Connect with us

Kerala

മാനവിക ഇടപെടൽ ചൊടിപ്പിച്ചു; മാര്‍പാപ്പയുടെ മരണം ആഘോഷമാക്കി തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ

ഇസ്‌റാഈലിൻ്റെ ക്രൂരതക്കെതിരെയും ഫലസ്തീനികള്‍ക്ക് വേണ്ടിയും ഫ്രാൻസിസ് മാർപാപ്പ ശബ്ദമുയര്‍ത്തിയിരുന്നു

Published

|

Last Updated

കോഴിക്കോട് | കത്തോലിക്കാ സഭയുടെ പരമോന്നതനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനം പ്രവഹിക്കുന്നതിനിടെ മരണം ആഘോഷമാക്കി കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ. മാർപാപ്പയുടെ മാനവിക ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും വേണ്ടി പക്ഷപാതിത്വമില്ലാതെ സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വഭാവ ഗുണം വിവിധ മേഖലകളിലുള്ളവര്‍ പുകഴ്ത്തുമ്പോഴാണ് ഇതിനെ ചോദ്യം ചെയ്തും വര്‍ഗീയത കെട്ടഴിച്ചും കാസ രംഗത്തെത്തിയത്. കാസയുടെ ഫേസ്ബുക്ക് പേജിലൂടനീളം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇകഴ്ത്തും വിധത്തിലുള്ള കുറിപ്പുകളും കമന്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.

ഇസ്‌റാഈലിൻ്റെ കൊടും ക്രൂരതയെ മാര്‍പാപ്പ എതിര്‍ത്തതും ഫലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമാണ് കാസയെ പ്രധാനമായും ചൊടിപ്പിക്കുന്നത്. രോഗാവസ്ഥയിലും ഗസ്സക്ക് വേണ്ടി അദ്ദേഹം സംസാരിച്ചിരുന്നു. അവസാന ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഗസ്സയിലെ വെടിനിര്‍ത്തലിനാണ് ആഹ്വാനം ചെയ്തത്. ഗസ്സയില്‍ ഉടനെ വെടിനിര്‍ത്തണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും താന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നുവെന്നുമായിരുന്നു മരണത്തിന് തൊട്ടുമുമ്പ് ലോകത്തെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ ആവശ്യപ്പെട്ടത്. ഇതെല്ലാം സംഘ്പരിവാര്‍ സംഘടനകളുമായി അഭേദ്യ ബന്ധമുള്ള തീവ്ര ക്രസ്ത്യന്‍ വിഭാഗത്തിന് തിരിച്ചടിയായി.

‘കോപ്പ്. ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയന്‍ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികള്‍ കൊന്നൊടുക്കിയത് അയാള്‍ക്ക് ബാധകമല്ല. ഹമാസിന് വല്ലോം പറ്റിയാല്‍ അയാള്‍ക്ക് നോവുവൊള്ളൂ, പോപ്പ് ഫ്രാന്‍സിസ് യൂറോപ്പ് പൂര്‍ണമായി ഇസ്ലാമിക രാജ്യം ആക്കുന്നത് കാണാന്‍ പറ്റാതെ യാത്ര ആയി, യൂറോപ്പിലേക്ക് ജിഹാദി കുടിയേറ്റം പ്രോത്സാഹനം ചെയ്ത് യൂറോപ്പിനെ നശിപ്പിച്ചു, കസേര ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് ചെഗുവേര ഭക്തന്‍ ആയ സഖാവ് പോപ്പ് പറഞ്ഞിരുന്നു, മാര്‍ കാക്ക പണ്ടേ മരിച്ചത് ആണു ഈസ്റ്റര്‍ വരെ അഭിനയിച്ചത് പക്കാ ഡ്യുപ് സഭക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വിശുദ്ധന്‍ വേണം, നാടകമേ ഉലകം, ക്രിസ്ത്യാനികള്‍ ഒഴികെ എല്ലാവര്‍ക്കും വേണ്ടി രാപകല്‍ അധ്വാനിച്ച മഹാഅനുഭവന്‍. പിതാവേ പോകൂ നീതിമാനായ ദൈവം അങ്ങയോടെ സ്വസമുദായത്തോട് ചെയ്ത തെറ്റുകള്‍ ക്ഷമിച്ചു സ്വര്‍ഗം നല്‍കട്ടെ” എന്നിങ്ങനെ വര്‍ഗീയത വമിക്കുന്ന കുറിപ്പുകളാണ് കാസയുടെ ഫേസ്ബുക്ക് പേജിലുള്ളത്.

 

 

Latest