിന് സാക്ഷ്യംവഹിച്ചു.
അഹ്‌മദ് ശരീഫ് അജ്മാൻ | സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഭരണ സാരഥ്യത്തിൽ 43-ാം വാർഷികം ആഘോഷിക്കുന്നു. പിതാവ് പരേതനായ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പിൻഗാമിയായി 1981 സെപ്തംബർ ആറിനാണ് അദ്ദേഹം എമിറേറ്റിന്റെ ഭരണം ഏറ്റെടുത്തത്. അജ്മാന്റെ നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും യു എ ഇയുടെ ജ്ഞാനപൂർവമായ നേതൃത്വത്തിന് കീഴിൽ രാജ്യത്തിന് മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിനുമായി അദ്ദേഹം നേതൃപാടവം വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അജ്മാൻ എല്ലാ മേഖലകളിലും അഭൂതപൂർവവുമായ നവോത്ഥാനത്തിന് സാക്ഷ്യംവഹിച്ചു.
ചെറുപ്പം മുതലേ പിതാവിന്റെ സാമീപ്യത്തിലൂടെ സർക്കാർ, ഭരണകാര്യങ്ങളിൽ പരിശീലനം നേടിയ അദ്ദേഹം 1960ൽ അദ്ദേഹത്തെ കിരീടാവകാശിയായി തിരഞ്ഞെടുത്തു. 1966-ൽ ട്രൂഷ്യൽ സ്റ്റേറ്റ്‌സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. നാല് പതിറ്റാണ്ടിലേറെയായി, രാഷ്ട്രത്തിന്റെ വികസന പ്രക്രിയ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം അർപണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ചു. തുടക്കം മുതൽ വിദ്യാഭ്യാസ മേഖല അദ്ദേഹത്തിന്റെ ചിന്തയും ശ്രദ്ധയും ഉൾക്കൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന സ്തംഭമാണ്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് കാര്യമായ സംഭാവന നൽകുകയും 1960ൽ ആദ്യത്തെ പെൺകുട്ടികളുടെ സ്‌കൂൾ തുറക്കുകയും ചെയ്തു. സ്വകാര്യ സർവകലാശാലാ വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ ശാസ്ത്ര സ്ഥാപനമായ അജ്മാൻ യൂണിവേഴ്‌സിറ്റി കോളജ് 1988-ൽ അദ്ദേഹം സ്‌പോൺസർ ചെയ്തു.
എമിറേറ്റിൽ ഉന്നതവിദ്യാഭ്യാസത്തിന് അടിത്തറ പാകുന്നതിൽ മുൻനിര പങ്കിനെ മാനിച്ച്, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് ബെഡ്‌ഫോർഡ്ഷയർ 2009-ൽ അദ്ദേഹത്തിന് നിയമരംഗത്ത് ഓണററി ഡോക്ടറേറ്റ് നൽകി. 2011-ൽ മലേഷ്യയിലെ ഇസ്്ലാമിക് യൂനിവേഴ്സിറ്റി തത്ത്വചിന്തയിൽ ഓണററി ഡോക്ടറേറ്റ് നൽകി. 2011-ൽ മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അവാർഡും ലഭിച്ചു.
പാലങ്ങൾ, റോഡ് പദ്ധതികൾ, തെരുവ് വിളക്കുകൾ, പൊതുഗതാഗതം, പാർക്കുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കൽ, സമൂഹത്തെ പ്രീതിപ്പെടുത്തുന്നതിനായി വിനോദ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കൽ, താമസക്കാർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും അദ്ദേഹം വളരെയധികം ശ്രദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസ്റ്റ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആകർഷണങ്ങൾ എന്നിവയിൽ ഗണ്യമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരവധി വൻകിട റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിലൂടെ അജ്മാൻ ഒരു വലിയ നഗരമായി മാറി. ആരോഗ്യമേഖലയും ദ്രുതഗതിയിലുള്ള വികസനത്തിനും സാക്ഷ്യം വഹിച്ചു.