Editorial
കടലില്‍ പൊലിയുന്ന മനുഷ്യ ജീവനുകള്‍
അനേകം മനുഷ്യ ജീവനുകള്‍ പൊലിയുന്നുണ്ട് കടലില്‍ ഓരോ വര്‍ഷവും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 327 പേരുടെ ജീവനാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കടലില്‍ പൊലിഞ്ഞത്. 2011 ഏപ്രില്‍ മുതല്‍ 2024 ജൂലൈ വരെയുള്ള 13 വര്‍ഷത്തിനിടെ കേരളീയരായ 775 മത്സ്യത്തൊഴിലാളികള്‍ കടലില്‍ മരണപ്പെട്ടു.
പന്ത്രണ്ട് വര്‍ഷം മുമ്പ് 2012 ഫെബ്രുവരിയിലാണ് നീണ്ടകര ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ജലസ്റ്റിന്‍, അജീഷ് എന്നീ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ചത്. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റാണ് ഈ ദാരുണ മരണമെന്നതിനാല്‍ സംഭവം ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വന്‍വിവാദമാകുകയും ചെയ്തു. എന്നാല്‍ അധികമാരും അറിയാതെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ അനേകം മനുഷ്യ ജീവനുകള്‍ പൊലിയുന്നുണ്ട് കടലില്‍ ഓരോ വര്‍ഷവും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 327 പേരുടെ ജീവനാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കടലില്‍ പൊലിഞ്ഞത്. 2011 ഏപ്രില്‍ മുതല്‍ 2024 ജൂലൈ വരെയുള്ള 13 വര്‍ഷത്തിനിടെ കേരളീയരായ 775 മത്സ്യത്തൊഴിലാളികള്‍ കടലില്‍ മരണപ്പെട്ടതായി വിവരാവകാശ നിയമപ്രകാരം അധികൃതരില്‍ നിന്ന് പുറത്തുവന്ന മറുപടിയില്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ സംഭവിച്ച അപടകങ്ങളില്‍പ്പെട്ട് 113 പേരെ കാണാതാകുകയും ചെയ്തു. ഓഖി ദുരന്ത ഘട്ടത്തില്‍ അപകടത്തില്‍പ്പെട്ട 143 മത്സ്യത്തൊഴിലാളികളില്‍ 52 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്.
കാറ്റിലും കോളിലും വള്ളങ്ങള്‍ മറിഞ്ഞും കപ്പലുകള്‍ ബോട്ടുകളിലിടിച്ചും മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ കടലില്‍ വീണും തിരയില്‍ അകപ്പെട്ടും മറ്റുമാണ് മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വിഴിഞ്ഞത്ത് മീന്‍പിടിത്തം കഴിഞ്ഞു മടങ്ങവേ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിനു സമീപത്തെ സതിയെന്ന മത്സ്യത്തൊഴിലാളി മരിച്ചത്. വര്‍ക്കല ആലിയിറക്കം ബീച്ചില്‍ കുളിക്കാനിറങ്ങിയ അടൂര്‍ നെടുമണ്‍ സ്വദേശി ശ്രീജിത്ത് എന്ന യുവാവ് തിരയില്‍ അകപ്പെട്ട് മരിച്ചത് പത്ത് ദിവസം മുമ്പാണ്. മെയ് മാസത്തില്‍ എറണാകുളം പുതുവൈപ്പ് ബീച്ചില്‍ അവധിദിനം ആഘോഷിക്കാനെത്തിയ യുവാക്കളുടെ സംഘം കടലില്‍ കുളിക്കാനിറങ്ങുകയും തിരയില്‍ അകപ്പെട്ട് മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
കപ്പലുകളുടെ തെറ്റായ സഞ്ചാരവും തീരക്കടലിലെ കപ്പല്‍പ്പാതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതും രാത്രിയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ വിളക്ക് തെളിയിക്കണമെന്ന നിയമം പാലിക്കാത്തതുമാണ് കപ്പലും മത്സ്യബന്ധന ബോട്ടുകളും തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണം. മത്സ്യബന്ധന ബോട്ടുകള്‍ പലപ്പോഴും കപ്പലുകളുമായി നേര്‍ക്കു നേരെ വരാറുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് മിക്കപ്പോഴും അപകടങ്ങള്‍ സംഭവിക്കാതെ ബോട്ടുകളും തൊഴിലാളികളും രക്ഷപ്പെടുന്നത്. ബോട്ടുകളുടെ സുരക്ഷക്ക് പ്രധാന ഘടകമാണ് വിളക്കുകള്‍. രാത്രിയില്‍ ബോട്ടുകളുടെ വരവ് കണ്ട് കപ്പലുകള്‍ വഴിതിരിച്ചുവിടണമെങ്കില്‍ ബോട്ടുകളില്‍ വിളക്ക് തെളിയിക്കണം. ഈ നിയമം പലപ്പോഴും ലംഘിക്കപ്പെടുകയാണ്.
വിദേശ കപ്പലുകളുടെ അതിര്‍ത്തി ലംഘിച്ചുള്ള സഞ്ചാരം പതിവു സംഭവമാണ്. തീരത്ത് നിന്ന് 12 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വരെയാണ് അംഗീകൃത കപ്പല്‍ ചാനല്‍. ഇത് ലംഘിച്ച് 12 നോട്ടിക്കല്‍ മൈലിന് ഇപ്പുറത്തേക്കും കപ്പലുകള്‍ കടന്നു കയറുന്നു പലപ്പോഴും. ഇക്കാര്യത്തെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതാധികാരി യോഗത്തില്‍ കപ്പലുകളുടെ ചാനല്‍ തെറ്റിയുള്ള സഞ്ചാരമുള്‍പ്പെടെയുള്ള ചട്ടലംഘനം നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും കടലില്‍ നിരീക്ഷണം നടത്തുമെന്ന് തീരസംരക്ഷണ സേനയും നാവിക സേനയും ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതേറെ നാള്‍ നീണ്ടു നിന്നില്ല. ഇന്ത്യന്‍ തീരത്ത് കപ്പലുകള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ നടപടി കര്‍ശനമാക്കേണ്ടതുണ്ട്.
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും അത് ധരിക്കാന്‍ മടി കാണിക്കുകയാണ്. നന്നായി നീന്തലറിയുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കടലില്‍ വീണാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും നീന്തി രക്ഷപ്പെടാമെന്നുമുള്ള ആത്മവിശ്വാസമാണ് പലരെയും ലൈഫ് ജാക്കറ്റ് ധരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഉള്‍ക്കടലില്‍ പലപ്പോഴും അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. പുറമെ തിരമാലകള്‍ അത്ര രൂക്ഷമായിരിക്കില്ലെങ്കിലും ഇടക്ക് ആര്‍ത്തട്ടഹസിച്ചു വരും വന്‍തിരമാലകള്‍. അകപ്പെടുന്നവരെ നോട്ടിക്കല്‍ മൈലുകള്‍ ദൂരത്തേക്കായിരിക്കും തിരകള്‍ കൊണ്ടുപോയി തള്ളുന്നത്. അപകടം നടന്ന സ്ഥലത്ത് തിരഞ്ഞാല്‍ അവരെ കണ്ടെത്തണമെന്നില്ല. ശക്തമായ ബോധവത്കരണത്തിലൂടെ ജാക്കറ്റ് ധരിക്കാന്‍ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുകയും അതൊരു ഒഴിച്ചു കൂടാനാകാത്ത ശീലമാക്കി മാറ്റുകയും ചെയ്യുന്നത് അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ വലിയ അളവില്‍ സഹായിക്കും.
കടല്‍ കാണാനും കടല്‍ തീരത്ത് കാറ്റ് കൊള്ളാനുമെത്തുന്നവര്‍ കടലില്‍ കുളിക്കാനിറങ്ങുന്നതും കാല്‍ നനക്കാനും മറ്റും കടലിലേക്ക് ഇറങ്ങുന്നതുമാണ് മുങ്ങി മരണങ്ങള്‍ക്ക് മറ്റൊരു കാരണം. അപകട സാധ്യതയുള്ളതാണ് സംസ്ഥാനത്തെ പല കടല്‍ത്തീരങ്ങളും. കൊല്ലം ബീച്ചില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എഴുപതിലേറെ പേരാണ് മുങ്ങി മരിച്ചത്. അപകടത്തില്‍പ്പെട്ട നൂറിലധികം പേരെ ലൈഫ് ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കൊല്ലം തീരത്ത് കപ്പല്‍ ചാനലിനു സമീപത്തെ തീരത്തോട് ചേര്‍ന്ന് നാല് മുതല്‍ 16 വരെ മീറ്റര്‍ ആഴത്തിലുള്ള കുഴികളുണ്ട് കടലില്‍. ഈ ഭാഗത്ത് കടലില്‍ ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും അധികൃതര്‍ വടംകെട്ടി തിരിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് പലരും ഇറങ്ങുകയും കുഴികളില്‍ അകപ്പെട്ട് മുങ്ങി മരിക്കുകയും ചെയ്യുന്നു. അപകട സാധ്യതയുള്ള തീരങ്ങളില്‍ ആവശ്യത്തിന് ലൈഫ് ഗാര്‍ഡുമാരില്ലെന്ന പരാതി വ്യാപകമാണ്.